| Wednesday, 16th October 2019, 9:48 pm

'ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരും' - സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും  എ.ഐ.എ.ഡി.എം.കെ  നേതാവുമായിരുന്ന  ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യവസ്ഥ ഡി.എം.കെ പുറത്തുകൊണ്ടുവരുമെന്നും ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.
തിരുനെല്‍ വേലിയിലെ നങ്കുനേരിയില്‍ ഒക്ടോബര്‍ 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ ഡി.എം.കെ പുറത്തു കൊണ്ടു വരും. അഴിമതിയില്‍ കഴുത്തറ്റം മുങ്ങിയിരിക്കുന്ന പളനിസ്വാമിയുടെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണ്. ജയലളിതയുടെ പേര് അവര്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുകയാണ് ‘- സ്റ്റാലിന്‍ ആരോപിച്ചു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച ഒ.പനീര്‍സെല്‍വവും ഇപ്പോള്‍ സ്ഥാനം കിട്ടയപ്പോള്‍ മിണ്ടാതിരിക്കുകയാണ്. ഇപ്പോള്‍ ഇതേക്കുറിച്ച് ഇവരാരും സംസാരിക്കുന്നേയില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.

മന്ത്രിമാരെല്ലാം തങ്ങളുടെ പോക്കറ്റില്‍ ജയലളിതയുടെ ചിത്രം വെച്ചിട്ടുണ്ട്. ജനങ്ങളെ കൈയ്യില്‍ എടുക്കാന്‍ വേണ്ടി മാത്രമാണിത്. എന്നാലെ അവര്‍ക്ക് അഴിമതിയില്‍ വ്യാപൃതരാകാന്‍ പറ്റൂ. തമിഴ്‌നാട് സര്‍ക്കാരിന്റെ പരമാധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ല ബി.ജെ.പി. സര്‍ക്കാരിന്റെ അടിമകളായി തമിഴ്‌നാട് സര്‍ക്കാര്‍ മാറി -സ്റ്റാലിന്‍ പറഞ്ഞു.

ജയലളിതയെ അഡ്മിറ്റ് ചെയ്തിരുന്ന അപ്പോളോ ആശുപത്രിയില്‍ നിന്നും എന്തു കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും വിവരങ്ങള്‍ നല്‍കിയില്ല ഇത് അസാധാരണമാണ്.

എം.ജി.ആര്‍ , സി.എന്‍ അണ്ണാദുരൈ, കരുണാനിധി എന്നിവരൊക്കെ അവസാന നാളുകളില്‍ ആശുപത്രിയിലായപ്പോള്‍ മാധ്യമങ്ങള്‍ക്കു കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നെന്നെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒപ്പം ജയലളിതയുടെ മരണത്തിന്റെ ദുരൂഹതകള്‍ പരിശോധിച്ച റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജി അറുമുഖ നടത്തിയത് കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സ്റ്റാലിന്‍ ചത്തകുതിരയെയാണ് ചാട്ടകൊണ്ടടിച്ച് തെളിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് എ.ഐ.എ.ഡി.എം.കെ  ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ജയലളിതയുടെ വിഷയത്തിലൂടെ സ്ത്രീകളുടെ വോട്ട് നേടാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നതെന്നും ഇത് നിഷ്ഫലമായ പ്രവര്‍ത്തിയാണെന്നുമാണ് എ.ഐ.എ.ഡി.എം.കെ പ്രതിനിധി അഡ്വക്കറ്റ് ശിവശങ്കരി പറഞ്ഞിരിക്കുന്നത്. 2016 മെയില്‍ അധികാരത്തിലേറിയ ജയലളിത അതേ വര്‍ഷം ഡിസംബര്‍ 5നാണ് അപ്പോളോ ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്.

We use cookies to give you the best possible experience. Learn more