ബുലന്ദ്ഷഹർ: പശുവിനെ കശാപ്പ് ചെയ്‌തെന്നും ആക്രമണം അഴിച്ചുവിട്ടെന്നും ആരോപിച്ച് 5 പേരെ ബുലന്ദ്ഷഹറിലെ പൊലീസ് അറസ്റ്റ് ചെയ്തു. പശുവിനെ കശാപ്പ് ചെയ്തതിനു മൂന്നു പേരെയും, ആക്രമണം അഴിച്ച വിട്ടതിനു 2 പേരെയുമാണ് പോലീസ് അർറസ്റ്റ് ചെയ്തത്.
രണ്ട് ആഴ്ച്ച മുൻപാണ് ബുലന്ദ്ഷഹറിൽ പശു കശാപ്പുമായി ബന്ധപ്പെട്ട് ആക്രമണം പൊട്ടിപ്പുറപ്പെടുകയും യു.പി. പൊലീസുകാരൻ സുബോധ് കുമാർ സിംഗ് കൊല്ലപ്പെടുകയും ചെയ്തത്. സിംഗിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയെ യു.പി.പൊലീസ് ഇനിയും പിടികൂടിയിട്ടില്ല.
നദീം,റയീസ്,കാല എന്നിങ്ങനെ മൂന്നുപേരെയാണ് യു.പി പോലീസ് പശു കശാപ്പിന്റെ പേരിൽ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. “ഇവർ മൂന്നു പേരും പശുക്കളെ വെടിവെച്ച് കൊല്ലുകയും, ഇറച്ചി തങ്ങൾക്കിടയിൽ വീതിച്ചെടുക്കുകയും ചെയ്യാറുണ്ടായിരുന്നു.” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അതുൽ ശ്രീവാസ്തവ് എ.എൻ.ഐയോട് പറഞ്ഞു.
ഇരട്ടക്കുഴൽ തോക്കുപയോഗിച്ച് പശുക്കളെ വെടിവെച്ചിടുകയും ഇറച്ചിയെടുക്കുകയും ചെയ്യുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മൂന്നുപേരെന്നും ഇവരുടെ പക്കൽ നിന്നും കത്തികളും തോക്കുകളും കണ്ടെടുത്തതായും പൊലീസ് പറയുന്നു. ഇതിനോടൊപ്പം തന്നെ കോബ്ര എന്ന് പറയപ്പെടുന്ന സച്ചിൻ സിംഗ്, ജോണി ചൗധരി എന്നിവരെയും അക്രമത്തിന് തുടക്കമിട്ടതിന്റെ പേരിൽ യു.പി. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കൃത്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ യു.പി. പൊലീസിന് കഴിഞ്ഞിട്ടില്ല. തങ്ങൾ അന്വേഷണത്തിലാണ് എന്ന വിശദീകരണമാണ് ഇവർ നൽകുന്നത്.
Also Read കോടികളുടെ വസ്തുവഹകൾ കൈക്കലാക്കാൻ മരിച്ച അമ്മയെ ജീവിച്ചിരിക്കുന്നതായി കാണിച്ച് മകനും ഭാര്യയും
സുബോദ് കുമാർ സിംഗിന്റെ കേസുമായി ബന്ധപെട്ടു ഇതുവരെ 27 പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഇതിൽ ഒരാൾ പ്രാദേശിക ബജ്‌രംഗ്‌ദൾ നേതാവ് യോഗേഷ് രാജാണ്. ഇയാൾ ഒളിവിലാണ്. അക്രമം അഴിച്ചുവിട്ടെന്ന പേരിൽ അറുപതോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
അതേസമയം സുബോധ് കുമാർ സിംഗിന് നേരെ വെടിയുതിർത്ത ജിതേന്ദ്ര മാലിക്ക് യു.പി.പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്.