ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ അറസ്റ്റിനുള്ള നടപടികള്‍ തുടങ്ങി സി.ബി.ഐയും. ചൊവ്വാഴ്ച കെജ്‌രിവാളിനെ സി.ബി.ഐ തിഹാർ ജയിലിലെത്തി ചോദ്യം ചെയ്തു.
കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ സി.ബി.ഐയുടെ ഇടപെടല്‍. ഇന്ന് റിമാന്‍ഡ് അപ്ലിക്കേഷന്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും. കെജ്‌രിവാളിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലേക്കാണ് സി.ബി.ഐ കടക്കുന്നത്.
സി.ബി.എയെ ഉപയോഗിച്ച് കെജ്‌രിവാളിനെ ജയിലില്‍ തന്നെ ഇടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.
കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചൊവ്വാഴ്ചയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ഇ.ഡിയുടെ മുഴുവന്‍ വാദങ്ങളും കേട്ടിട്ടല്ല വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. പി.എം.എല്‍.എ വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ വിചാരണ കോടതി പാലിച്ചോയെന്ന് സംശയമുള്ളതായും ഹൈക്കോടതി വിധിയില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജാമ്യ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കോടതി ഉത്തരവ് അസാധരാണമാണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ താത്കാലികമായി ഇടപെടുന്നില്ലെന്നും അന്തിമ വിധി വന്നതിന് ശേഷം ഇടപെടാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ദല്‍ഹിയിലെ റൗസ് അവന്യൂ കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിയില്‍ കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി പറഞ്ഞിരുന്നു. കെജ്‌രിവാളിനോട് ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നതായും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.
Content Highlight: Arvind Kejriwal questioned by CBI