ഐ.പി.എല്‍ 2023ലെ സമ്പാദ്യം വെച്ച് ടീമിനെ തന്നെ ഇവര്‍ വിലക്ക് വാങ്ങും; വിരാടിനെക്കാളും മുന്‍പന്തിയില്‍ യുവതാരം
IPL
ഐ.പി.എല്‍ 2023ലെ സമ്പാദ്യം വെച്ച് ടീമിനെ തന്നെ ഇവര്‍ വിലക്ക് വാങ്ങും; വിരാടിനെക്കാളും മുന്‍പന്തിയില്‍ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 11:33 am

ഫ്രാഞ്ചൈസി ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിക്കൊണ്ടായിരുന്നു 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത്. ഇന്ത്യയിലെ എട്ട് സിറ്റികളെ അടിസ്ഥാനമാക്കി എട്ട് ടീമുകള്‍ ബി.സി.സി.ഐയുടെ ഏറ്റവും വിലപ്പെട്ട കിരീടത്തിനായി പോരാടി.

ബോളിവുഡ് സിനിമാ താരങ്ങളും ബിസിനസ് രംഗത്തെ വമ്പന്‍മാരുമായിരുന്നു ഓരോ ടീമിനെയും സ്വന്തമാക്കിയത്. പണം വാരിയെറിഞ്ഞുള്ള കളിയില്‍ അവര്‍ക്കും ലാഭമേറെയായിരുന്നു.

ഇതിന് ശേഷം നിരവധി ഫ്രാഞ്ചൈസി ലീഗുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒരു ലീഗിന് പോലും ഐ.പി.എല്ലിനെ തൊടാന്‍ സാധിച്ചിരുന്നില്ല. ഒരുകാലത്ത് ഐ.പി.എല്ലിനോട് കട്ടക്ക് നില്‍ക്കാന്‍ ബിഗ് ബാഷ് ലീഗ് ഉണ്ടായിരുന്നെങ്കിലും ബി.ബി.എല്ലിന്റെ പ്രസക്തി പതിയെ വിസ്മൃതിയാണ്ടുപോവുകയായിരുന്നു. അതിന് കാരണവും ഐ.പി.എല്‍ തന്നെ.

ലോകമെമ്പാടുമുള്ള മികച്ച കളിക്കാരെ ഐ.പി.എല്‍ തന്നെ സ്വന്തമാക്കാന്‍ ആരംഭിച്ചതോടെ ബി.ബി.എല്ലില്‍ കളിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ വരികയും ലീഗിന്റെ റേറ്റിങ് കുത്തനെ ഇടിയുകയുമായിരന്നു. താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം തന്നെയാണ് ഇതിന് കാരണവും.

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് മിക്ക താരങ്ങള്‍ക്കും മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ ഒരു ടീമിനെ തന്നെ വാങ്ങാന്‍ സാധിക്കും.

ഉദാഹരണത്തിന് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ പത്ത് വര്‍ഷത്തേക്ക് 11 മില്യണ്‍ ഡോളറിനാണ് വിറ്റത്. അതായത് ഒരു വര്‍ഷത്തേക്ക് 1.1 മില്യണ്‍ ഡോളര്‍. ഐ.പി.എല്ലിലെ ടോപ് സ്റ്റാറുകളുടെ പ്രതിഫലത്തേക്കാള്‍ കുറവാണ് ഈ തുക.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെ നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായത് രണ്ട് മില്യണ്‍ ഡോളറാണെന്ന് സി.പി.എല്‍ ടീമായ ബാര്‍ബഡോസ് ട്രൈഡന്റ്‌സിന്റെ ഉടമയായ വിജയ് മല്യ 2016ല്‍ വെളിപ്പെടുത്തിയിരുന്നു. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ഇത് രണ്ട് മില്യണ്‍ ഡോളര്‍ മുതല്‍ നാല് മില്യണ്‍ ഡോളര്‍ വരെയാണ്.

ഇക്കൂട്ടത്തിലെ പ്രമുഖ ലീഗുകളാണ് ബി.ബി.എല്ലും ദി ഹണ്‍ഡ്രഡും. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട്-വേല്‍സ് ക്രിക്കറ്റ് ബോര്‍ഡുമാണ് ഈ ലീഗുകള്‍ നടത്തുന്നത്. എന്നാല്‍ ഓരോ ലീഗിന്റെയും ടോട്ടല്‍ സാലറി ക്യാപ് എന്നത് പല ഐ.പി.എല്‍ താരങ്ങളുടെയും പ്രതിഫലത്തിന് തുല്യമാണ്.

യു.എ.ഇ ടി-20 ലീഗും സൗത്ത് ആഫ്രിക്ക ടി-20 ലീഗിന്റെയും അവസ്ഥയും ഏതാണ്ട് ഇതിന് സമാനമാണ്.

ഈ സാഹചര്യത്തില്‍ 2023 ഐ.പി.എല്ലിലെ പ്രതിഫലത്തില്‍ നിന്ന് മാത്രമായി വിവിധ ലീഗുകളില്‍ ഓരോ ടീമിനെ തന്നെ വാങ്ങാന്‍ കെല്‍പുള്ള ഇന്ത്യന്‍ താരങ്ങളെ നോക്കാം.

വിരാട് കോഹ്‌ലി

ഐ.പി.എല്‍ 2023ല്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കാന്‍ 15 കോടി രൂപയാണ് മുന്‍ ഇന്ത്യന്‍ നായകന് ലഭിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളും വിരാട് തന്നെ.

ഐ.പി.എല്ലില്‍ നിന്ന് മാത്രം 173.2 കോടി രൂപയാണ് വിരാട് നേടിയിട്ടുള്ളത്. ഈ തുക ഉപയോഗിച്ച് ഒന്നിലധികം ടീമുകളെ ഒന്നിച്ച് വാങ്ങാന്‍ വിരാടിന് സാധിക്കും.

കെ.എല്‍. രാഹുല്‍

17 കോടി രൂപ നല്‍കിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ നായകനെ ടീമില്‍ നിലനിര്‍ത്തിയത്. വിരാടിനെ പോലെ തന്നെ ഐ.പി.എല്ലില്‍ നിന്നും ഏറെ സമ്പാദിച്ച താരങ്ങളില്‍ പ്രധാനിയാണ്.

രാഹുലിനും സി.പി.എല്‍, എല്‍.പി.എല്‍ അടക്കമുള്ള ലീഗുകളില്‍ നിന്നും ടീം സ്വന്തമാക്കാം.

രവീന്ദ്ര ജഡേജ

ഐ.പി.എല്‍ നല്‍കുന്ന സാലറിയില്‍ നിന്നും മറ്റ് ഫ്രാഞ്ചൈസികളെ വിലക്ക് വാങ്ങാന്‍ സാധിക്കുന്ന താരമാണ് രവീന്ദ്ര ജഡേജ. 16 കോടി രൂപ നല്‍കിയാണ് ജഡേജയെ സി.എസ്.കെ നിലനിര്‍ത്തിയത്.

റിഷബ് പന്ത്

ഇക്കൂട്ടത്തിലെ പ്രായം കുറഞ്ഞതും എക്‌സ്പീരിയന്‍സ് കുറഞ്ഞതും എന്നാല്‍ ഫാന്‍ ബേസിലും സാലറി ക്യാപ്പിലും സീനിയര്‍ താരങ്ങള്‍ക്കൊപ്പം കിടപിടിക്കാന്‍ സാധിക്കുന്ന താരമാണ് റിഷബ് പന്ത്.

16 കോടി നല്‍കിയാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ക്യാപ്റ്റനെ ടീമില്‍ നിലനിര്‍ത്തിയത്. ഈ 16 കോടി ഉപയോഗിച്ച് പല ഫ്രാഞ്ചൈസികളില്‍ നിന്നും പന്തിന് ടീമിനെ വാങ്ങാന്‍ സാധിക്കും.

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിന്റെ നായകനും ഐ.പി.എല്‍ കണ്ടതില്‍ വെച്ച് ഏറ്റവും സക്‌സസ്ഫുള്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയെ 16 കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത്. 2023ലെ സാലറി ക്യാപ്പില്‍ നിന്ന് മാത്രം ഹിറ്റ്മാന് വിവിധ ലീഗുകളില്‍ ടീമിനെ വാങ്ങാന്‍ സാധിക്കും.

ഇവര്‍ക്ക് പുറമെ സഞ്ജു സാംസണ്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ അടക്കമുള്ളവര്‍ക്കും 2023 സീസണിലെ സമ്പാദ്യമുപയോഗിച്ച് ടീമിനെ തന്നെ വാങ്ങാന്‍ സാധിക്കും.

 

Content highlight: 5 Indian Players Who Can Buy Team In Other T20 Leagues With IPL 2023 Salary