തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി ബി.ജെ.പി. മഞ്ചേശ്വരത്ത് നേരിയ വോട്ടുകള്‍ക്ക് മുന്നേറിയതൊഴിച്ചാല്‍ ബാക്കി നാലിടത്തും ബി.ജെ.പിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ബി.ജെ.പി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന ബി.ജെ.പിയാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കാനിരുന്നെങ്കിലും പിന്നീട് എസ്.സുരേഷിനെ ഇറക്കിയ ബി.ജെ.പിയ്ക്ക് നിരാശയാണുണ്ടായത്. 27453 വോട്ടുകളാണ് എസ്.സുരേഷിന് നേടാനായത്. 2019ല്‍ 42877 വോട്ടുകളും 2016ല്‍ 43700 വോട്ടുകളും കുമ്മനം രാജശേഖരന് ഈ മണ്ഡലങ്ങളില്‍ നേടാനായിരുന്നു.
എറണാകുളത്ത് യു.ഡി.എഫിന് 37871 വോട്ടും എല്‍.ഡി.എഫിന് 34141 വോട്ടും നേടാനായപ്പോള്‍ ബി.ജെ.പി നേടിയത് 13351 വോട്ടുകള്‍ മാത്രമാണ്. അരൂരിലെ അവസ്ഥ ഇതിലും മോശമാണ്. അരൂരില്‍ യു.ഡി.എഫ് 69356 വോട്ടും എല്‍.ഡി.എഫ് 67277 വോട്ടും നേടിയപ്പോള്‍ ബി.ജെ.പിക്ക് 16289 വോട്ടുകളെ നേടാന്‍ ആയുള്ളൂ.
വട്ടിയൂര്‍ക്കാവില്‍ 2014ല്‍ വിജയത്തിലെത്തിയ ബി.ജെ.പിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വലിയ തോല്‍വി ഉണ്ടായിരിക്കുന്നത്. കോന്നിയില്‍ കെ.സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുമേല്‍ ബി.ജെ.പിക്കുണ്ടായിരുന്ന പ്രതീക്ഷയും തകര്‍ന്നടിഞ്ഞു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്കാണ് കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതിനാല്‍ ഇക്കുറിയും കെ.സുരേന്ദ്രനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. 2019ല്‍ കെ.സുരേന്ദ്രനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും തമ്മില്‍ 440 വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇക്കുറി എല്‍.ഡി.എഫിന്റെ അടുത്തെത്താന്‍ പോലും ബി.ജെ.പിക്കായില്ല.
സഭാ തര്‍ക്കത്തില്‍ എല്‍.ഡി.എഫുമായും യു.ഡി.എഫുമായും പിണങ്ങി നില്‍ക്കുന്ന ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കെ.സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും ആ പിന്തുണയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. 2019ല്‍ 46506 വോട്ടുകള്‍ നേടിയ ബി.ജെ.പി ഇക്കുറി നേടിയത് 39786 വോട്ടുകളാണ്.
2016 ലും 2019 ലും നേടിയ വോട്ടുകളേക്കാള്‍ വലിയ കുറവാണ് അരൂരില്‍ ബി.ജെ.പിക്കുണ്ടായിരിക്കുന്നത്. 16289 വോട്ടുകളാണ് ഇക്കുറി ബി.ജെ.പി നേടിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവാണ് ഇവിടെ നിന്നും ബി.ജെ.പിക്കു വേണ്ടി മത്സരിച്ചത്.
മഞ്ചേശ്വരത്തെ നേരിയ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താനായതാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ഏക ആശ്വാസം. 2019ല്‍ രവീശ തന്ത്രി കുണ്ടാര്‍ 57104 വോട്ടുകള്‍ നേടി. ഇത്തവണ അത് 57484 ആയി എന്ന ചെറിയ വ്യത്യാസം മാത്രം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വവും എന്‍.എസ്.എസ് കൂറുമാറിയതും ബി.ജെ.പിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തലുകള്‍. അതേ സമയം വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് ലഭിച്ച ജനസമ്മതിയും പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കി.
ദേശീയ തലത്തില്‍ വിജയം നേടുമ്പോഴും കേരളത്തില്‍ ബി.ജെ.പിയുടെ അവസ്ഥ തൃപ്തികരമല്ല.