2019 ത് അവസാനിച്ചു. മലയാള സിനിമയ്ക്ക് അഭിമാനകരമാകുന്ന നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 192 സിനിമകളാണ് കഴിഞ്ഞ ഒറ്റ വര്‍ഷം തിയേറ്ററില്‍ എത്തിയത്.
ഇതില്‍ ഏറെ പ്രതിക്ഷകളോടെ തിയേറ്ററുകളില്‍ എത്തി നിരാശ നല്‍കിയ ചിത്രങ്ങളും ധാരാളമായിരുന്നു. അത്തരത്തില്‍ 2019 ല്‍ തിയേറ്ററുകളില്‍ നിരാശപ്പെടുത്തിയ 5 സിനിമകളും താരങ്ങളെയും തെരഞ്ഞെടുത്തിരിക്കുകയാണ് ഇവിടെ.
1. കല്‍ക്കി – ടൊവിനോ തോമസ്
2019 ല്‍ ഏറ്റവും നിരാശപ്പെടുത്തിയ ചിത്രമാണ് കല്‍ക്കി. യുവ താരങ്ങളിലെ ശ്രദ്ദേയരായവരില്‍ ഒരാളായ ടൊവിനോ തോമസ് അഭിനയിച്ച ചിത്രമായിരുന്നു ഇത്. ടൊവിനോയ്ക്ക് വേണ്ടി ഒരു പക്കാ ആക്ഷന്‍ ചിത്രമായി ഒരുങ്ങിയ ചിത്രം പക്ഷേ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ നിരാശയായിരുന്നു തന്നത്.
മോശം തിരക്കഥയും മോശം സാങ്കേതികതയുമായിരുന്നു പ്രധാന കാരണം.നിയമവിരുദ്ധമായ പ്രവൃത്തിയായ ഉരുട്ടലിനെ അടക്കം പ്രോത്സാഹിപ്പിക്കുന്ന ടൊവിനോയുടെ പൊലീസ് വേഷം പക്ഷേ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല.
പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്ത ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചത്.
2. അമ്പിളി – സൗബിന്‍ ഷാഹിര്‍
2019 ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സൗബിന്‍ നായകനായ അമ്പിളി. ഗപ്പിക്ക് ശേഷം ജോണ്‍ പോണ്‍ സംവിധാനം ചെയ്യുന്ന ചിത്രം, സൗബിന്‍ വീണ്ടും നായകനാവുന്നു എന്നിവയായിരുന്നു ഈ പ്രതീക്ഷകള്‍ക്ക് കാരണം. ചിത്രത്തിന്റെ റിലീസ് മുമ്പിറങ്ങിയ ഗാനങ്ങളും പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.
എന്നാല്‍ നിരാശയായിരുന്നു ഫലം. തിരക്കഥയിലെ പാകപിഴകളായിരുന്നു അമ്പിളിയുടെയും പ്രശ്‌നം. കഥാപാത്രങ്ങളെ കൃത്യമായി അവതരിപ്പിച്ചതിലും ചില പ്രശ്‌നങ്ങള്‍ നിഴലിച്ചു. കഥയിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിച്ചത് എന്തായിരുന്നു എന്നത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിയില്ല.
നവീന്‍ നസീം , തന്‍വി റാം, ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
3. ഇട്ടിമാണി – മോഹന്‍ലാല്‍
32 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമായിരുന്നു ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ഒരിടവേളക്ക് ശേഷം മലയാളത്തില്‍ ഇരട്ട സംവിധായകര്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ ചിത്രം പ്രതിക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ല എന്നതാണ് സത്യം.
ആദ്യ ചിത്രം തന്നെ മോഹന്‍ലാലിനെ നായകനാക്കി ഗംഭീരതുടക്കമാണ് സംവിധായകരായ ജിബിക്കും ജേജുവിനും ലഭിച്ചിരുന്നത്.ഒരിടവേളക്ക് ശേഷമാണ് മോഹന്‍ലാല്‍ മുഴുനീള കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.
എന്നാല്‍ മോഹന്‍ലാലിനെ പോലെ ഒരു മികച്ച നടനെ കൈയ്യില്‍ കിട്ടിയിട്ടും അത് കൃത്യമായി ഉപയോഗിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞില്ല. 90 കളെ ഓര്‍മ്മിപ്പിക്കുന്ന കഥയും ട്വിസ്റ്റുമാണ് ചിത്രത്തിന് ഉണ്ടായിരുന്നത്.
മലയാള സിനിമയില്‍ കുറച്ച് കാലമായി അന്യം നിന്ന് കൊണ്ടിരിക്കുന്ന ദ്വയാര്‍ത്ഥ കോമഡികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പൂര്‍വ്വാധികം ശക്തിയോടെ സിനിമയില്‍ ഉപയോഗിക്കുന്നുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകരായ ജിബിയും ജോജുവും തന്നെയായിരുന്നു.
ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നിവയ്ക്ക് ശേഷം അനീഫ് അദേനിയുടെ പുതിയ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു മുഖായേല്‍. നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും പ്രധാനവേഷങ്ങളില്‍ എത്തുന്നു എന്നതും പ്രതീക്ഷകള്‍ക്ക് വക നല്‍കി. നിവിന്‍ പോളിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറും മികച്ച പ്രതീക്ഷയാണ് നല്‍കിയത്.
ഒരു പക്കാ ആക്ഷന്‍ സിനിമയായി ഒരുങ്ങിയ ചിത്രത്തില്‍ സംഭാഷണങ്ങളും ബി.ജി.എമ്മിന്റെ അതിപ്രസരവും പ്രശ്‌നമായി തോന്നി. ആക്ഷന്‍ രംഗങ്ങളിലെ നിവിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ചിത്രത്തിലെ സിദ്ധീഖിന്റെ വില്ലന്‍ കഥാപാത്രം മികച്ചതായി തോന്നി.
റിലീസിന് മുമ്പ് തന്നെ മികച്ച നടിക്കുള്ള പുരസ്‌ക്കാരത്തിന് നിമിഷ സജയനെ അര്‍ഹയാക്കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ചോല. സനല്‍കുമാര്‍
ശശിധരന്‍ സംവിധാനം ചെയ്ത ഈ ചിത്രം പക്ഷേ ഏറെ വിമര്‍ശനങ്ങളും ഉയര്‍ത്തി.
കണ്ട് മടുത്ത സ്റ്റോറി ലൈനിലൂടെയാണ് മുഴുനീളവും സിനിമയുടെ സഞ്ചാരം. റേപ്പിനെ കാല്‍പ്പനികമായി അവതരിപ്പിക്കുന്നതും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പെണ്‍കുട്ടികളുമായി ചോല കാണാന്‍ പോകൂ ‘ ആണത്വമില്ലാത്ത ആണ്‍കുട്ടികളെ’ പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ കണ്ടിരിക്കേണ്ട ചിത്രം എന്നിങ്ങനെ ഗുരുതരമായ രീതിയില്‍ അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.