| Wednesday, 20th October 2021, 10:16 am

വര്‍ഗീയ കലാപം; ബംഗ്ലാദേശില്‍ 450 പേരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ 450 പേരെ അറസ്റ്റ് ചെയ്തു. ദുര്‍ഗാ പൂജയുടെ ഭാഗമായി നടന്ന ആഘോഷങ്ങളോടനുബന്ധിച്ച് തുടങ്ങിയ ആക്രമണങ്ങളില്‍ ആറോളം ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി ബംഗ്ലാദേശി മാധ്യമമായ ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആക്രമണത്തില്‍ 8 പേര്‍കൊല്ലപ്പെട്ടതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. 70ഓളം പരാതികളാണ് കലാപത്തെ തുടര്‍ന്ന് ലഭിച്ചത്.

ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

വിവിധ ഹിന്ദു സംഘടനകളും വിദ്യാര്‍ഥി സംഘടനകളും മറ്റ് സംഘങ്ങളുമാണ് രാജ്യ തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം ശക്തമാക്കിയത്. അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബംഗ്ലാദേശില്‍ ഹിന്ദുമതവിഭാഗത്തിനെതിരെ നടന്നു വരുന്ന ആക്രമണങ്ങളെ യു. എസ് അപലപിച്ചു. മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നു, ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്കും തങ്ങളുടെ വിശ്വാസവും ആചാരവും ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശമുണ്ടെന്നും യു. എസ് വക്താവ് വ്യക്തമാക്കി.

കലാപത്തിന് ആഹ്വാനം നല്‍കിയവര്‍ക്കെതിരെയും, കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, ക്ഷേത്രങ്ങള്‍ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന ആഭ്യന്തര മന്ത്രിയായ അസദുസ്സമാന്‍ ഖാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും ആക്രമണം നടത്തിവര്‍ക്കെതിരെ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രതികരിച്ചിരുന്നു.

ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: 450 people arrested in communal riot in Dhaka

We use cookies to give you the best possible experience. Learn more