വയനാട്ടില്‍ ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
Daily News
വയനാട്ടില്‍ ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th December 2017, 8:17 pm

പുല്‍പ്പള്ളി: വയനാട്ടില്‍ ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമായാണ് അഞ്ചംഗ സംഘം പിടിയിലായത്. പുല്‍പ്പള്ളിയില്‍ നിന്നാണ് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്.

പയ്യന്നൂരില്‍ നിന്നു കൊണ്ടുവന്ന നോട്ടുകളാണിതെന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. മാരുതി ആള്‍ട്ടോ കാറില്‍ കുരുമുളക് ചാക്കില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. ബസില്‍ പുല്‍പ്പള്ളിയിലെത്തിച്ച നോട്ടുകള്‍ അവിടെ നിന്നാണ് കാറിലേക്ക് മാറ്റിയ്ത.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഒരുകോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ രണ്ടുപേരും വയനാട് സ്വദേശികളായ മൂന്നു പേരുമാണ് പിടിയിലായത്.

നോട്ടുകള്‍ എവിടേക്ക് കടത്തുകയായിരുന്നെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.