| Wednesday, 11th November 2020, 12:47 pm

മഹാസഖ്യത്തിന് പിഴച്ചതെവിടെ? നിതീഷിനെ വിജയിപ്പിച്ച അഞ്ച് കാരണങ്ങള്‍ ഇവയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: എക്‌സിറ്റ് പോളിലെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി, 2020 ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ വീണ്ടും അധികാരമുറപ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ ഈ വിജയം ജെ.ഡി.യുവിന് പോലും അത്ഭുതമായേക്കാം. മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന് വോട്ടെണ്ണല്‍ ദിവസം പോലും ജെ.ഡി.യു അധ്യക്ഷന്‍ സി.കെ ത്യാഗി അഭിപ്രായപ്പെട്ടിടത്താണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. മാത്രമല്ല എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം മഹാസഖ്യത്തിന് അനുകൂലവുമായിരുന്നു.

നിതീഷിന്റെ അധികാര തുടര്‍ച്ചയ്ക്ക് ബീഹാറില്‍ വഴിയൊരുക്കിയ ചില കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

എല്‍.ജെ.പി പോയപ്പോള്‍ എച്ച്.എ.എമ്മിനേയും വി.ഐ.പിയേയും ഒപ്പം നിര്‍ത്തി കളിച്ച എന്‍.ഡി.എ

മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് എന്‍.ഡി.എ വിടുകയും ബീഹാറില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എല്‍.ജെ.പി പ്രസിഡന്റ് ചിരാഗ് പാസ്വാന്‍ തീരുമാനിക്കുകയും ചെയ്തതോടെ ജിതന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം)യേയും ബോളിവുഡ് സെറ്റ് ഡിസൈനറും രാഷ്ട്രീയനേതാവുമായ മുകേഷ് സഹാനിയുടെ വികാശ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യേയും ഒപ്പം കൂട്ടുകയായിരുന്നു എന്‍.ഡി.എ.

എന്‍.ഡി.എയുടെ ഈ തീരുമാനം പല നിരീക്ഷകരെയും തുടക്കത്തില്‍ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കാതെ തന്നെ എന്‍.ഡി.എ അവര്‍ക്കായി പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ ഈ പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് തേടി.

എല്‍.ജെ.പി സ്ഥാപകനും ബിഹാറിലെ ഉന്നത ദലിത് നേതാവുമായ രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗിന്റെ കൊഴിഞ്ഞു പോക്ക് ദലിത് വിരുദ്ധ നീക്കമായി കാണുന്നില്ലെന്ന് ഉറപ്പാക്കാനുള്ള എന്‍.ഡി.എയുടെ ശ്രമം കൂടിയായിരുന്നു ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ദളിത് സമുദായക്കാരായ ജിതന്‍ റാം മഞ്ജിയും മുകേഷ് സഹാനിയും ഒപ്പം നിര്‍ത്തുക വഴി ദളിത് സമുദായങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ വലിയ രീതിയില്‍ നേടാന്‍ എന്‍.ഡി.എ സഖ്യത്തിനായി. എട്ട് സീറ്റുകളാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് നേടിയത്.

‘മതേതര’ സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ മതേതരത്വം ഉറപ്പിക്കാന്‍ നിതീഷ് ശ്രമിച്ചിരുന്നു. 115 സ്ഥാനാര്‍ത്ഥികളില്‍ 10 ശതമാനം പേരെയാണ് ഇത്തരത്തില്‍ മത്സരിപ്പിച്ചത്. ആഗസ്റ്റ് മാസത്തില്‍ മാത്രം ജെ.ഡി.യുവില്‍ ചേര്‍ന്ന ഫറാസ് ഫാത്മിക്ക് ടിക്കറ്റ് നല്‍കാന്‍ നിതീഷ് തയ്യാറായി.

എല്‍.ജെ.പിയുടെ വോട്ട് വിഹിതം കുറയ്ക്കാന്‍ ഫറാസിന് സാധിച്ചെങ്കിലും വിജയിക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷേ ഫറാസിന് സീറ്റ് നല്‍കുക വഴി മുസ്‌ലീം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിതീഷിനായി.

രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന ‘ഇമോഷണല്‍ മൂവ്’

പൂര്‍ണിയ മണ്ഡലത്തില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ് കുമാര്‍ വനിതാ വോട്ടര്‍മാരോട് ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പറഞ്ഞ് ഒരു വൈകാരിക അഭ്യര്‍ത്ഥന നടത്തിയിരുന്നു.

ലിംഗ സമത്വത്തിനും സ്ത്രീകളുടെ ക്ഷേമത്തിനുമായി താന്‍ ചെയ്ത കാര്യങ്ങളെല്ലാം നിതീഷ് ആ റാലിയില്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബീഹാറിലെ വനിതാ വോട്ടര്‍മാരെ പ്രത്യേക വോട്ട് ബാങ്കാക്കി മാറ്റാന്‍ നിതീഷ് കുമാറിന് സാധിച്ചിരുന്നു. ഇത്തവണയും അതില്‍ അദ്ദേഹം ഒരു പരിധി വരെ വിജയിക്കുകയായിരുന്നു.

മോദി-നിതീഷ് കോംബോയില്‍ വന്ന ജനക്ഷേമ പദ്ധതികള്‍

തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിലേക്ക് കടക്കവേ നിതീഷിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത് കുടിയേറ്റ പ്രശ്‌നങ്ങളായിരുന്നു. കൊവിഡ് പശ്ചാത്തലത്തിനും അതിന് മുന്‍പും വലിയ രീതിയിലുള്ള സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിയ വലിയൊരു വിഭാഗം ആളുകള്‍ ബീഹാറിലുണ്ടെന്നും കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നുമുള്ള പ്രചരണമായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ സാമ്പത്തിക സഹായവും സൗജന്യ ഭക്ഷ്യധാന്യ പദ്ധതികളും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിച്ചായിരുന്നു നിതീഷ് കേന്ദ്രസഹായത്തോടെ ഇതിനെ പ്രതിരോധിച്ചത്.

ഓരോ കുടുംബത്തിനും മാസം 5 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് നവംബര്‍ അവസാനം വരെ നിതീഷ് സര്‍ക്കാര്‍ നീട്ടി. ഓരോ കുടിയേറ്റ കുടുംബത്തിനും 6000 രൂപ വരെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും അത് അവരുടെ അക്കൗണ്ടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ബീഹാറിലെ യുവാക്കള്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ തേജസ്വി വാഗ്ദാനം ചെയ്തപ്പോള്‍ റാലികളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 19 ലക്ഷം സര്‍ക്കാര്‍ തൊഴില്‍ വാഗ്ദാനം ചെയ്താണ് എന്‍.ഡി.എ സഖ്യം ഇതിനെ മറികടന്നത്.

വോട്ട് വിഭജനം

ഇത്തവണത്തെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ധാരാളം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായെന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രധാന മത്സരം നിതീഷ് കുമാറും തേജസ്വി യാദവും തമ്മിലായിരുന്നെങ്കിലും മുഖ്യമന്ത്രി പദത്തിനായി ഉപേന്ദ്ര കുശ്വാഹയും പുഷ്പാം പ്രിയയും പപ്പു യാദവും അവകാശവാദമുന്നയിച്ചു. ഇവര്‍ സ്വയം മുഖ്യമന്ത്രി പദത്തില്‍ തങ്ങളുണ്ടാകുമെന്ന് അവകാശപ്പെട്ടു. 135 ലധികം സീറ്റുകളില്‍ എല്‍.ജെ.പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.

ബീഹാറിലെ എല്ലാ പ്രദേശങ്ങളിലുമുണ്ടായ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളുടേയും ഈ ബാഹുല്യം മത്സരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ കടുപ്പിച്ചു. പ്രത്യേകിച്ചും സീമാഞ്ചലിലും മിഥിലാഞ്ചലിലും കടുത്ത പോരാട്ടം തന്നെ നടന്നു.

മിക്ക നിയോജകമണ്ഡലങ്ങളിലും മള്‍ട്ടി കോര്‍ണര്‍ മത്സരങ്ങള്‍ നടന്നതോടെ പ്രതിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെട്ടു. ബി.ജെ.പിയുടെയും ജെ.ഡി.യുവിന്റെയും വോട്ടുകള്‍ കൃത്യമായി പെട്ടിയിലായപ്പോള്‍ സ്വിംഗ് വോട്ടുകള്‍ ഭിന്നിച്ചു. ഇത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് മുന്‍തൂക്കം നല്‍കി.

‘ജംഗിള്‍ രാജ് ‘

1990 നും 2005 നും ഇടയില്‍ ലാലു പ്രസാദ്-റാബ്രി ദേവിയുടെ 15 വര്‍ഷത്തെ ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്ന വാക്കായാണ് എന്‍.ഡി.എ ”ജംഗിള്‍ രാജ്” എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പില്‍ ഇത് പരിഹരിക്കാന്‍ തേജസ്വി യാദവ് പരമാവധി ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തില്‍ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പോലും പോസ്റ്റുകളില്‍ നിന്ന് തേജസ്വി നീക്കി.

തേജസ്വി യാദവ് നിതീഷ് കുമാറിന്റെ ”ഭൂതകാല” ത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞ് ആക്രമിച്ചെങ്കിലും തേജസ്വി അധികാരത്തിലെത്തിയാല്‍ ജംഗിള്‍രാജ് തിരിച്ചെത്തുമെന്ന ഒറ്റ പരാമര്‍ശം കൊണ്ട് നിതീഷ് ഇതിനെ മറികടന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് തേജസ്വി ടിക്കറ്റ് നല്‍കിയതും തിരിച്ചടിയായി. ക്രിമിനലുകള്‍ അധികാരത്തിലെത്തിയാല്‍ ജംഗിള്‍രാജ് തിരിച്ചുവരുമെന്ന് നിതീഷ് റാലികളില്‍ ആവര്‍ത്തിച്ചു. വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ പിറ്റേ ദിവസം ലാലു തിരിച്ചെത്തുമെന്നും അത് ജംഗിള്‍രാജിന്റെ തിരിച്ചുവരവായിരിക്കുമെന്ന നിതീഷിന്റെ പരാമര്‍ശവും വോട്ടര്‍മാരെ സ്വാധീനിച്ചു.

തേജസ്വി യാദവ് വാഗ്ദാനം ചെയ്ത 10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ ഒരു കാരണവശാലും നല്‍കാനാവില്ലെന്ന് റാലികളില്‍ നിതീഷ് ഉറപ്പിച്ചു പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും മുന്‍നിര്‍ത്തി യുവാക്കള്‍ തേജസ്വിക്ക് വോട്ട് ചെയ്തപ്പോള്‍ മുതിര്‍ന്ന പൗരന്മാരുടെയും പ്രത്യേകിച്ച് സ്ത്രീകളുടേയും വലിയൊരു ശതമാനം വോട്ടുകളും നിതീഷ് നേടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 5 factors that worked for Nitish, trumped Tejashwi

We use cookies to give you the best possible experience. Learn more