ഉള്ളുപൊട്ടി കേരളം; ഒരേ തലക്കെട്ടുമായി 5 മലയാള പത്രങ്ങൾ
Kerala News
ഉള്ളുപൊട്ടി കേരളം; ഒരേ തലക്കെട്ടുമായി 5 മലയാള പത്രങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 1:56 pm
സ്വരുക്കൂട്ടി വെച്ച സ്വപ്നങ്ങൾ കൺമുന്നിൽ ഒലിച്ചു പോകുമ്പോൾ, ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട ഒരു നാടിന്റെ ദുരന്തത്തെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വിശേഷിപ്പിക്കും.

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ മലയാളികളുടെ ഉള്ളുലച്ചപ്പോൾ, മലയാളിയുടെ വികാരം നെഞ്ചേറ്റി മാധ്യമങ്ങളും. അപൂർവമായെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പത്രങ്ങൾക്ക് ഒരേ തലക്കെട്ട് വരിക എന്നത്. എന്നാൽ മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയെ വിശേഷിപ്പിക്കാൻ, ഇന്ന് 5 മലയാള പത്രങ്ങൾ ഒരേ തലക്കെട്ടാണ് നൽകിയത്. ദേശാഭിമാനി, ജന്മഭൂമി, മാതൃഭൂമി, മലയാള മനോരമ, ദീപിക എന്നീ പത്രങ്ങളാണ് ‘ഉള്ളുപൊട്ടി’ എന്ന ഒരേ തലക്കെട്ടോടെ പുറത്തിറങ്ങിയത്.

മലയാളിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഈ ദുരന്തത്തെ, ഓർക്കുമ്പോൾ അധികമാളുകൾക്കും ഒരേ വികാരം തന്നെയാകും. നെഞ്ച് തകർന്നും ഉള്ളുലഞ്ഞും വിറങ്ങലിച്ച് നിൽക്കുന്ന മലയാളിയുടെ സാഹചര്യം വിവരിക്കാൻ ഇത്രത്തോളം ആഴമേറിയ വാക്കുണ്ടാകില്ല. ഒരേ സ്വരത്തിൽ ഒരേ പോലെ മാധ്യമങ്ങളും ആ വാക്കുകൾ നെഞ്ചേറ്റി.

ഇതേ തലക്കെട്ടല്ലെങ്കിലും, അതെ തീവ്രതയോടെ തന്നെയുള്ള തലക്കെട്ടുകളുമായാണ് മറ്റ്‌ പത്രങ്ങളും പുറത്തിറങ്ങിയത്. മാധ്യമം ദിനപത്രം ‘മണ്ണേ മടങ്ങുക’ എന്ന തലക്കെട്ട് നൽകിയപ്പോൾ സിറാജ് ‘കരൾ പൊട്ടി’ എന്ന് തലക്കെട്ട് നൽകി. ചന്ദ്രിക ‘ഉള്ളുപൊട്ടൽ’ എന്ന് നൽകിയപ്പോൾ, സുപ്രഭാതത്തിന്റെ തലക്കെട്ട് ‘ഉള്ളുടഞ്ഞ് നാട്’ എന്നായിരുന്നു.

സ്വരുക്കൂട്ടി വെച്ച സ്വപ്നങ്ങൾ കൺമുന്നിൽ ഒലിച്ചു പോകുമ്പോൾ, ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട ഒരു നാടിന്റെ ദുരന്തത്തെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ വിശേഷിപ്പിക്കും.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഇതുവരെ മരിച്ചത് 171 ആളുകളാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 82 പേരെ കാണാതായിട്ടുണ്ട്. കാണാതായവരുടെ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു നാട് മുഴുവനും ഒരു രാത്രി പുലർന്നപ്പോഴേക്കും ഇല്ലാതായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Content Highlight: 5 malayalam news paper with same title: mundakki-chooralmala landslide