World News
യു.എസിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ കണക്കില്‍ 470% വര്‍ധനവ്: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 12, 04:59 pm
Wednesday, 12th February 2025, 10:29 pm

വാഷിങ്ടണ്‍: യു.എസിലേക്ക് പലായനം ചെയ്യുന്ന ഇന്ത്യക്കാരുടെ കണക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 470 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2018 മുതല്‍ ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് പോവുന്നവരുടെ എണ്ണത്തിലാണ് ഗണ്യമായ വര്‍ധനവെന്നാണ് റിപ്പോര്‍ട്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2018ലും 2023ലും ഗണ്യമായ മാറ്റമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

‘അമേരിക്കയിലെ അനധികൃത ഇന്ത്യക്കാര്‍, പ്രവണതകളും വികസനങ്ങളും’ എന്ന പേരില്‍ ബുഡിമാന്‍, കപൂര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രബന്ധത്തിലാണ് 2023 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ യു.എസിലെ ഇന്ത്യന്‍ അഭയാര്‍ത്ഥികളില്‍ 466% വര്‍ദ്ധനവ് കാണിക്കുന്നതായി പറയുന്നത്.

2018ല്‍ 9000 ആയിരുന്നത് 2023 ല്‍ 51,000 ആയി ഉയര്‍ന്നുവെന്നും ഏറ്റവും പുതിയ കണക്കായ യു.എസ് ഗവണ്‍മെന്റിന്റെ 2022 ലെ ഡാറ്റയില്‍ 2016 ലെ ഏറ്റവും ഉയര്‍ന്ന നിരക്കിനുശേഷം യു.എസിലെ രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ജനസംഖ്യയില്‍ 60% കുറവുണ്ടായതായും പറയുന്നു.

അമേരിക്കന്‍ കുടിയേറ്റസംവിധാനങ്ങള്‍ക്കെതിരായി നിരവധി പേര്‍ കുടിയേറുന്നുവെന്നും ഇതിന് പിന്നാലെ പിടിക്കപ്പെടുന്നുവെന്നും പറയുന്ന കണക്കില്‍ ഇന്ത്യക്കാരുടെ നിയമവിരുദ്ധമായ കുടിയേറ്റം വര്‍ധിച്ചുവരുന്നതായും പറയുന്നു.

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ യു.എസിലെ അനധികൃത ഇന്ത്യന്‍ ജനസംഖ്യയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടെന്നതിന് തെളിവുകള്‍ നല്‍കുന്നതായും യു.എസിലെ ഇന്ത്യന്‍ അഭയാര്‍ത്ഥി അപേക്ഷകളുടെ സമീപകാലത്തെ വര്‍ദ്ധനവില്‍ ഇത് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഭ്യമായ ഏറ്റവും പുതിയ കണക്കായ 2022 ലെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2016 ലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 560,000 മുതല്‍ 220,000 ആയെന്നും രേഖകളില്ലാത്ത ഇന്ത്യക്കാരുടെ ജനസംഖ്യയില്‍ 60% കുറവ് ഉണ്ടായിട്ടുണ്ടെന്നും പറയുന്നു.

Content Highlight: 470% increase in Indian immigration to US: Report