കപ്പ് നേടിത്തന്ന ക്യാപ്റ്റന് സ്ഥാനമില്ല, എന്നാല്‍ വിരാടിന് സ്ഥാനമുണ്ട്; എല്ലാ കിരീടവുമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍
Sports News
കപ്പ് നേടിത്തന്ന ക്യാപ്റ്റന് സ്ഥാനമില്ല, എന്നാല്‍ വിരാടിന് സ്ഥാനമുണ്ട്; എല്ലാ കിരീടവുമുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 8:31 pm

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കിരീടവരള്‍ച്ചക്കൊടുവിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി 2024 ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 2007ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാകുന്നത്.

ഇതോടെ ഒന്നിലധികം തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയതോടെ ഇതിഹാസ താരം വിരാട് കോഹ്‌ലിയെ തേടി ഒരു ചരിത്ര റെക്കോഡുമെത്തിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ മൂന്ന് കിരീടവും നേടുന്ന താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാണ് വിരാട്.

ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം

വിരാട് കോഹ്‌ലി

2024 ടി-20 ലോകകപ്പിന് പുറമെ 2011 ഏകദിന ലോകകപ്പിലും 2013 ചാമ്പ്യന്‍സ് ട്രോഫിയിലുമാണ് വിരാട് കിരീടം നേടിയ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നത്.

2011 ഏകദിന ലോകകപ്പിലാണ് വിരാട് ആദ്യമായി ഇന്ത്യക്കൊപ്പം വിശ്വകിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റില്‍ 35.25 ശരാശരിയില്‍ 282 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയും താരം നേടിയിരുന്നു.

2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ 58.66 ശരാശരിയില്‍ 176 റണ്‍സ് നേടിയ വിരാട്, ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഇന്ത്യയുടെ ടോപ് സ്‌കോററുമായിരുന്നു.

2024 ടി-20 ലോകകപ്പില്‍ തിളങ്ങാന്‍ വിരാടിന് സാധിച്ചിരുന്നില്ല. സെമി ഫൈനല്‍ വരെ ശരാശരിക്കും താഴെയായിരുന്നു വിരാടിന്റെ പ്രകടനം. എന്നാല്‍ ഫൈനലില്‍ താരത്തിന്റെ കരുത്തിലാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ഫൈനലിന്റെ താരവും വിരാട് തന്നെയായിരുന്നു.

എം.എസ്. ധോണി

2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയതോടെയാണ് എം.എസ്. ധോണി ഈ പട്ടികയില്‍ ഇടം നേടിയത്. ഇതിന് പുറമെ 2007 ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ധോണി ഇന്ത്യക്ക് സമ്മാനിച്ചു. ഈ മൂന്ന് കിരീടവും സ്വന്തമാക്കിയ ഏക നായകന്‍ ധോണിയാണ്.

 

2007 ടി-20 ലോകകപ്പില്‍ ആറ് ഇന്നിങ്‌സില്‍ നിന്നും 154 റണ്‍സ് നേടിയ ധോണി 2011 ലോകകപ്പില്‍ എട്ട് മത്സരത്തില്‍ നിന്നും 241 റണ്‍സും നേടി. ഫൈനലില്‍ 91 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ചായതും ധോണി തന്നെയായിരുന്നു.

ഹര്‍ഭജന്‍ സിങ്

ഇന്ത്യക്കൊപ്പം 2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പും നേടിയ ഭാജി 2002ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യക്കായി സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ അഞ്ച് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റ് നേടിയ ഹര്‍ഭജന്‍, ടി-20 ലോകകപ്പിലെ ഏഴ് മത്സരത്തില്‍ നിന്നും അത്ര തന്നെ വിക്കറ്റും സ്വന്തമാക്കിയിരുന്നു.

2011 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ഒമ്പത് മത്സരം കളിച്ച ടര്‍ബനേറ്റര്‍ 4.48 എക്കോണമിയില്‍ ഒമ്പത് വിക്കറ്റും നേടിയിട്ടുണ്ട്.

വിരേന്ദര്‍ സേവാഗ്

ഹര്‍ഭജനെ പോലെ 2011 ഏകദിന ലോകകപ്പും 2007 ടി-20 ലോകകപ്പും 2002 ചാമ്പ്യന്‍സ് ട്രോഫിയുമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ സേവാഗ് നേടിയത്.

2002 ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു മുള്‍ട്ടാനിലെ സുല്‍ത്താന്‍. 90.33 ശരാശരിയില്‍ 271 റണ്‍സാണ് വീരു അടിച്ചുകൂട്ടിയത്.

2007 ടി-20 ലോകകപ്പില്‍ അഞ്ച് മത്സരത്തില്‍ നിന്നും 28.80 ശരാശരിയില്‍ 133 റണ്‍സ് നേടിയ സേവാഗ് 2011 ലോകകപ്പില്‍ 380 റണ്‍സും നേടി. ബംഗ്ലാദേശിനെതിരെ 140 പന്തില്‍ നേടിയ 175 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

യുവരാജ് സിങ്

ഇന്ത്യയും ശ്രീലങ്കയും സംയുക്ത വിജയികളായ 2002 ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊണ്ടാണ് യുവി തന്റെ കിരീടനേട്ടങ്ങള്‍ ആരംഭിച്ചത്. അന്ന് രണ്ട് മത്സരത്തില്‍ നിന്നും 65 റണ്‍സാണ് യുവതാരമായിരുന്ന യുവരാജ് സ്വന്തമാക്കിയത്.

2007 ടി-20 ലോകകപ്പില്‍ 194.73 സ്‌ട്രൈക്ക് റേറ്റില്‍ 148 റണ്‍സാണ് യുവരാജ് നേടിയത്. ടൂര്‍ണമെന്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറ് സിക്‌സര്‍ പറത്തിയ യുവി, സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 30 പന്തില്‍ 70 റണ്‍സും നേടിയിരുന്നു.

2011 ലോകകപ്പ് അക്ഷരാര്‍ത്ഥത്തില്‍ യുവരാജിന്റേതായിരുന്നു. ഒമ്പത് മത്സരത്തില്‍ നിന്നും 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിന്റെ താരവും.

ഇന്ത്യക്കായി മൂന്ന് ഐ.സി.സി കിരീടം നേടിയിട്ടുണ്ടെങ്കിലും രോഹിത് ശര്‍മക്ക് എല്ലാ വൈറ്റ് ബോള്‍ കിരീടവും നേടാന്‍ സാധിച്ചിട്ടില്ല. 2024 ടി-20 ലോകകപ്പിനൊപ്പം 2007 ടി-20 ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫി കിരീടവുമാണ് താരം സ്വന്തമാക്കിയത്. 2011 ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ അന്നത്തെ യുവതാരത്തിന് സാധിച്ചിരുന്നില്ല.

 

 

Content highlight: 5 Indian players who won all ICC White Ball trophies