Advertisement
Karnataka
'ഡി.കെ ശിവകുമാറിനെ കുറിച്ച് ഒരക്ഷരം പറയരുത്'; ബി.ജെ.പി നേതാക്കളോട് കര്‍ണാടക അദ്ധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 07, 04:08 am
Saturday, 7th September 2019, 9:38 am

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഒരു പ്രതികരണവും നടത്തരുതെന്നും വിഷയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും കര്‍ണാടകത്തിലെ ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ശിവകുമാറിനെതിരെ ചില ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ പ്രസ്താവനകളില്‍ നിന്ന് പിന്മാറണം എന്നാണ് നേതാക്കളോട് നളീന്‍ കുമാര്‍ കട്ടീല്‍ ആവശ്യപ്പെട്ടത്.

ഡി.കെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം അല്‍പ്പം ആശങ്കയിലാണ്. ശിവകുമാറിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസും ജനതാദളും സംസ്ഥാനത്തെ വൊക്കലിഗ സമുദായത്തെ സംഘടിപ്പിക്കുമോ എന്നതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്. വൊക്കലിഗ സമുദായക്കാരനാണ് ശിവകുമാര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവകുമാറിനെ ബി.ജെ.പി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പ്രചരണം. വൊക്കലിഗ സമുദായത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ശിവകുമാറിന്റെ അറസ്റ്റില്‍ താന്‍ സന്തോഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളെ വൊക്കലിഗ വിരുദ്ധ പാര്‍ട്ടിയായി മുദ്രകുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി ഭയപ്പെടുന്നത്. സമുദായം പ്രതിപക്ഷ ആരോപണത്തെ വിലക്കെടുത്താല്‍ പഴയ മൈസൂര്‍ മേഖലയില്‍ തങ്ങളുടെ വളര്‍ച്ചക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് ബി.ജെ.പിക്ക് അറിയാം.ശിവകുമാറിന്റെ അറസ്റ്റിനെ ചൊല്ലി സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളില്‍ ഇപ്പോഴെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു.

വൊക്കലിഗ രോഷത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ജനതാദളും പ്രക്ഷോഭത്തിനിറങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലകളിലാണ് ജനതാദള്‍ വിജയിച്ചത്. വരുന്ന ഉപതെരഞ്ഞെടുപ്പിലും വൊക്കലിഗ സമുദായ പിന്തുണ ജനതാദള്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസും വൊക്കലിഗ സമുദായത്തിന്റെ പിന്തുണ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നു.