എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ബദലായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത്? അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ
national news
എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ബദലായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത്? അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th August 2020, 3:33 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്നോട്ട് വലിക്കുന്ന അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. നരേന്ദ്ര മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിലെ അഞ്ച് പ്രതിസന്ധികളാണ് ഗുഹ എന്‍.ഡി.ടിവിയില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

പതിനാറ് വര്‍ഷമായി പൊതുജീവിതം നയിക്കുന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിക്ക് ബദലായി അവതരിപ്പിക്കാന്‍ അനുയോജ്യമല്ലാത്ത അഞ്ച് സ്വഭാവവിശേഷങ്ങളെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തല്‍ എടുത്തുകാണിക്കുമെന്ന് ഗുഹ പറയുന്നു.

ഒന്നാമതായി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ തെരഞ്ഞെടുത്ത തെറ്റായ മുദ്രാവാക്യങ്ങളും പ്രമേയങ്ങളും രാഹുലിന് രാഷ്ട്രീയ ജ്ഞാനമില്ലെന്ന് വ്യക്തമാക്കുന്നതായി ഗുഹ ചൂണ്ടിക്കാട്ടുന്നു. രണ്ടാമതായി, അദ്ദേഹം പൊതുവെ നിസ്സംഗനായ പ്രഭാഷകനാണ്, പ്രത്യേകിച്ചും ഇന്ത്യയിലെ ഏറ്റവും വ്യാപകമായി മനസ്സിലാക്കുന്ന ഭാഷയായ ഹിന്ദിയില്‍ ഗുഹ പറയുന്നു.

മൂന്നാമത്, അദ്ദേഹത്തിന് ഭരണപരമായ അനുഭവം ഇല്ല, ഒരിക്കലും ഒരു തരത്തിലുള്ള കണിശമായ ഒരു ജോലിയും ചെയ്തിട്ടില്ല (രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പോ അതിനുശേഷമോ). നാലാമതായി, അദ്ദേഹത്തിന് പ്രാപ്തിയും നിര്‍ബന്ധബുദ്ധിയുമില്ല, ഒരുസമയത്ത് ആഴ്ചകളോളം പൊതുവേദിയില്‍ നിന്ന് രാഹുല്‍ പതിവായി അപ്രത്യക്ഷമായിരുന്നെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.

നിങ്ങള്‍ ആരുടെ മകനാണ് പേരക്കുട്ടിയാണ് എന്ന് ചോദിക്കുന്നതിന് പകരം അവരുടെ നേതാക്കളോട് അവര്‍ എന്താണ് ചെയ്തതെന്ന് ചോദിക്കുന്ന 21-ാം നൂറ്റാണ്ടിലെ വോട്ടര്‍മാരുടെ മുന്നിലേക്കാണ് രാജകീയ പരിവേഷത്തിലൂടെ രാഹുല്‍ കടന്നുപോകുന്നത് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടുന്ന അഞ്ചാമത്തെ കാരണമിതാണ്.

ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന് തവണ എം.പിയായിരുന്നിട്ടും ഹിന്ദിയില്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ കഴിയാത്തതും രാഹുല്‍ ഗാന്ധിയെ മോശമായി ബാധിച്ചിട്ടുണ്ടെന്നും ഗുഹ വിലയിരുത്തുന്നു.

2014, 2019 ലെ പൊതുതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കുന്നതിനിടയില്‍ അദ്ദേഹം മോശമായി പ്രവര്‍ത്തിച്ചതിന്റെ ഒരു കാരണം ഇന്ത്യക്കാര്‍ക്കിടയില്‍ ബഹുഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ കൃത്യമായി ഉപയോഗിക്കാന്‍ കഴിയത്തതാണെന്നും ഗുഹ പറയുന്നു.

മോദി ഭാഷയില്‍ കൃത്യമായി ആധിപത്യം സ്ഥാപിച്ചപ്പോള്‍ രാഹുലിന് അവിടെ ഇടര്‍ച്ച സംഭവിച്ചെന്നും ഗുഹ പറയുന്നു.

2024 ല്‍ മോദിയേയും പാര്‍ട്ടിയേയും താഴേയിറക്കണമെങ്കില്‍ ആദ്യം കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കണ്ടെത്തണമെന്ന് ഗുഹ പറഞ്ഞിരുന്നു.

ഒരിക്കല്‍ കൂടി വിശ്വസനീയമായ അഖിലേന്ത്യാ പാര്‍ട്ടിയാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം കോണ്‍ഗ്രസിനെ നയിക്കാന്‍ നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരല്ലാതെ തെരഞ്ഞടുക്കണമെന്നും രണ്ടാമത് ഒരിക്കല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നേതാക്കള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി ഒരു ഘര്‍ വാപസി സംഘടിപ്പിക്കണമെന്നും ഗുഹ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: 5 Reasons Why Rahul Gandhi Cannot Take On Modi For PM – by Ramachandra Guha