ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ഒക്കാരയില്‍ ആടിനെ ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമാക്കി കൊന്നതായി പരാതി. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികള്‍ അഞ്ച് പേരും ചേര്‍ന്ന് വീടിന് സമീപത്തെ തൊഴിലാളിയുടെ വീട്ടിലെ ആടിനെയാണ് ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം ആടിനെ കൊന്ന് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം കൂടിയ സാഹചര്യത്തിലാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം വര്‍ധിക്കാന്‍ കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ജനരോഷം ആളിക്കത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ സംഭവം.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം വസ്ത്രധാരണമെന്ന് പറയുന്ന പ്രധാനമന്ത്രി ആടിനെയും വസ്ത്രം ധരിപ്പിക്കുമോ എന്ന് നിരവധി പേര്‍ വിമര്‍ശിച്ചു.
സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് കാരണമാണ് രാജ്യത്ത് ബലാത്സംഗ കേസുകളും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നത് എന്ന് ഇമ്രാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ഇതിനു മറുപടിയുമായി ഇമ്രാന്‍ രംഗത്തെത്തിയിരുന്നു.
ബലാത്സംഗത്തിന് ഇരയാകുന്നവരാണ് അതിന്റെ കാരണക്കാര്‍ എന്ന തരത്തിലൊരു പരാമര്‍ശം താന്‍ എവിടെയും നടത്തിയിട്ടില്ല എന്നും അങ്ങനെ ഒരു വിഡ്ഢിത്തം താന്‍ ഒരിക്കലും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനില്‍ വര്‍ധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ അടുത്തിടെയുണ്ടായ പ്രതിഷേധത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 22,000ന് മുകളില്‍ ബലാത്സംഗ കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഓരോ ദിവസവും 11 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.