| Sunday, 27th October 2024, 4:18 pm

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറനെതിരെ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി 5 കോടി വാഗ്ദാനം ചെയ്തു: ജെ.എം.എം നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഹേമന്ത് സോറനെതിരെ മത്സരിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തതായി ജെ.എം.എം നേതാവ് മനോജ് പാണ്ഡെ.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മണ്ഡലമായ ബര്‍ഹൈത്ത് അസംബ്ലി സീറ്റില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നും പാണ്ഡെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘അവര്‍ തിരയുകയാണ്. എന്നിട്ടും ശരിയായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ ആകര്‍ഷിക്കാന്‍ അവര്‍ 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായി ഞങ്ങള്‍ അറിഞ്ഞു. ഇപ്പോള്‍ പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥിയെ വിളിക്കാനുള്ള ശ്രമത്തിലാണ്,’ മനോജ് പാണ്ഡെ പറഞ്ഞു.

ബര്‍ഹൈത്ത് മണ്ഡലത്തില്‍ 100-150 വോട്ടുകള്‍ മറികടക്കാന്‍ ബി.ജെ.പിക്ക് കഴിയല്ലെന്ന് അവര്‍ക്കറിയാമെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും പാണ്ഡെ പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടുകള്‍ മാത്രം ലഭിക്കൂ എന്നത് അപമാനകരമായിരിക്കുമെന്നും അതു കൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മടിക്കുകയും ചെയ്യുന്നതെന്ന് പറഞ്ഞ പാണ്ഡെ പണത്തിന്റെ അത്യാര്‍ത്തിയില്‍ ആരെങ്കിലും വരുമെന്ന് അവര്‍ കരുതുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ശക്തി കേന്ദ്രമായ ബര്‍ഹൈത്തില്‍ മത്സരിക്കുന്നതിന് ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 13, 20 തീയതികളിലായാണ് നടക്കുന്നത്.

Content Highlight: 5 crore offered to BJP candidates to contest against Hemant Soren in jarkhand : JMM leader

We use cookies to give you the best possible experience. Learn more