ആരെ കൈവിട്ടാലും ഇവര്‍ ടീമില്‍ വേണം; അടുത്ത സീസണില്‍ രാജസ്ഥാന്‍ ഉറപ്പായും നിലനിര്‍ത്തേണ്ട അഞ്ച് താരങ്ങള്‍
IPL
ആരെ കൈവിട്ടാലും ഇവര്‍ ടീമില്‍ വേണം; അടുത്ത സീസണില്‍ രാജസ്ഥാന്‍ ഉറപ്പായും നിലനിര്‍ത്തേണ്ട അഞ്ച് താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th May 2024, 11:19 pm

രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സിനോട് തോറ്റ് പുറത്തായാണ് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീടമെന്ന മോഹം ഒരിക്കല്‍ക്കൂടി അടുത്ത സീസണിലേക്ക് ബാക്കിവെച്ചത്.

ഏറെ നാള്‍ പോയിന്റ് ടേബിളിന്റെ തലപ്പത്ത് ഇരിപ്പുറപ്പിച്ച രാജസ്ഥാന് സീസണിന്റെ രണ്ടാം പകുതിയില്‍ കാലിടറുകയായിരുന്നു. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണതും, ഒന്നാം ക്വാളിഫയറിന് പകരം എലിമിനേറ്റര്‍ കളിക്കേണ്ടി വന്നതുമെല്ലാം ഒരു ആര്‍.ആര്‍ ആരാധകനും മറക്കാന്‍ സാധിക്കില്ല.

മികച്ച സ്‌ക്വാഡ് തന്നെയാണ് രാജസ്ഥാനുണ്ടായിരുന്നത്. അല്ലാത്ത പക്ഷം ഏറെ നാള്‍ പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇരിപ്പുറപ്പിക്കാന്‍ ഹല്ലാ ബോല്‍ ആര്‍മിക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ തോല്‍വികള്‍ക്ക് പിന്നാലെ പരീക്ഷണങ്ങള്‍ നടത്തി കാര്യങ്ങള്‍ ഓവര്‍ കോംപ്ലിക്കേറ്റഡാക്കിയതാണ് ടീമിന് തിരിച്ചടിയായത്.

അടുത്ത സീസണിന് മുമ്പ് മെഗാ താരലേലത്തിനാണ് കളമൊരുങ്ങുന്നത്. ഈ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ നിലനിര്‍ത്തേണ്ടതും സ്‌ക്വാഡില്‍ ഉറപ്പായും തിരിച്ചെത്തിക്കേണ്ടതുമായ താരങ്ങളുണ്ട്. അവരില്‍ ടീം നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ പരിശോധിക്കാം.

1. സഞ്ജു സാംസണ്‍

രാജസ്ഥാനെ ഏറ്റവുമധികം മത്സരത്തില്‍ നയിച്ചതും ഏറ്റവുമധികം മത്സരങ്ങളില്‍ വിജയിപ്പിച്ചതുമായ നായകനെ രാജസ്ഥാന്‍ റോയല്‍സ് ഒരിക്കലും കൈവിട്ടുകളയാനിടയില്ല.

തന്റെ ഐ.പി.എല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് താരം സീസണില്‍ പുറത്തെടുത്തത്. 2013 മുതലുള്ള തന്റെ ഐ.പി.എല്‍ കരിയറില്‍ ഇതാദ്യമായി സഞ്ജു സാംസണ്‍ 500+ റണ്‍സ് നേടിയതും ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയതും ഈ സീസണില്‍ തന്നെയാണ്.

15 ഇന്നിങ്‌സില്‍ നിന്നും 48.27 ശരാശരിയിലും 153.46 സ്‌ട്രൈക്ക് റേറ്റിലും 531 റണ്‍സാണ് താരം നേടിയത്.

2 & 3. ജോസ് ബട്‌ലര്‍ – യശസ്വി ജെയ്‌സ്വാള്‍

ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ജോസ്-സ്വാള്‍ കോംബോയുടേത്. 2022ല്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതില്‍ ഈ കൂട്ടുകെട്ട് വഹിച്ച പങ്ക് ചെറുതല്ല.

വരുന്ന താര ലേലത്തില്‍ രാജസ്ഥാന്‍ ഇരുവരെയും മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ തന്നെയാകും രാജസ്ഥാന്‍ ശ്രമിക്കുക. സവായ് മാന്‍സിങ് സ്റ്റേഡിയത്തിന്റെ കോട്ട കാക്കാന്‍ ഈ ഇടംകൈ-വലംകൈ കോംബോ ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

സീസണില്‍ 31.07 ശരാശരയില്‍ 435 റണ്‍സാണ് ജെയ്‌സ്വാളിന്റെ സമ്പാദ്യം. കളിച്ച 11 മത്സരത്തില്‍ നിന്നും 359 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്. 39.89 ആണ് ശരാശരി.

4. റിയാന്‍ പരാഗ്

രാജസ്ഥാന്‍ വളര്‍ത്തിയെടുത്ത താരമാണ് റിയാന്‍ പരാഗ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് താരം ഈ സീസണില്‍ കടന്നുപോയത്. ഐ.പി.എല്‍ 2024ല്‍ രാജസ്ഥാന് വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്ററാണ് പരാഗ്. 14 ഇന്നിങ്‌സില്‍ നിന്നും 573 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ അണ്‍ ക്യാപ്ഡ് താരവും ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് അണ്‍ ക്യാപ്ഡ് താരമെന്ന നേട്ടവും ഈ പരാഗ് സ്വന്തമാക്കി. ഇതിന് പുറമെ നാലാം നമ്പറിലിറങ്ങി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച താരമെന്ന റെക്കോഡും പരാഗ് സ്വന്തം പേരിലാക്കിയിരുന്നു. രോഹിത് ശര്‍മയെയും റിഷബ് പന്തിനെയും മറികടന്നാണ് പരാഗ് റെക്കോഡിട്ടത്.

കരിയറിന്റെ ഏറ്റവും മോശം സമയത്ത് പോലും പരാഗിന്റെ പൊട്ടന്‍ഷ്യലില്‍ വിശ്വാസമര്‍പ്പിച്ച പിങ്ക് ആര്‍മി, ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന അസം റൈനോയെ കൈവിടാതെ ചേര്‍ത്ത് പിടിക്കുമെന്നുറപ്പാണ്.

5. സന്ദീപ് ശര്‍മ

രാജസ്ഥാന്റെ റിട്ടെന്‍ഷന്‍ ലിസ്റ്റില്‍ ഉറപ്പായും ആദ്യ തന്നെ സ്ഥാനം പിടിക്കേണ്ട പേരുകളിലൊന്ന് സന്ദീപ് ശര്‍മയുടേത് തന്നെയാണ്. സീസണില്‍ രാജസ്ഥാന്റെ ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനല്ലെങ്കിലും റോയല്‍സിന്റെ ബൗളിങ് ബൗളിങ് നിരയിലെ ചാലകശക്തികളിലൊന്ന് സന്ദീപ് ശര്‍മയായിരുന്നു. ഡെത്ത് ഓവറുകളില്‍ ടീമിന്റെ വിശ്വസ്തനായ സന്ദീപ് ക്യാപ്റ്റന്റെ വിശ്വാസം തെറ്റാതെ പന്തെറിഞ്ഞുകൊണ്ടിരുന്നു.

ബുംറക്ക് സമാനമായ എക്കോണമിയുമായാണ് സന്ദീപ് സീസണ്‍ അവസാനിപ്പിച്ചത്.

മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും റണ്‍സ് വഴങ്ങാതെ പന്തെറിഞ്ഞും വിക്കറ്റ് വീഴ്ത്തിയും ടീമിന്റെ കുതിപ്പിന് താങ്ങാവുന്ന സന്ദീപ് ശര്‍മക്ക് തന്നെയാകണം റോയല്‍സ് ചഹലിനെക്കാളും അശ്വിനെക്കാളും പ്രാധാന്യം നല്‍കേണ്ടത്.

ഈ അഞ്ച് പേര്‍ക്ക് പുറമെ ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, യൂസി ചഹല്‍, ധ്രുവ് ജുറെല്‍ തുടങ്ങി രാജസ്ഥാന്‍ കൈവിട്ടുകളയാന്‍ താത്പര്യപ്പെടാത്ത നിരവധി താരങ്ങളുണ്ട്. എന്നാല്‍ ടീം മെനയുന്ന തന്ത്രങ്ങള്‍ക്കായി കാത്തിരിക്കുക തന്നെ വേണം.

 

Content Highlight: 5 players Rajasthan Royals must retain in IPL Mega Auction