| Saturday, 25th May 2024, 4:23 pm

വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിയുടെ ടാഗുകള്‍ കണ്ടെത്തി: നടപടി ആവശ്യപ്പെട്ട് തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ രഘുനാഥ്പൂരില്‍ അഞ്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിയുടെ ടാഗുകള്‍ കണ്ടെത്തിയതായി ആരോപണം. അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

‘ബി.ജെ.പി തെരഞ്ഞടുപ്പില്‍ കൃത്രിമത്വം കാണിച്ചാണ് ജയിക്കുന്നതെന്ന് മമതാ ബാനര്‍ജി കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ രഘുനാഥ്പൂരിലെ അഞ്ച് വോട്ടിങ് മെഷീനുകളിലാണ് ബി.ജെപി യുടെ ടാഗ് കണ്ടെത്തിയത്. അന്വേഷണം നടത്തി എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം,’ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എമ്മുകള്‍ മാറ്റാന്‍ ബി.ജെ.പി പദ്ധതിയിട്ടതായി മെയ് ഒന്നിന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. 2019ല്‍ കാണാതായ ഇ.വി.എമ്മുകള്‍ ബി.ജെ.പി നീക്കം ചെയ്തതാണെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബി.ജെപിക്ക് വോട്ടിങ് കുറഞ്ഞ പ്രദേശങ്ങളിലും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിട്ടുണ്ട്. ഇത് എങ്ങനെ സാധ്യമാകും. ആരാണ് ഇ.വി.എം നിര്‍മിക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. 1.9 മില്യണ്‍ ഇ.വി.എം മെഷീനുകള്‍ കാണാതായിട്ട് കാലങ്ങളായി. ഇപ്പോള്‍ ഉപയോഗിക്കുന്ന ഇവി.എമ്മുകള്‍ 2019ലെതാണ് .ഇതില്‍ തെറ്റായ വിവരങ്ങള്‍ ബി.ജെപി നല്‍കിയിട്ടുമുണ്ട്,’ എന്നാണ് മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്.

‘ഇ.വി എമ്മുകളിലെ ടാഗുകളില്‍ സ്ഥാനാര്‍ത്ഥികളും ഹാജരായ അവരുടെ ഏജന്റുമാരും ഒപ്പിട്ടിരുന്നു. കമ്മീഷനിങ് ഹാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പ്രതിനിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏജന്റിന്റെ മേല്‍നോട്ടത്തിലാണ് ഇ.വി.എമ്മും വി.വി.പാറ്റും പരിശോധിച്ചത്. അദ്ദേഹത്തിന്റെ ഒപ്പും എടുത്തിരുന്നു ‘ എന്നാണ് തെഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനോട് പ്രതികരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. താംലുക്ക്, കാന്തി, ഘട്ടല്‍, ജാര്‍ഗ്രാം, മേദിനിപൂര്‍, പുരുലിയ, ബങ്കുര, ബിഷ്ണുപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ അഞ്ച് ഘട്ടങ്ങളിലായി 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 428 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള പോളിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 5.84 കോടി പുരുഷന്മാരും 5.29 കോടി സ്ത്രീകളും 5120 മൂന്നാം ലിംഗക്കാരും ഉള്‍പ്പെടെ 11.13 കോടിയിലധികം വോട്ടര്‍മാരാണുള്ളത്.

ഏഴാം ഘട്ട വോട്ടെടുപ്പിന് ശേഷം ജൂണ്‍ ഒന്നിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ജൂണ്‍ നാലിനാണ് തെരഞ്ഞെടുപ്പ് ഫലം വരിക.

Content Highlight: 5 EVMs found with BJP tags on them, alleges TMC, asks EC to act

We use cookies to give you the best possible experience. Learn more