തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി ബി.ജെ.പി. മഞ്ചേശ്വരത്ത് നേരിയ വോട്ടുകള്‍ക്ക് മുന്നേറിയതൊഴിച്ചാല്‍ ബാക്കി നാലിടത്തും ബി.ജെ.പിക്ക് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
ബി.ജെ.പി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നിന്ന ബി.ജെ.പിയാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സഭാ തര്‍ക്കത്തില്‍ എല്‍.ഡി.എഫുമായും യു.ഡി.എഫുമായും പിണങ്ങി നില്‍ക്കുന്ന ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദം കെ.സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും ആ പിന്തുണയൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. 2019ല്‍ 46506 വോട്ടുകള്‍ നേടിയ ബി.ജെ.പി ഇക്കുറി നേടിയത് 39786 വോട്ടുകളാണ്.
2016 ലും 2019 ലും നേടിയ വോട്ടുകളേക്കാള്‍ വലിയ കുറവാണ് അരൂരില്‍ ബി.ജെ.പിക്കുണ്ടായിരിക്കുന്നത്. 16289 വോട്ടുകളാണ് ഇക്കുറി ബി.ജെ.പി നേടിയത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവാണ് ഇവിടെ നിന്നും ബി.ജെ.പിക്കു വേണ്ടി മത്സരിച്ചത്.
മഞ്ചേശ്വരത്തെ നേരിയ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താനായതാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ഏക ആശ്വാസം. 2019ല്‍ രവീശ തന്ത്രി കുണ്ടാര്‍ 57104 വോട്ടുകള്‍ നേടി. ഇത്തവണ അത് 57484 ആയി എന്ന ചെറിയ വ്യത്യാസം മാത്രം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വവും എന്‍.എസ്.എസ് കൂറുമാറിയതും ബി.ജെ.പിക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തലുകള്‍. അതേ സമയം വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തിന് ലഭിച്ച ജനസമ്മതിയും പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കി.
ദേശീയ തലത്തില്‍ വിജയം നേടുമ്പോഴും കേരളത്തില്‍ ബി.ജെ.പിയുടെ അവസ്ഥ തൃപ്തികരമല്ല.