| Thursday, 4th May 2023, 11:02 pm

വീഡിയോ: ഒറ്റ ഓവറില്‍ 46 റണ്‍സ്; ഐ.പി.എല്ലിനിടയ്ക്ക് ഇങ്ങനേം ഒന്ന് സംഭവിച്ചോ? ആ മലയാളി അടക്കമുള്ളവര്‍ക്ക് ഇനി ആശ്വസിക്കാം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ഓവറില്‍ സാധാരണ ഗതിയില്‍ നേടാന്‍ സാധിക്കുന്നത് 36 റണ്‍സാണ്. ഓവറിലെ എല്ലാ പന്തും സിക്‌സറിന് പറത്തിയാണ് ഈ നേട്ടം ബാറ്റര്‍മാര്‍ ആഘോഷിക്കാറുള്ളത്.

ഏകദിനത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ ഒരു ഓവറില്‍ ആറ് സിക്‌സര്‍ പിറന്നത്. 2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പ്രോട്ടീസ് ലെജന്‍ഡ് ഹെര്‍ഷല്‍ ഗിബ്‌സും 2021ല്‍ പപ്പുവാ ന്യൂഗിനിയക്കെതിരെ യു.എസ്.എയുടെ ജാസ്‌കരണ്‍ മല്‍ഹോത്രയുമാണ് ഒറ്റ ഓവറില്‍ 36 റണ്‍സ് നേടിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 35 റണ്‍സാണ് ഒരു ഓവറില്‍ വഴങ്ങേണ്ടി വന്ന ഏറ്റവും വലിയ റണ്‍സ്. 2022ല്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ജസ്പ്രീത് ബുംറയാണ് ഈ നേട്ടം കൈവരിച്ചത്.

ടി-20യിലും രണ്ട് തവണ ആറ് സിക്‌സറുകള്‍ ഒറ്റ ഓവറില്‍ തന്നെ പിറന്നിട്ടുണ്ട്. 2007 ടി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിങ്ങും 2021ല്‍ ശ്രീലങ്കക്കെതിരെ കെയ്‌റോണ്‍ പൊള്ളാര്‍ഡുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ടി-20യിലെ ഏറ്റവും എക്‌സ്‌പെന്‍സീവ് ഓവറുകള്‍ ഇതൊന്നുമായിരുന്നില്ല. കൗണ്ടിയില്‍ ഒരു ഓവറില്‍ 38 റണ്‍സ് വഴങ്ങിയ ജെയിംസ് ഫുള്ളറിന്റെ പേരിലാണ് ഈ മോശം റെക്കോഡ്. ഒരു ഓവറില്‍ 37 റണ്‍സ് വഴങ്ങിയ ആര്‍.സി.ബിയുടെ ഹര്‍ഷല്‍ പട്ടേലും കൊച്ചി ടസ്‌കേഴ്‌സിന്റെ പ്രശാന്ത് പരമേശ്വരനും മോശം റെക്കോഡിനൊപ്പം തന്നെയുണ്ട്.

എന്നാല്‍ ഈ റെക്കോഡുകളെയെല്ലാം കടത്തിവെട്ടുന്ന മറ്റൊരു പ്രകടനം കഴിഞ്ഞ ദിവസം പിറവിയെടുത്തിരുന്നു. കെ.സി.സി ഫ്രണ്ട്‌സ് മൊബൈല്‍ ടി-20 ചാമ്പ്യന്‍സ് ട്രോഫിയുടെ 2023 എഡിഷനിലായിരുന്നു സംഭവം നടന്നത്.

എന്‍.സി.എം ഇന്‍വെസ്റ്റ്‌മെന്റും ടാലി ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. എന്‍.സി.എമ്മിന്റെ ഹര്‍മന്‍ ഒരു ഓവറില്‍ 46 റണ്‍സെടുത്താണ് പുതിയ റെക്കോഡിട്ടത്.

ടാലി സി.സിയുടെ വസു എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ നോ ബോള്‍ ആയിരുന്നു, അത് സിക്‌സറിന് പറത്തിക്കൊണ്ടാണ് ഹര്‍മന്‍ തുടങ്ങിയത്. രണ്ടാം പന്തില്‍ ബൈയിലൂടെ നാല് റണ്‍സ് പിറന്നു.

തുടര്‍ന്നുള്ള അഞ്ച് പന്തിലും സിക്‌സര്‍ പിറന്നു, അതിലൊന്നാകട്ടെ നോ ബോളും. അവസാന പന്തില്‍ ബൗണ്ടറിയടിച്ചാണ് ഹര്‍മന്‍ ഓവര്‍ അവസാനിപ്പിച്ചത്.

Content highlight: 46 runs from an over, new record in T20

We use cookies to give you the best possible experience. Learn more