| Tuesday, 28th June 2022, 9:12 am

ടെക്‌സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ അന്റോണിയോ: അമേരിക്കയിലെ ടെക്‌സസില്‍ 46 കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ സാന്‍ അന്റോണിയോ നഗരത്തിന് സമീപം കൂറ്റന്‍ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അമേരിക്കയിലേക്കെത്താനുള്ള ശ്രമത്തിനിടെ ട്രക്കിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രാദേശികസമയം വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ട്രക്കിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ ഡോറുകള്‍ തുറന്നനിലയിലാണ്. ഇത് കണ്ട ദൃക്‌സാക്ഷികളിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആരോഗ്യനില വഷളായ 16 പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.

മനുഷ്യക്കടത്തിന്റെ ഭാഗമായി മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്കെത്തിയ അനധികൃത കുടിയേറ്റക്കാരാണ് മരിച്ചത്. ഇവരെ എങ്ങോട്ട് കൊണ്ടുപോകാനായിരുന്നു നീക്കം എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസമായി കടുത്ത ചൂടാണ് ടെക്‌സസിലുള്ളത്. അതുകൊണ്ട് ട്രക്കിനുള്ളിലുണ്ടായിരുന്നവര്‍ ചൂട് കാരണം ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ട്രക്കിനകത്ത് ഏകദേശം 115 ഡിഗ്രി ഫാരന്‍ഹീറ്റ് (46 ഡിഗ്രി സെല്‍ഷ്യസ്) ചൂടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രക്കില്‍ എയര്‍കണ്ടീഷനിങ്ങോ വെള്ളമോ ഉണ്ടായിരുന്നില്ല.

മരിച്ചവര്‍ ഏതൊക്കെ രാജ്യത്തെ പൗരന്മാരാണ് എന്നത് സംബന്ധിച്ച വിവരം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ട്രക്കിന്റെ ഡ്രൈവര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റങ്ങള്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് സംഭവം. യു.എസ് മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിനെ തടയാന്‍ അറസ്റ്റ് അടക്കമുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ച് വരികയായിരുന്നു.

യു.എസിലെ മനുഷ്യക്കടത്ത് സംഘങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ ട്രക്കുകളിലും കാര്‍ഗോ വാഹനങ്ങളിലും കടത്താറുണ്ട്. യു.എസ് ബോര്‍ഡര്‍ പട്രോള്‍ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഹൈവേ ചെക്ക്‌പോയിന്റുകള്‍ കടക്കുന്നതിന് വേണ്ടിയാണിത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യു.എസില്‍ മനുഷ്യക്കടത്ത് സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Content Highlight: 46 migrants found dead inside a truck in Texas in America

We use cookies to give you the best possible experience. Learn more