പനാജി: നാല്‍പത്തിയഞ്ചാമത് ഐ.എഫ്.എഫ്.ഐക്ക് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സിനിമയിലെ യുഗതാരങ്ങളായ അമിതാഭ് ബച്ചന്‍, രജനികാന്ത് എന്നിവര്‍ മേളക്ക് തിരിതെളിയിക്കും. ഇറാനിയന്‍ ചലചിത്രകാരന്‍ മൊഹ്‌സിന്‍ മഖ്മല്‍ബഫ് സംവിധാനം ചെയ്ത “ദി പ്രസിഡന്റ്” ആണ് ഉദ്ഘാടന ചിത്രം. ഇത്തവണ മേളയുടെ ഫോക്കസ് ചൈനീസ് ചിത്രങ്ങളാണ്.
75 രാജ്യങ്ങളില്‍ നിന്നായി 179 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ എത്തുന്നത്. മേളയില്‍ വിവിധ വിഭാഗങ്ങളായായിരിക്കും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ലോകസിനിമ, മാസ്റ്റര്‍ സ്‌ട്രോക്കസ്, ഫെസ്റ്റിവല്‍ കലൈഡൊ സ്‌കോപ്പ്, സോള്‍ ഓഫ് ഏഷ്യ, ഡോക്യുമെന്ററി, ആനിമേറ്റഡ് ഫിലിംസ്, എന്നിവ കൂടാതെ 41 ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഇന്ത്യന്‍ പനോരമ എന്നിവയാണ് മേളയിലെ പ്രദര്‍ശന വിഭാഗങ്ങള്‍
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഏഴ് ചിത്രങ്ങളാണ് ഉള്ളത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപസ്, രഞ്ജിതിന്റെ ഞാന്‍, ഛായഗ്രഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983, ഷാജി എന്‍.കരുണിന്റെ സ്വാപാനം, അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം, ജിത്തു ജോസഫിന്റെ ദൃശ്യം എന്നിവയാണ് തിരഞ്ഞെടുക്കപെട്ട ചിത്രങ്ങള്‍.