ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് സുരക്ഷാ വീഴ്ച അന്വേഷിക്കുക.
ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍, പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.
സുരക്ഷാ വീഴ്ചയുടെ കാരണം, സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളാര് എന്നീ കാര്യങ്ങള്‍ സമിതി അന്വേഷിക്കും. ഒപ്പം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കും.
സുരക്ഷാ വീഴ്ചയുടമായി ബന്ധപ്പെട്ട മറ്റ് എല്ലാ അന്വേഷണങ്ങളും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ നിര്‍ദേശം നല്‍കിയി. ഒപ്പം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടതായ മറ്റ് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാനും സമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി ഒന്നിനായിരുന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിയെ കര്‍ഷകര്‍ തടഞ്ഞത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ വെച്ചായിരുന്നു കര്‍ഷകര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്.
കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും പതിനഞ്ച് മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയവും എസ്.പി.ജിയും പറഞ്ഞത്. എന്നാല്‍ അവസാന നിമിഷം മാത്രമാണ് പ്രധാനമന്ത്രിയുടെ യാത്ര മാറ്റിയതെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.