| Sunday, 5th April 2015, 12:37 pm

പാകിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 5 ഭീകരര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ തിര താഴ്‌വരയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചോളം ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഇ ഇസ്‌ലാം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ക്കപ്പെട്ടതായും പാക് മാധ്യമമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

തിര താഴ്‌വരയില്‍ നിന്നും  തീവ്രവാദികളെ തുരത്തുന്നതിന്റെ ഭാഗമായി സൈന്യം നടത്തി വരുന്ന “ഖൈബര്‍ 2” എന്ന ഓപറേഷന്റെ ഭാഗമായാണ് തീവവാദികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയിരിക്കുന്നത്.

മാര്‍ച്ച് 22ന് ഇവിടെ സൈന്യം നടത്തിയ ഓപറേഷനില്‍ 80ലധികം വരുന്ന തീവ്രവാദികളെ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. മേഖലയില്‍ നിന്നും തീവ്രവാദികളെ പൂര്‍ണമായും തുരത്തുന്നത് വരെ ഓപറേഷന്‍ തുടരുമെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അസീം സലീം ബജ്‌വ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഈയിടെ ലഷ്‌കര്‍ഇ ഇസ്‌ലാം പാക് താലിബാനില്‍ ലയിച്ചിരുന്നു.  സംഘടനയുടെ ശക്തി കേന്ദ്രമാണ് തിര താഴ്‌വര. ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു ഇവര്‍ താലിബാനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

ഇതിനകം ഖൈബര്‍ മേഖലയില്‍ ഏറ്റുമുട്ടലുകളായി തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്ന 419 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ 17 സൈനികരും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് പാക് സൈന്യം തെഹ്‌രീകെ താലിബാനെതിരെ സൈനിക നീക്കം ആരംഭിച്ചത്. ഇതിനകം 1883 തീവ്രവാദികളും 120 സൈനികരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

We use cookies to give you the best possible experience. Learn more