ഹരിപ്പാട്: ആലപ്പുഴയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം മുതല്‍ കസ്റ്റഡിയിലായിരുന്നവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, ഹര്‍ഷാദ്, അലി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തിയിരുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും അറസ്റ്റിലാവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി എ.ഡി.ജി.പി വിജയ് സാഖറയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രഖ്യാപിച്ച നിരോധാനാജ്ഞ ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമം 144 പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്.
അതേസമയം, രണ്ടു ദിവസങ്ങളിലായി ആലപ്പുഴ ജില്ലയിലെ 260 വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി. ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിലേക്ക് അറസ്റ്റ് നീളാനാണ് സാധ്യത.
കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെതിരെ ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയിരുന്നു. പൊലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചത്.
കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയില്‍ വെക്കുകയും ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും ചെയ്യുന്നുണ്ടെന്നും ഇരുവിഭാഗവും പറഞ്ഞു.
രണ്ടു കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് മന്ത്രിമാരായ സജി ചെറിയാനും പി. പ്രസാദും യോഗത്തിന് ശേഷം പറഞ്ഞിരുന്നത്.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം, എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാന്റെ കൊലപാതകത്തില്‍ ഇനി എട്ട് പേരെയാണ് പിടികൂടാനുള്ളത്.
ഇതുവരെ കസ്റ്റഡിയിലായവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്താനെത്തിയ സംഘത്തിന് വാഹനം നല്‍കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായ രണ്ടുപേര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആലപ്പുഴയില്‍ ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.