| Friday, 12th April 2019, 11:21 pm

തോല്‍വികളില്‍ നിന്ന് കര കയറുമോ; ലോകോത്തര പേസറെ ഇറക്കി ബാംഗ്ലൂര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: ലോകക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ഐ.പി.എല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ തോല്‍വികളില്‍ ആടിയുലയുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് കരുത്ത് പകരാന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബോളര്‍ ഡെയില്‍ സ്റ്റെയിന്‍ ടീമില്‍. പരിക്കേറ്റ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന് പകരക്കാരനായാണ് സ്റ്റെയിന്‍ ആര്‍.സി.ബി കരാര്‍ ഒപ്പിട്ടത്.

നേരത്തെ ബാംഗ്ലൂര്‍ ടീമിലെ ഓസീസ് സ്റ്റാര്‍ ബോളറായിരുന്ന നഥാന്‍ കോള്‍ട്ടര്‍നൈല്‍, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിനൊപ്പം ചേരുമെന്ന് കരുതിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് താരം ടീമിനൊപ്പം ചേര്‍ന്നില്ല. ഇതോടെയാണ് പകരം താരത്തെ കണ്ടെത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ബന്ധിതരായത്.

2016 ല്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് താരം അവസാനമായി ഐ.പി.എല്‍ കളിച്ചത്. 2008 മുതല്‍ 2010 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിന് തന്റെ പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണിത്.

പന്ത്രണ്ടാം പതിപ്പില്‍ കളിച്ച ആറുമത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാളെ കിങ്സ് ഇലവന്‍ പഞ്ചാബുമായാണ് കോഹ്ലിയുടെയും സംഘത്തിന്റെയും അടുത്ത മത്സരം

ലോകക്രിക്കറ്റിലെതന്നെ ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്മാരും ഉമേഷ് യാദവും ടിം സൗത്തിയും യുസ്വേന്ദ്ര ചാഹലും ഉള്‍പ്പെടുന്ന ശക്തമായ ബൗളിങ് നിരയുമുള്ള ബാംഗ്ലൂരിനെ പരിശീലിപ്പിക്കുന്നത് ഇന്ത്യയെ 2011-ല്‍ ഏകദിന ലോകകപ്പിലേക്കു കൈപിടിച്ചുയര്‍ത്തിയ ഗാരി കേസ്റ്റണെന്ന കോച്ചാണ്. എന്നിട്ടും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് എന്ത് കൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.

We use cookies to give you the best possible experience. Learn more