'കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് വന്നത് അഞ്ച് പകര്‍ച്ച വ്യാധികള്‍', ഇതിനൊരവസാനം വേണം, വിവാദ പരമാര്‍ശവുമായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്
COVID-19
'കഴിഞ്ഞ 20 വര്‍ഷത്തിനിടെ ചൈനയില്‍ നിന്ന് വന്നത് അഞ്ച് പകര്‍ച്ച വ്യാധികള്‍', ഇതിനൊരവസാനം വേണം, വിവാദ പരമാര്‍ശവുമായി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 2:55 pm

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക-ചൈന സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്കന്‍ നേതാക്കളുടെ ചൈനയ്‌ക്കെതിരെയുള്ള ആരോപണം തുടരുന്നു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് ഒ ബ്രെയിന്‍ ആണ് ഇപ്പോള്‍ ചൈനയക്കെതിരെ ആരോപണം നടത്തിയത്.

കൊറോണ വൈറസ് ഉത്ഭവത്തിന് ചൈനയ്ക്കാണ് ഉത്തരവാദിത്വം എന്നും കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ ഉത്ഭവിച്ചതെന്നും ഇതിന് അവസാനം വേണമെന്നുമാണ് യു.എസ് സുരക്ഷാ ഉപദേഷ്ഠാവ് പറയുന്നത്.

‘കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ച വ്യാധികളാണ് ചൈനയില്‍ നിന്നും വന്നത്. സാര്‍സ്, ഏവിയന്‍ ഫ്‌ളു, സ്വിന്‍ ഫ്‌ളു, ഇപ്പോള്‍ കൊവിഡ് 19 നും. ചൈനയില്‍ നിന്നും അഴിച്ചു വിടുന്ന ഈ അപകടകരമായ ആരോഗ്യ സാഹചര്യം എത്രത്തോളം ലോകത്തിന് സഹിക്കാന്‍ പറ്റും,’ റോബര്‍ട്ട് ഒ ബ്രെയിന്‍ പറഞ്ഞു.

അതേ സമയം ഇദ്ദേഹം നാലു പ്ലേഗുകളെ മാത്രമേ പേരെടുത്തു പറഞ്ഞിട്ടുള്ള പരാമര്‍ശിച്ച അഞ്ചാമത്തെ പകര്‍ച്ച വ്യാധിയെ പറ്റി പറഞ്ഞിട്ടില്ല. ഒപ്പം ഈ സാഹചര്യം ഇല്ലാതാക്കണമെന്നും ലോകത്ത് ഇനി ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ചൈനയ്ക്ക് നിലവില്‍ മറ്റു രാജ്യങ്ങളുടെ സഹായം ആവശ്യമാണെന്നും ഇദ്ദേഹം പറഞ്ഞു.

നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോയും കൊവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് ചൈനീസ് ലാബില്‍ നിന്നും പരന്നതാണെന്ന ഇവരുടെ ആരോപണങ്ങളെ ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ വിദഗ്ധരും തള്ളിക്കളയുകയായിരുന്നു.

2020 നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനീസ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രധാന അജണ്ടയായി എടുത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക