Daily News
മാവോവാദി ആക്രമണം: അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 13, 12:21 pm
Monday, 13th April 2015, 5:51 pm

maoist-01റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദന്റേവാട ജില്ലയില്‍ തിങ്കളാഴ്ചയാണ് ആക്രമണം ഉണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്രോളിങ് നടത്തുന്നതിനിടെ ആയിരുന്നു സ്‌ഫോടനം. ബാസ്റ്റര്‍ റേഞ്ച് ഐ.ജിയാണ് ഇക്കാര്യം അറിയിച്ചത്. ഛത്തീസ്ഗഢില്‍  ശനിയാഴ്ചക്ക് ശേഷം മാവോവാദികള്‍ നടത്തുന്ന നാലാമത്തെ ആക്രമമാണിത്. നേരത്തെ നടത്തിയ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കാന്‍കര്‍ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. സൈനികര്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടി വെയ്പ് ഉണ്ടായത്.

ശനിയാഴ്ച മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സുക്മ ജില്ലയിലായിരുന്നു മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിഡ്‌മെല്‍-പൊളാമ്പള്ളി ഭാഗത്ത് മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുമ്പോഴാണ് ആക്രമണം നടന്നിരുന്നത്.

ഇത് കൂടാതെ കാന്‍കര്‍ ജില്ലയില്‍ 17ഓളം സൈനിക വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.