| Thursday, 25th June 2020, 9:33 am

'പ്രതീക്ഷിച്ചത് മകനെ കിട്ടിയതോ അഞ്ച് പെണ്‍മക്കളെ'; കേന്ദ്രത്തെ വിമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവിന്റെ നടപടി വിവാദത്തില്‍. ജി.എസ്.ടി, നോട്ട് നിരോധനം, പണംപ്പെരുപ്പം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തിലായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ് യൂണിറ്റിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമായ ജിതുപത്‌വാരി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്.

ഒരാണ്‍ കുട്ടിയെ പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ക്ക് പകരംകിട്ടിയത് അഞ്ച് പെണ്‍മക്കളെ ആണ് എന്നായിരുന്നു പത്‌വാരി പറഞ്ഞത്.

”ആളുകള്‍ ഒരു മകനെയാണ് പ്രതീക്ഷിച്ചതെങ്കിലും അവര്‍ക്ക് ലഭിച്ചത് അഞ്ച് പെണ്‍മക്കളാണ്. ഈ പെണ്‍മക്കളെല്ലാം ജനിച്ചെങ്കിലും വികസനം എന്ന മകന്‍ ഇതുവരെ ജനിച്ചിട്ടില്ല,” ജിതു പത്‌വാരിപറഞ്ഞു.

2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച സര്‍ക്കാറിന്റെ എല്ലാവര്‍ക്കുമായി വികസനം എന്ന മുദ്രാവാക്യത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു പത്‌വാരിയുടെ പരാമര്‍ശം. പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നുവന്നതോടെ പത്‌വാരി ക്ഷമാപണം നടത്തി.

‘മോദിജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചു, നോട്ട് നിരോധനം, ജി.എസ്.ടി, പണപ്പെരുപ്പം, തൊഴിലില്ലായ്മ, മാന്ദ്യം. പൊതുജനം ഇതെല്ലാം സഹിച്ചത് വികസനം വരുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്. ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെട്ടെങ്കില്‍ ഞാന്‍ ഖേദിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more