ബീഹാറില്‍ അഞ്ച് സീറ്റ്, യു.പിയില്‍ ഒന്നും, രാംവിലാസ് പാസ്വാന് രാജ്യസഭാ ടിക്കറ്റും ; 2019 ല്‍ എല്‍.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി
national news
ബീഹാറില്‍ അഞ്ച് സീറ്റ്, യു.പിയില്‍ ഒന്നും, രാംവിലാസ് പാസ്വാന് രാജ്യസഭാ ടിക്കറ്റും ; 2019 ല്‍ എല്‍.ജെ.പിയെ ഒപ്പം നിര്‍ത്താന്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 12:12 pm

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനായി ബീഹാറില്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

ബീഹാറിലെ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് അഞ്ച് ലോക്‌സഭാ സീറ്റ് നല്‍കാനാണ് ബി.ജെ.പിയില്‍ ധാരണയായിട്ടുള്ളത്. യു.പിയിലോ ജാര്‍ഖണ്ഡിലോ ഒരു സീറ്റും ഒപ്പം രാം വിലാസ് പാസ്വാന് ലോക്‌സഭാ ടിക്കറ്റും നല്‍കാനാണ് ബി.ജെ.പിയുടെ തീരുമാനം

ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി എന്‍.ഡി.എ വിട്ടതോടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമാണ് ബിഹാറില്‍ ബി.ജെ.പിക്കൊപ്പമുള്ളത്.

ആര്‍.എല്‍.എസ് പി മത്സരിച്ച മൂന്ന് സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് വേണമെന്ന ആവശ്യം പാസ്വാന്‍ ഉന്നയിച്ചിരുന്നു. സീറ്റ് ധാരണയാവാത്തതിലുള്ള അതൃപ്തി പാസ്വാന്റെ മകന്‍ ചിരാഗ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.


നവ ബ്രാഹ്മണ്യത്തിന്റെ അവതാരങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദളിതര്‍ പുറന്തള്ളപ്പെടും; വനിതാ മതിലിനൊപ്പം നില്‍ക്കണമെന്നും കെ.കെ കൊച്ച്


ആകെയുള്ള 40 ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പിയും ജെ.ഡി.യുവും തുല്യം സീറ്റുകളില്‍ മത്സരിക്കുമെന്ന് അമിത് ഷാ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ആറ് സീറ്റ് എല്‍.ജെ.പിക്ക് നല്‍കുന്നതോടെ 17 സീറ്റുകളില്‍ വീതം ബി.ജെ.പിയും ജെ.ഡി.യുവും മത്സരിക്കും. ഇന്നത്തെ അമിത് ഷാ – നിതീഷ് കുമാര്‍ ചര്‍ച്ചക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ തവണ ബി.ജെ.പിയുടെ 21 സീറ്റുള്‍പ്പെടെ 34 സീറ്റുകളാണ് ബിഹാറില്‍ നിന്ന് എന്‍.ഡി.എക്ക് ലഭിച്ചത്.

കേന്ദ്രമന്ത്രിയായ രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ഇന്നലെ ബി.ജെ.പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിന്റെ കാര്യത്തില്‍ ധാരണയായത്.

സീറ്റുതര്‍ക്കവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ലോക്ജനശക്തി പാര്‍ട്ടിയും തമ്മില്‍ ഭിന്നതയുണ്ടെന്ന് ചിരാഗ് തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുമായി സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ബി.ജെ.പിയില്‍ നില്‍ക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നോട്ട് നിരോധനം രാജ്യത്തിന് എന്ത് ഗുണമാണ് ഉണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചിരാഗ് പസ്വാന്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയക്കുകയും ചെയ്തിരുന്നു.