| Sunday, 20th October 2013, 12:44 pm

വിദര്‍ഭയില്‍ അഞ്ചു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു: ഈ വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 668

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വിദര്‍ഭ: വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യകള്‍ നിലയ്ക്കുന്നില്ല. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പടിഞ്ഞാറന്‍ വിദര്‍ഭയില്‍ അഞ്ചു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു.

അടുത്തിടെ അവസാനിച്ച ദസ്സറ ആഘോഷങ്ങള്‍ക്കിടയില്‍ ഇതേ മേഖലയില്‍ തന്നെ ജീവനൊടുക്കിയ എട്ടു കര്‍ഷകരെ കൂടാതെയാണിത്. യവത്മാളിലെ പുന്‍വത്ത, ബോറെഗാവോണ്‍, വാര്‍ധയിലെ അമാലാ എന്നീ ഗ്രാമങ്ങളിലാണ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതോടെ ഈ വര്‍ഷം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 668 ആയി. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലുമേറെയാണെന്ന് ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസ് തന്നെ സമ്മതിക്കുന്നു.

വരള്‍ച്ചയും അപ്രതീക്ഷിതമായ കനത്ത മഴയും മൂലമൂണ്ടായ തുടര്‍ച്ചയായ കൃഷി നഷ്ടം ഒട്ടേറെ കര്‍ഷകരെ കടക്കെണിയിലാക്കിയിരുന്നു.

“ഇതിന്റെ പിന്നിലുള്ള സാമൂഹ്യസാമ്പത്തിക കാരണങ്ങളെക്കുറിച്ച് സര്‍ക്കാരിന് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഇപ്പോള്‍ ദുരന്തനിവാരണം മാത്രമാണ് നടക്കുന്നത്. അതു തന്നെ ശരിയായ രീതിയില്‍ നടക്കുന്നില്ല.”

വിദര്‍ഭയിലെ കര്‍ഷകകൂട്ടായ്മയായ ജനആന്ദോളന്‍ സമിതി പ്രവര്‍ത്തകനായ കിഷോര്‍ തിവാരി പറയുന്നു.

“ഒരു തരത്തിലുള്ള ആശ്വാസവും നല്‍കാതെ ദസ്സറ കടന്നു പോയി. ലക്ഷ്യം നേടിയ ആശ്വാസത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍ നിറം മങ്ങിയ ദീപാവലിയാണ് കര്‍ഷകരെ കാത്തിരിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

പ്രതികരണമറിയാനായി പുനരധിവാസകാര്യ മന്ത്രി പതങ്കറാവോ കദാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ 2000 കോടി രൂപയുടെ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ഇനിയും കര്‍ഷകരിലെത്തിയിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച 3750 കോടിയുടെ പ്രത്യേകധനസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു പോലും ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞിട്ടില്ല.

കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ നേരത്തെ പ്രദേശം സന്ദര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more