മുംബൈ: മഹാരഷ്ട്രയിലെ ധൂളെ ജില്ലയിലെ റെയിന്‍പാഡയില്‍ അഞ്ചുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോവാന്‍ എത്തിയവരാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചത്.
ഒരു സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ റെയിന്‍പാഡയില്‍ എത്തിയ അഞ്ചുപേരില്‍ ഒരാള്‍, ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ചന്തക്ക് എത്തിയ ആളുകളാണ് ഇവരെ ആക്രമിച്ചത്.
സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളാണ് അക്രമണത്തിന് കാരണം എന്നും പൊലീസ് പറയുന്നുണ്ട്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങള്‍ സജീവമാണെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം.
സംഭവത്തില്‍ 15 പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്ട്‌സാപ്പ് വഴിയാണ് സന്ദേശം പ്രചരിച്ചതെന്നും, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് ആയ രാംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരുടേയും മൃതദേഹം സമീപത്തുള്ള പിമ്പാല്‍നെര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട ആളുകള്‍ ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.