ഖാര്‍ത്തൂം: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് 46 പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഓംദുര്‍മാനിയയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം വഗദി സെയ്ദ്‌ന വിമാനാത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. റഷ്യന്‍ നിര്‍മിത വിമാനമാണ് തകര്‍ന്നുവീണത്.
സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കമുള്ളവരുടെ ജീവന്‍ പൊലിഞ്ഞ അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സാങ്കേതിക തകരാറിയിരിക്കാം അപകടത്തിന് കാരണമെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
വിമാനാപകടത്തില്‍ പരിക്കേറ്റ കുട്ടികളടക്കമുള്ളവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഖാര്‍ത്തൂമിലെ ഒരു മുതിര്‍ന്ന സൈനിക കമാന്ററും ഉള്‍പ്പെട്ടിട്ടുള്ളതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനം തകര്‍ന്നുവീണത് വലിയ സ്‌ഫോടനത്തിന് ഇടയാക്കിയതായും ജനവാസമേഖലയിലാണെന്നും നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടാക്കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: 46 killed in military plane crash in Sudan; Ten people are in critical condition