അഭിമുഖം: ഷൈജു ആന്റണി (അല്‍മായ മുന്നേറ്റം വക്താവ്, എറണാകുളം) / അഷ്‌റഫ് അഹമ്മദ്
അഷ്‌റഫ് അഹമ്മദ് : സംഘപരിവാറിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ബി.ജെ.പിയടക്കമുള്ളവരെ അനുകൂലിച്ച് കൊണ്ടുള്ള സഭാ നേതാക്കളുടെ പ്രസ്താവനകളെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
ഷൈജു ആന്റണി : യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിസന്ധികളെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പ്രശ്‌നമായാണ് ഞാന്‍ മനസിലാക്കുന്നത്. ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഭീകരമായ രീതിയില്‍ അക്രമിക്കപ്പെടുന്ന ഈ കാലത്ത് ബിഷപ്പുമാര്‍ നടത്തിയ ഇത്തരം പ്രസ്താവനകളും ബി.ജെ.പിയടക്കമുള്ള സംഘപരിവാര്‍ ശക്തികളോട് അവര്‍ നടത്തുന്ന കോംപ്രമൈസുകളും ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്ത്യാനികളെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്.
സത്യത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യേണ്ടത്. പക്ഷെ അതവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. കാരണം മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ അവശേഷിക്കാത്ത അവസ്ഥയിലേക്ക് ഇവിടുത്തെ പുരോഹിത വര്‍ഗം എത്തപ്പെട്ടിരിക്കുന്നു. അത് അവരുടെ ധാര്‍മിക ജീവിതത്തില്‍ ഉണ്ടായ അധപതനത്തിന്റെ ഫലം കൂടിയാണ്. പുറത്തിറങ്ങാന്‍ കഴിയാത്ത ഒരു അപകടാവസ്ഥയിലാണ് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഈ പാര്‍ട്ടികളെ എതിര്‍ത്ത് ഒരു പ്രസ്താവന ഇറക്കിയാല്‍ അവര്‍ക്കെതിരെ ഇ.ഡി അന്വേഷണങ്ങളും സി.ബി.ഐ റെയ്ഡുകളും ഉണ്ടാകുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്.
മിക്കവാറും പല ബിഷപ്പുമാര്‍ക്കെതിരെയും സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അവരുടെ പല ഓര്‍ഗനൈസേഷനുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്
.
ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിക്കൊണ്ടിരിക്കെ സംഘപരിവാരത്തോട് ചേര്‍ന്നുനില്‍ക്കുക എന്നതല്ലാതെ പുരോഹിതന്മാരുടെ മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നതാണ് വാസ്തവം.
ക്രിസ്ത്യാനികള്‍ ന്യൂനപക്ഷം ആയിരിക്കുന്ന ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ക്രിസ്തുമത വിശ്വാസികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ നേതാക്കളും ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മെക്കാഡോയുമടക്കം പലയാളുകളും ഇതിനെതിരെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി, ഗുജറാത്ത്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡടക്കം എട്ട് സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഭീകരമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവിടങ്ങളിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.
പക്ഷെ ഇവിടെയൊക്കെ ബി.ജെ.പിയല്ല മറ്റുപല സംഘടനകളുമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. അതുകൊണ്ട് ബി.ജെ.പിയെ എങ്ങനെയാണ് കുറ്റം പറയുക എന്നൊക്കെ പറഞ്ഞാണ് ബിഷപ്പുമാര്‍ അവരുടെ സംഘപരിവാര്‍ ബാന്ധവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് നേരിട്ടല്ലെങ്കിലും അവരുടെ പോഷക സംഘടനകളിലൂടെയാണ് ഇത്തരത്തിലുള്ള തീവ്ര ആക്രമണങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യുന്നത്.
ചിലപ്പോള്‍ അത് വി.എച്ച്.പിയാവുന്നു, അല്ലെങ്കില്‍ ബജ്‌റംഗ്ദള്‍ ആയിരിക്കും അതുമല്ലെങ്കില്‍ ഹനുമാന്‍ സേന എന്നിങ്ങനെ പല പേരിലായിരിക്കും കടന്ന് വരിക.
എന്നാല്‍ ബി.ജെ.പി ഈ സംഘടനകളെ തള്ളിപ്പറഞ്ഞിട്ടില്ല എന്നിരിക്കെ ഇതെല്ലാം തന്നെ അവരുമായി ബന്ധപ്പെടുത്തിയ സംഘടനകളായി മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍ ഇത്തരം ആക്രമണങ്ങളില്‍ എല്ലാകാലത്തും ഇരകളാകുന്നത് സാധാരണക്കാരായ വിശ്വാസികളാണ്. സംഘപരിവാരം ബോധപൂര്‍വ്വം വിശ്വാസികളെ ആക്രമിക്കുകയും ബിഷപ്പുമാരെയും ഉന്നത മത നേതാക്കളെയും തൊടാതിരിക്കുകയും ചെയ്യും. അന്തര്‍ ദേശീയ തലത്തില്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ശ്രദ്ധ കിട്ടാതിരിക്കാനുള്ള ബോധപൂര്‍വ്വമായ തന്ത്രമാണിത്.
മത നേതൃത്വങ്ങള്‍ അക്രമിക്കപ്പെടാതിരിക്കുകയും അതേസമയം വിശ്വാസികള്‍ പരക്കെ ആക്രമിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഈയൊരു പ്രതിസന്ധിയെ സഭാ നേതൃത്വം, പ്രത്യേകിച്ച് സീറോ മലബാര്‍ സഭ അഡ്രസ് ചെയ്യാതിരിക്കുന്നത് അത്ര നിസാരമായി എഴുതിതള്ളാവുന്ന സമീപനമല്ല.
ഈയൊരു യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ക്രസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിരാകരിച്ചുകൊണ്ട് കണ്ണുംപൂട്ടി ബിജെപി അനുകൂല പ്രസ്താവനകള്‍ ഇറക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നാണ് എനിക്ക് തോന്നുന്നത്.
അഷ്‌റഫ് അഹമ്മദ് : സഭ അധ്യക്ഷന്‍മാര്‍ പറഞ്ഞത് കൊണ്ട് മാത്രം സമുദായം ബി.ജെ.പിയിലേക്ക് ചായുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഷൈജു ആന്റണി : ഇതിന് ഉത്തരം പറയുന്നതിന് മുമ്പ് ഇതിന് പിന്നിലെ കാരണങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ വിഷയത്തില്‍ എന്റെ കാഴ്ചപ്പാട് ഞാന്‍ വ്യക്തമാക്കാം. കേരളത്തില്‍ അത്രപെട്ടെന്നൊന്നും ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കാനില്ല. എന്നിരിക്കെ ഇപ്പോള്‍ തന്നെ ബിഷപ്പുമാരെ കൊണ്ട് ബിജെപി അനുകൂല പ്രസ്താവനകള്‍ ഇറക്കുന്നതിന് പിറകിലെ കാരണമാണ് നമ്മള്‍ അന്വേഷിക്കേണ്ടത്. ഇതിന് പിറകില്‍ വലിയ ആസൂത്രണം തന്നെ നടക്കുന്നുണ്ട്.
ബിഷപ്പുമാരെക്കൊണ്ടോ പുരോഹിതന്മാരെക്കൊണ്ടോ തങ്ങള്‍ക്ക് അനുകൂലമായ പ്രസ്താവനകള്‍ ഇറക്കിയാലൊന്നും ക്രിസ്ത്യാനികളെ ചാക്കിലാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് തന്നെ നല്ല ബോധ്യമുണ്ട്. പക്ഷേ വിശ്വാസികളിലേക്ക് എത്തിപ്പെടാനുള്ള ആദ്യപടിയായി അവരിത്തരം പ്രസ്താവനങ്ങളെ ഉപയോഗിക്കും.
ബിജെപിയോ ആര്‍.എസ്.എസ്സോ അകറ്റിനിര്‍ത്തേണ്ടവരല്ലെന്നുള്ള പൊതുബോധം സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യം. എന്നിട്ട് പിന്നെ ആര്‍.എസ്.എസ് നേതാക്കളെകൊണ്ട് വന്ന് പള്ളികളില്‍ സംസാരിപ്പിക്കാനും അവരുടെ തന്നെ ഏതെങ്കിലും വെല്‍ഫെയര്‍ പരിപാടികള്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുകയുമൊക്കെ ചെയ്യാമല്ലോ. അതിലൂടെ വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലാനാകുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
തെരഞ്ഞെടുപ്പിന് ഒരുപാട് സമയം ബാക്കിയുണ്ടെന്നിരിക്കെ അതിനുള്ള ആദ്യ വെടിയാണ് അവരിപ്പോള്‍ പൊട്ടിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
കര്‍ദിനാള്‍ പറഞ്ഞെന്ന് വെച്ച് എറണാകുളം അതിരൂപതയിലെ ഒരാള്‍ പോലും ബിജെപിക്ക് വോട്ട് ചെയ്യാനോ, കുന്നംകുളം ബിഷപ്പ് പറഞ്ഞിട്ട് ഓര്‍ത്തഡോക്‌സുകാര്‍ വോട്ട് ചെയ്യാനോ പോണില്ല. അതിവിടെയുള്ള രാഷ്ട്രീയക്കാര്‍ക്കും കൃത്യമായി അറിയാവുന്ന കാര്യമാണ്.
പക്ഷെ ഭാവിയില്‍ ആര്‍.എസ്.എസിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ബിഷപ്പ് പോലും അംഗീകരിച്ച സംഘടനയാണല്ലോ അതെന്ന പൊതുബോധം ഇനി വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിപ്പോകും. അതാണവര്‍ ഉദ്ദേശിക്കുന്നതും. പക്ഷെ കേവലം ബിഷപ്പിന്റെ പ്രസ്താവന കൊണ്ട് മാത്രം ഇക്കാര്യങ്ങള്‍ നടക്കില്ല.
തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി വളരെ ആസൂത്രിതമായി ആര്‍.എസ്.എസ് നടപ്പിലാക്കിയ തിരക്കഥയാണ് നമ്മളിപ്പോള്‍ കണ്ടത്. അതിന്റെ ബാക്കി പണിയൊക്കെ പിറകെ വരും, നമുക്കത് കാത്തിരുന്ന് കാണാം.
ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന ഇലക്ഷന്‍ എന്‍ജിനീയറിങ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതാണെന്നാണോ നിങ്ങള്‍ കരുതുന്നത്. അതിനുള്ള പണിയൊക്കെ അവര്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ തുടങ്ങിയിട്ടുണ്ട്. ഏത് സമയത്ത് എന്ത് കാര്യം എങ്ങനെ പറയണമെന്ന് നേരത്തെ തീരുമാനിച്ച്, അതിനുള്ള കളമൊക്കെ ഒരുക്കി വെച്ചിട്ടാണ് ആര്‍.എസ്.എസ് ഇറങ്ങി തിരിച്ചിരിക്കുന്നത്. അതിനെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്.
കര്‍ദിനാളിനെതിരെ ഒരു കേസ് ഇ.ഡി അന്വേഷിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ആദ്യമൊക്കെ നമുക്ക് അത്ഭുതമായിരുന്നു. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല കേന്ദ്ര സര്‍ക്കാര്‍ ഇവിടെയുള്ള പുരോഹിതന്മാര്‍ക്കെതിരെ കള്ളപ്പണക്കേസിലൊക്കെ അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് അതൊക്ക നമുക്ക് യാദൃശ്ചികമായി തോന്നിയിരുന്നു. പക്ഷെ ഇപ്പോഴാണ് അതിന്റെ പിറകിലുള്ള കളികളൊക്കെ മനസിലാവുന്നത്. ബിഷപ്പുമാരുടെയും സഭ നേതൃത്വങ്ങളുടെയും ബി.ജെ.പി അനുകൂല പ്രസ്താവനകളുടെ പിന്നാമ്പുറ കഥകള്‍ അന്വേഷിച്ച് ചെന്നാല്‍ ഇത്തരം കേസുകളില്‍ വലിയ അത്ഭുതമൊന്നും നമുക്ക് തോന്നാനിടയില്ല.
അഷ്‌റഫ് അഹമ്മദ് : കേരളത്തിലെ ഇടതു-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ തഴഞ്ഞത് കൊണ്ടാണ് ക്രിസ്ത്യാനികള്‍ ബി.ജെ.പിയിലേക്കടുക്കുന്നതെന്ന തരത്തിലുള്ള പ്രചരണങ്ങളും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ അങ്ങനെയൊരു സ്ഥിതി വിശേഷമുള്ളതായി കരുതുന്നുണ്ടോ?
ഷൈജു ആന്റണി : അതൊക്കെ പുരോഹിതന്മാരുടെ നടപടികളെ ന്യായീകരിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത ചില വാദങ്ങളാണ്. അതിലൊന്നും വാസ്തവമുള്ളതായി എനിക്ക് തോന്നുന്നില്ല. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ക്രിസ്ത്യാനികളെ ഭീകരമായ രീതിയില്‍ പീഡിപ്പിച്ചുവെന്നൊക്കെ ഇതിന് മുമ്പും ബി.ജെ.പി ആരോപിച്ചിട്ടുണ്ട്.
കാസ പോലുള്ള സംഘടനകളുടെ സഹായത്തോടെ എന്തെല്ലാം കള്ളപ്രചരണങ്ങളാണ് വിശ്വാസികളുടെ പേരില്‍ അവര്‍ നടത്തിയത്.
അതിന് തെളിവായി കാണിച്ചതാകട്ടെ സമുദായത്തിന് സ്‌കോളര്‍ഷിപ്പില്‍ കിട്ടിയ പ്രാതിനിധ്യവും. ആകെ ഒരു കോടി രൂപയില്‍ താഴെ മാത്രം വരുന്ന വളരെ ചെറിയ പദ്ധതിയാണിത്. അത്തരമൊരു ചെറിയ വിഷയത്തെ ഊതിപ്പെരുപ്പിച്ച് വലിയൊരു പ്രശ്‌നമാക്കി മാറ്റി. കാസ പോലുള്ള സംഘടനകളെ കൊണ്ട് കേസുകൊടുപ്പിച്ച് എന്തൊല്ലാം പ്രതിസന്ധിയാണവര്‍ തീര്‍ത്തത്.
നിങ്ങള്‍ കേരളത്തിലെ പ്രൈവറ്റ് സെക്ടര്‍ സ്‌കൂളുകളും, പ്രൈവറ്റ് സെക്ടര്‍ ഹോസ്പിറ്റലുകളും എടുത്ത് നോക്കൂ, അവയില്‍ ഏറിയ പങ്കും നടത്തുന്നത് ഏത് സമുദായമാണ്. അവ കൂടുതലും ക്രിസ്ത്യാനകളുടെയും മുസ് ലിങ്ങളുടെയും പേരില്‍ തന്നെയാവാനാണ് സാധ്യത. എന്‍.എസ്.എസ്സിനും എസ്.എന്‍.ഡി.പിക്കുമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇനി വ്യക്തികള്‍ നിര്‍മ്മിക്കുന്നതല്ല ഏതെങ്കിലും ഓര്‍ഗനൈസേഷനുകള്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ നിങ്ങള്‍ എടുത്തു നോക്കൂ. അതിലെല്ലാം ഈയൊരു വ്യത്യാസം നമുക്ക് കാണാന്‍ പറ്റും.
ഇനി ഭരണ തലത്തിലാണെങ്കില്‍ യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് കേരളത്തിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മിക്കവാറും ഒരു ക്രിസ്ത്യാനിയായിരുന്നു. എല്‍ഡിഎഫ് ഭരണകാലത്താണെങ്കില്‍ തോമസ് ഐസക്കിനായിരുന്നു അതിന്റെ ചുമതല. ഇതൊന്നും കാണാതെ സംഘപരിവാരം ഉയര്‍ത്തുന്ന തെറ്റായ ആരോപണങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത നല്ലതല്ല.
കാലങ്ങളോളം കേരള സര്‍ക്കാരിലെ പല പ്രധാനപ്പെട്ട വകുപ്പുകളും ക്രിസ്ത്യന്‍ മുസ്‌ലിം കമ്മ്യൂണിറ്റികളുടെ കയ്യിലാണ് ഉണ്ടായിരുന്നത് എന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇതിന്റെ ഗുണങ്ങള്‍ അതാത് കാലത്ത് ഈ രണ്ട് കമ്മ്യൂണിറ്റികള്‍ക്കും കിട്ടിയിട്ടുമുണ്ട്. എന്നിട്ടാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം വലിയ രീതിയില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടിരി
അഷ്‌റഫ് അഹമ്മദ് : അങ്ങനെയെങ്കില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കേരള സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിച്ചെന്ന തരത്തിലൊക്കെ പ്രസ്താവന നടത്തിയത് എന്തിനായിരിക്കും. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാമെന്ന് വരെ പറഞ്ഞിരുന്നല്ലോ? അതെന്തുകൊണ്ടായിരിക്കും?
ഷൈജു ആന്റണി : എന്ത് അവകാശ നിഷേധത്തെക്കുറിച്ചാണ് ഇവര്‍ പരാതി പറയുന്നത്.
റബറിന്റെ വില ഈ അടുത്താണോ കുറഞ്ഞത്. കാട്ടുമൃഗങ്ങളുടെ ആക്രമണം സര്‍ക്കാരിന്റെ ഭരണം കൊണ്ടാണെന്നൊക്കെ പറയുന്നതിന് പിന്നിലെ മൗഢ്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ രണ്ട് പ്രശ്‌നങ്ങളും അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്.
മലയോര കര്‍ഷകരുടെ പ്രതിസന്ധിയൊന്നും കാണാതെയല്ല ഞാന്‍ ഇക്കാര്യം പറയുന്നത്. പക്ഷെ ഈ പ്രശ്‌നത്തിന്റെ പേരില്‍ മറ്റ് പ്രതിസന്ധികളെ പാടെ നിരാകരിച്ച് കൊണ്ട് കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളെയും ഒരു തൊഴുത്തില്‍ കൊണ്ടുവന്ന് കെട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതൊക്കെ കേട്ടാല്‍ തോന്നും കേരളത്തിലെ മുഴുവന്‍ ക്രിസ്ത്യാനികളില്‍ 90% വും മലയോര കര്‍ഷകരാണെന്ന്.
ഇനി ഇത്തരം പ്രശ്‌നങ്ങളൊക്കെ ഉണ്ടെന്നിരിക്കെ, നിങ്ങള്‍ ഞങ്ങളുടെ പ്രശ്‌നം പരിഹരിച്ച് തന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം, എന്നൊക്കെ പറയുന്നത് യഥാര്‍ത്ഥത്തില്‍ വോട്ട് കച്ചവടമാണ്. വ്യക്തമായ വോട്ട് രാഷ്ട്രീയമാണ് അതിന് പിന്നിലെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
പഞ്ചാബിലെയും ഹരിയാനയിലെയും പാവപ്പെട്ട കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ബില്ലിനെതിരെ വര്‍ഷങ്ങളോളമാണ് സമരം നടത്തിയത്. അതിനിടയില്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ ഒരിക്കല്‍പോലും നിങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു തന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാം എന്നവര്‍ പറഞ്ഞിട്ടില്ല.
ഇതേപോലെ വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കിയാല്‍ ഞങ്ങള്‍ എല്‍.ഡി.എഫിനെ വിജയിപ്പിക്കാമെന്ന് ഒരൊറ്റ ലത്തീന്‍ ബിഷപ്പുമാര്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടില്ല. അതാണ് ജനകീയ സമരങ്ങളുടെപൊതുസ്വഭാവം.
എന്നാല്‍ ഇവിടെ സംഭവിച്ചതോ, നേരെ തിരിച്ചും. യഥാര്‍ത്ഥത്തില്‍ ഇത്തരം മുന്നേറ്റങ്ങളിലൂടെ കേരളത്തില്‍ പുതിയൊരു തിരക്കഥ ഉണ്ടാക്കിയെടുക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. പരസ്യമായ വോട്ട് കച്ചവടം നടത്താനും ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്താനുമുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്ന തരത്തില്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.
അഷ്‌റഫ് അഹമ്മദ് : ഇതേ ബിഷപ്പാണ് പിന്നീട് ആര്‍.എസ്.എസിന്റെ വിചാരധാരയെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. ആ പരാമര്‍ശത്തെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?
ഷൈജു ആന്റണി : വിചാരധാരയെ പോലും ന്യായീകരിച്ചുകൊണ്ടുള്ള പാംപ്ലാനി മെത്രാന്റെ പ്രസ്താവനയൊക്കെ ആസൂത്രിതമന്നേ പറയാനൊക്കൂ. ഇതിനെതിരെ അല്‍മായ മുന്നേറ്റം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സമിതി കണ്‍വീനര്‍ ജെമി അഗസ്റ്റിനും, സംഘടന വക്താവ് റിജു കാഞ്ഞൂക്കാരനും പാംപ്ലാനി പിതാവിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് കൊണ്ട് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്.
അടിസ്ഥാനപരമായി ജമാഅത്തെ ഇസ്ലാമിയോടോ, ബിജെപിയോടോ എതിര്‍പ്പോ, വിദ്വേഷമോ ഇല്ലാത്ത ഒരാളാണ് ഞാന്‍. എന്റെ പ്രശ്‌നം എല്ലാ കാലത്തും അവരുടെ പ്രത്യയശാസ്ത്രമാണ്. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം എന്നുപറയുന്നത് വിചാരധാരയാണ്. രാജ്യം ഭരിക്കുന്ന ഏതൊരു പൊളിറ്റിക്കല്‍ പാര്‍ട്ടിയെ പോലെ ബിജെപിയെയും കാണാന്‍ ഞാന്‍ തയ്യാറാണ്.
പക്ഷേ വിചാരധാര അവരുടെ പ്രത്യയശാസ്ത്രമായി നിലനില്‍ക്കുന്ന കാലത്തോളം അവരെ അംഗീകരിക്കാന്‍ ഞാന്‍ ഒരുക്കമല്ല.
വിചാരധാരയെ അംഗീകരിക്കുന്ന കാലത്തോളം അവരെന്ത് പുണ്യ പ്രവര്‍ത്തി ചെയ്താലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇതുവരെ ഏതെങ്കിലും ബി.ജെ.പിയുടെയോ ആര്‍.എസ്.എസിന്റെയോ നേതൃത്വം വിചാരധാരയെ പൂര്‍ണമായും തള്ളിപ്പറഞ്ഞിട്ടുണ്ടോ.
അമ്പതുകളില്‍ എഴുതപ്പെട്ടതാണെന്നൊക്കെ പറഞ്ഞ് ലഘൂകരിക്കാനുള്ള ശ്രമങ്ങളൊക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. അല്ലാതെ വിചാരധാരയില്‍ അവരുടെ ഗുരുജി ഗോള്‍വാള്‍ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും അതിനോട് യോചിക്കുന്നില്ലെന്നും പറയാന്‍ അവര്‍ തയ്യാറായിട്ടുണ്ടോ? ഇന്നത്തെക്കാലത്ത് പ്രസക്തിയില്ലെന്നൊക്കെ പറഞ്ഞ് തടിതപ്പാന്‍ നോക്കിയാല്‍ അന്‍പത് വര്‍ഷം മുമ്പ് അതില്‍ പറഞ്ഞതെല്ലാം നടത്താമെന്നാണോ അവര്‍ കരുതുന്നത്.
അഷ്‌റഫ് അഹമ്മദ് : പാംപ്ലാനി അച്ഛന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭ മെത്രാനും ഇതേ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. വിചാരധാരയില്‍ സഭകള്‍ക്കുള്ളില്‍ തന്നെ ഒരു പുനര്‍വായന നടക്കുന്നതിന്റെ തെളിവാണോ ഇത്?
ഷൈജു ആന്റണി : ഞാന്‍ ആദ്യമേ പറഞ്ഞല്ലോ, ഇതെല്ലാം പ്ലാന്‍ ചെയ്ത ഇലക്ഷന്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമാണ്. സഭ അധ്യക്ഷന്‍മാരുടെ സംഘപരിവാര്‍ അനുകൂല പ്രസ്താവനകള്‍ വന്ന സമയത്ത് തന്നെ താഴെ തട്ടിലുള്ള വിശ്വാസികള്‍ അവരെ തള്ളിക്കളയുകയാണുണ്ടായത്. ഇക്കാര്യം ബി.ജെ.പി നേതൃത്വത്തിനും പുരോഹിതന്മാര്‍ക്കും മനസിലാവുകയും ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസിന്റെ അടിസ്ഥാന മൂല്യം വിചാരധാരയാണെന്ന കാര്യമൊക്കെ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് വ്യക്തമായി അറിയാം.
പക്ഷേ വിചാരധാരയെ തള്ളിപ്പറയാന്‍ ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ സാധിക്കില്ല. പിന്നെ അവര്‍ക്ക് മുന്നിലുള്ളത് അതിനെ ലഘൂകരിക്കുക എന്നതാണ്. അതിനായിട്ടുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ അവര്‍ കണ്ടെത്തി.
അതിലെ ഒരു മാര്‍ഗ്ഗമാണ് പാംപ്ലാനി പിതാവിന്റെയും ഓര്‍ത്തഡോക്‌സ് മെത്രാന്റെയും പ്രസ്താവന. അതിനപ്പുറത്തേക്ക് അവരുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല. വിചാരധാരയുടെ കാലപ്പഴക്കമാണ് പുരോഹിതര്‍ മുന്നോട്ട് വെക്കുന്ന വാദങ്ങള്‍. 50 വര്‍ഷം എന്നത് രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ഒരു ചെറിയ സമയമല്ല.
50 വര്‍ഷത്തെ കണക്കൊക്കെ അവര്‍ പറയുന്നുണ്ട്. എങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍ വിചാരധാരയല്ലാതെ മറ്റൊരു നിയമം ചൂണ്ടിക്കാണിക്കാന്‍ ഉണ്ടോ. അങ്ങനെയൊന്നില്ലല്ലോ?
വിചാരധാരയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ വന്ന മനുസ്മൃതിയുമൊക്കെയാണ് അവര്‍ ഇപ്പോഴും പിന്തുടരുന്നത്. ക്രിസ്ത്യന്‍ വിശ്വാസ ഗ്രന്ഥങ്ങളില്‍ പഴയ നിയമത്തില്‍ ഉണ്ടായിരുന്ന പലകാര്യങ്ങളും എടുത്തു കളഞ്ഞാണ് പുതിയ നിയമമുണ്ടാക്കിയത്. അതുകൊണ്ട് പണ്ട് നിലനിന്നിരുന്ന പല കാര്യങ്ങളെക്കുറിച്ചും ചോദിച്ചാല്‍ ഞങ്ങള്‍ പുതിയ നിയമമാണ് പിന്‍പറ്റുന്നതെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. പക്ഷേ ആര്‍എസ്എസിന്റെ കയ്യില്‍ അങ്ങനെയൊരു പുതിയ നിയമമുണ്ടോ? ഉണ്ടെങ്കില്‍ കാണിക്കട്ടെ.
അഷ്‌റഫ് അഹമ്മദ് : ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ ഗൃഹസമ്പര്‍ക്കം, മോദിയുടെ കത്രീഡല്‍ സന്ദര്‍ശനം, ഈസ്റ്റര്‍ ആശംസ കാര്‍ഡ് വിതരണം ചെയ്ത നടപടി. സംഘപരിവാരത്തിന്റെ ന്യൂനപക്ഷ പ്രീണന തന്ത്രങ്ങള്‍ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു?
ഷൈജു ആന്റണി : ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം, 2000 കൊല്ലമെടുത്തു ഇവര്‍ക്ക് ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ഉണ്ടെന്ന് മനസിലാക്കാനായിട്ട്. ഒരു പരിധിവരെ അത്തരം തിരിച്ചറിവുണ്ടാകുന്നത് നല്ലതാണ്. ഇത്തവണ മാത്രമല്ല ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ക്രിസ്തുമസിനും ഈസ്റ്ററിനുമൊക്കെ ഇവര്‍ പള്ളികള്‍ സന്ദര്‍ശിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
അങ്ങനെയെങ്കിലും അവര്‍ നമ്മുടെ രീതികളൊക്കെയൊന്ന് മനസ്സിലാക്കട്ടെ. പള്ളി സന്ദര്‍ശിക്കുന്നതൊന്നും ഒരു തെറ്റല്ല. പക്ഷെ അത് ഇലക്ഷന് വേണ്ടിയുള്ള ഒരു കാട്ടിക്കൂട്ടല്‍ ആവുന്നിടത്താണ് അപകടമുള്ളത്. ക്രിസ്തുമസിന് മാത്രമല്ല ഇനി റമളാനില്‍ മുസ്‌ലിം പള്ളികളും സന്ദര്‍ശിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ചിലപ്പോള്‍ നോമ്പ് കഴിയുന്ന സമയത്ത് അങ്ങനെയൊരു സംഭവം നടക്കുമോ എന്ന് സംശയമില്ലാതില്ല.
യഥാര്‍ത്ഥത്തില്‍ സംഘപരിവാരം ഇതിന് മുമ്പും നടത്തിയ തന്ത്രമാണിത്. പെരുന്നാള്‍ ദിനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ആശംസ അര്‍പ്പിക്കുമെന്ന തരത്തിലൊക്കെ വാര്‍ത്ത വന്നതാണല്ലോ. അതൊരുതരം ബാലന്‍സിങ്ങാണ്. യഥാര്‍ത്ഥത്തില്‍ മുസ്‌ലിങ്ങളില്‍ തന്നെയുള്ള അഹമ്മദിയ്യരെ ഇവര്‍ ആക്രമിക്കാറില്ല. എന്തു കൊണ്ടായിരിക്കുമത്? നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
ന്യൂനപക്ഷങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനൊക്കെ കൃത്യമായ പ്ലാനിങ് ആര്‍.എസ്.എസിനുണ്ട്. അതിനെക്കുറിച്ച് നമുക്ക് അറിയില്ലെന്നേ ഉള്ളൂ.അവരുടെ അജണ്ട മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത രീതിയില്‍ എങ്ങനെ നടപ്പാക്കണം എന്നവര്‍ക്കറിയാം. ബിജെപി പലസ്ഥലങ്ങളിലും ആവശ്യാനുസരണം ഇത്തരം അജണ്ടകള്‍ നടപ്പിലാക്കിയിട്ടുമുണ്ട്. അതിന്റെ റിസള്‍ട്ടും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.
അഷ്‌റഫ് അഹമ്മദ് : ഈസ്റ്റര്‍ ദിനത്തില്‍ ഫാദര്‍ പാംപ്ലാനി പുറത്തിറക്കിയ ഇടയലേഖനത്തിലും ലൗ ജിഹാദിനെതിരെ സമുദായത്തോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ മുസ് ലിങ്ങള്‍ക്കെതിരെ വിദ്വേശം ജനിപ്പിക്കുന്നതില്‍ ആര്‍.എസ്.എസ് വിജയിച്ചു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
ഷൈജു ആന്റണി : മൈനോരിറ്റി പോപ്പുലേഷന്‍ കൂടുതലുള്ള സ്ഥലത്ത് മൈനോറിറ്റികള്‍ക്കെതിരെ നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ വേരോട്ടം ഉണ്ടാക്കാന്‍ പറ്റും, എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ആര്‍.എസ്.എസിനുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് അവര്‍ക്കിടയിലെ ഐക്യം ഇല്ലാതാക്കുകയാണ്. പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തിരുന്നതും ഇതേ തന്ത്രമായിരുന്നു.
അതിന് വേണ്ടി കേരളത്തിലെ പ്രബലമായ രണ്ട് മത ന്യൂനപക്ഷങ്ങളെ തമ്മില്‍ തല്ലിക്കാനായി അവര്‍ കൊണ്ട് വന്ന പദ്ധതിയായിരുന്നു ലൗ ജിഹാദ് ആരോപണം.
അതില്‍ ഒരു പരിധി വരെ ബി.ജെ.പി വിജയിച്ചിട്ടുമുണ്ട്. ഒരാളെ മറ്റൊരാളുടെ ശത്രുവായി ചിത്രീകരിക്കുന്നതില്‍ വിജയിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് വളരെ വേഗം അവരുടെ മേല്‍ ആധിപത്യം സൃഷ്ടിക്കാന്‍ സാധിക്കും. ഇതുപോലെ ക്രിസ്ത്യാനിയെ ശത്രുവിന്റെ സ്ഥാനത്ത് നിര്‍ത്തിയ പ്രദേശങ്ങളിലെല്ലാം തന്നെ ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ അവിടുത്തെ പാവപ്പെട്ട സാധാരണക്കാരായ ഹൈന്ദവര്‍ തയ്യാറായിട്ടുണ്ട്. അത് അവര്‍ക്ക് എങ്ങനെയാണ് സാധിച്ചത്.
പെരുമ്പാവൂരിനടുത്ത് പുല്ലുവഴി എന്നൊരു പള്ളിയുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 54 കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയുടെ പേരിലുള്ള പള്ളിയാണത്. അവരെ മൃഗീയമായി കൊന്നതാകട്ടെ ഇന്‍ഡോറിലെ തന്നെയുള്ള ഒരു സാധാരണക്കാരനാണ്. സമുന്ദര്‍ സിങ് എന്നാണദ്ദേഹത്തിന്റെ പേര്. അയാള്‍ പിന്നീട് ക്രിസ്തുമതം വിശ്വസിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. ക്രിസ്ത്യാനികള്‍ മതം മാറ്റുന്നവരാണെന്ന് പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് എനിക്ക് അവരോട് വെറുപ്പ് തോന്നിയതെന്നും പ്രതികാര ബുദ്ധിതിയില്‍ ഞാന്‍ ആ സിസ്റ്ററിനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇത് ഒരു സമുന്ദര്‍ സിങ്ങിന്റെ മാത്രം കാര്യമല്ല.
ഈ കഴിഞ്ഞ വിശുദ്ധവാരത്തിലും ഇതേ ഇന്‍ഡോറിലെ 100 കിലോമീറ്റര്‍ അപ്പുറമുള്ള ജാബുവ എന്ന പ്രദേശത്തെ മെത്രാനാണ് മുഴുവന്‍ പള്ളികള്‍ക്കും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്തെഴുതിയത്. ആളുകളുടെ മനോഭാവത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, പകരം വര്‍ഗീയ ധ്രുവീകരണം വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വെറുപ്പ് നിറക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അവിടെയൊക്കെ ക്രിസ്ത്യനികള്‍ പുറത്തിറങ്ങിയാല്‍ അവര്‍ മതം മാറ്റാന്‍ വന്നതാണെന്ന തരത്തില്‍ ആളുകള്‍ക്കിടയില്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. അവിടെയൊന്നും. 0.1% പോലും ക്രിസ്ത്യാനിയുടെ എണ്ണം കൂടിയിട്ടില്ല.
യഥാര്‍ത്ഥത്തില്‍ മതപരിവര്‍ത്തന ആരോപണത്തെ സാധൂകരിക്കുന്ന ഒരു കണക്കും ആര്‍.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ കയ്യില്‍ ഇല്ല എന്നതാണ് സത്യം.
ലൗ ജിഹാദ് പോലെയുള്ള കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു. ലൗ ജിഹാദ് മുസ്‌ലിം കമ്മ്യൂണിറ്റിക്ക് നേരെയായിരുന്നെങ്കില്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്ക് നേരെ ഘര്‍വാപ്പസി അല്ലെങ്കില്‍ മതപരിവര്‍ത്തനമെന്ന ആയുധമാണ് അവര്‍ പ്രയോഗിക്കുന്നത്.
എല്ലാത്തിന്റെയും ഫലം ഈ രണ്ട് സമുദായവും ഒരുപോലെ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ വളരെ വ്യക്തവും ആസൂത്രിതവുമാണ്. അന്ന് ലൗ ജിഹാദിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ അനുഭവിച്ചത് ഇന്ന് മത പരിവര്‍ത്തനത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.
content highlights : Interview with Shaiju Antony, Spokesperson of Alamaya Munnetam, about Christian religious leaders taking a pro-Sangh Parivar stance