കല്ലട ബസ്സ് യാത്രയിലെ ഭുരനുഭവം വെളിപ്പെടുത്തിയ അധ്യാപികയെ ഭീഷണിപ്പെടുത്തിയാള്‍ക്കെതിരെ കേസ്
Daily News
കല്ലട ബസ്സ് യാത്രയിലെ ഭുരനുഭവം വെളിപ്പെടുത്തിയ അധ്യാപികയെ ഭീഷണിപ്പെടുത്തിയാള്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 11:59 pm

തിരുവനന്തപുരം: കല്ലട ട്രാവല്‍സിന്റെ ബസില്‍ യാത്ര ചെയ്യുന്നതിനിടെ മോശം അനുഭവം നേരിട്ടത് വെളിപ്പെടുത്തയ അധ്യാപികയെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ  കേസെടുത്തു.

നിരഞ്ജന്‍ മാത്യു കുര്യന്‍ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പില്‍ കന്റോണ്‍മെന്റ് പൊലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചെന്നെയില്‍ നിന്ന് കല്ലടയുടെ ബസില്‍ യാത്ര ചെയ്തപ്പോഴായിരുന്നു അധ്യാപികയായ മായക്കും മകള്‍ക്കും മോശം അനുഭവം ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ 5 മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്‌നാട്ടിലെ ഒരു വിജനമായ ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മാനേജര്‍ മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു കൊടുത്തില്ലെന്നും മായ വെളിപ്പെടുത്തിയിരുന്നു.

പുലര്‍ച്ചയോടെ ഒരു വാഹനം വന്ന് അതില്‍ കയറിയെങ്കിലും അതിലെ ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയതെന്നും മായ പറഞ്ഞിരുന്നു.

അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട പൊലീസിന് മുന്‍പില്‍ ഇന്ന് ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷനറുടെ ഓഫീസിലാണ് സുരേഷ് ഹാജരായത്.

ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുരേഷ് കല്ലട നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നായിരുന്നു സുരേഷ് പൊലീസിനെ അറിയിച്ചത്.

കല്ലട കേസ് അന്വേഷിക്കുന്ന മരട് സി.ഐയുടെ ഓഫീസില്‍ ഹാജരാകാനായിരുന്നു സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാന്‍ പൊലീസ് തീരുമാനിച്ച സാഹചര്യത്തിലാണ് സുരേഷ് പൊലീസിന് മുമ്പാകെ ഹാജരായതെന്നാണ് വിലയിരുത്തല്‍.