| Wednesday, 22nd July 2015, 7:42 am

മരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: വ്യാപം കേസില്‍ നീതി നേടിത്തരികയോ അല്ലെങ്കില്‍ മരിക്കാന്‍ അനുമതി നല്‍കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കത്ത്. വ്യാപം കേസില്‍ ആരോപണവിധേയരായ മധ്യപ്രദേശ് ഗജ്ര രാജ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് കത്തെഴുതിയത്.

ആരോപണ വിധേയരായ തങ്ങള്‍ കേസില്‍ പങ്കില്ലെന്നു തെളിയിച്ചിട്ടും മറ്റ് വിദ്യാര്‍ഥികളും കോളജിലെ അധ്യാപകരും വിവേചനപരമായ സമീപനം തുടരുകയാണെന്നാണ് പ്രണബ് മുഖര്‍ജിക്കയച്ച കത്തില്‍ ഇവര്‍ പറയുന്നത്.

മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടുന്നതിനുള്ള പി.എം.ടി പരീക്ഷ 2010ല്‍ തങ്ങള്‍ പാസായിരുന്നു. എന്നാല്‍ അഡ്മിഷന്‍ കാര്‍ഡിലെയും കോളജ് ഐഡന്റിറ്റി കാര്‍ഡിലെയും ഒപ്പും ഫോട്ടോയും തമ്മില്‍ സാമ്യമില്ലെന്നു കണ്ടെത്തിയതോടെയാണ് വ്യാപം കേസില്‍ ഇവര്‍ക്കും പങ്കുണ്ടെന്നു ആരോപണം ഉയര്‍ന്നത്.

പരീക്ഷാര്‍ത്ഥികള്‍ക്കു പകരം പുറത്തുനിന്നുവന്നവര്‍ പരീക്ഷയെഴുതിയെന്ന് സംശയിക്കുന്ന 95 മറ്റു വിദ്യാര്‍ഥികളുടെ പേരിനൊപ്പമാണ് ഇവരുടെ പേരും വന്നത്. എന്നാല്‍ ഇവര്‍ വിരലടയാള പരിശോധനയിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും പഠനം തുടരാന്‍ ഹൈക്കോടതിയില്‍ നിന്നും അനുമതി വാങ്ങുകയും ചെയ്തിരുന്നു. അവര്‍ക്കെതിരെയുള്ള പോലീസ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

തുടര്‍ന്ന് കോളജ് ഇവരെ പഠിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ കടുത്ത വിവേചനം നേരിടുകയാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

“കോടതി നടപടി നേരിടുന്നവര്‍ ആയിട്ടാണ് ആളുകള്‍ ഞങ്ങളെ കാണുന്നത്. ഞങ്ങളുടെ ഉത്തരക്കടലാസുകള്‍ വരെ വേറെയായാണ് സൂക്ഷിക്കുന്നത്.” വിദ്യാര്‍ഥികളില്‍ ഒരാളായ അമിത് ചന്ദ പറഞ്ഞു.

“ഇതു പീഡനമാണ്… ഞങ്ങള്‍ക്ക് നീതി വേണം അല്ലെങ്കില്‍ മരിക്കാന്‍ അനുമതി നല്‍കണം” അമിത് വ്യക്തമാക്കി. മറ്റു വിദ്യാര്‍ഥികളായ മനിഷ് ഗുപ്ത, വികാസ് ഗുപ്ത, രാഘവേന്ദ്ര ബന്ദൂരിയ, പങ്കജ് ബന്‍സാല്‍ എന്നിവര്‍ക്കും ഇതു തന്നെയാണ് പറയാനുള്ളത്.

എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്നും തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്.

ഏറെ ശ്രദ്ധനേടിയ വ്യാപം അഴിമതിക്കേസില്‍ 2500 പേരാണ് ആരോപണവിധേയരായിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട ആളുകള്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത് പതിവായതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്. ഇതേത്തുടര്‍ന്ന് വ്യാപം അഴിമതി കേസ് ഇപ്പോള്‍ സി.ബി.ഐയ്ക്കു വിട്ടിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more