| Sunday, 12th May 2019, 5:06 pm

എന്‍റെ ഇമേജ് ദല്‍ഹിയിലെ വരേണ്യ വര്‍ഗ്ഗം സൃഷ്ടിച്ചെടുത്തതല്ല, 45 വര്‍ഷത്തെ തപസ്യ കൊണ്ട് നേടിയതാണ്; നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താന്‍ ഇന്നനുഭവിക്കുന്ന പ്രതിച്ഛായ 45 വര്‍ഷത്തെ പരിശ്രമം കൊണ്ട് ഉണ്ടാക്കിയെടുത്തതാണെന്നും, അതില്ലാതാക്കാന്‍ പറ്റില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമ മോദി. തന്റെ പ്രതിച്ഛായ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കെറ്റിലെ സംഘം(ദല്‍ഹിയിലെ വരേണ്യ വര്‍ഗ്ഗം) സൃഷ്ടിച്ചതല്ലെന്നും, അങ്ങനെ സൃഷ്ടിച്ചെടുത്ത മി.ക്ലീന്‍ പ്രതിച്ഛായ ഉള്ള ഒരു മുന്‍ പ്രധാനമന്ത്രിയുണ്ടായിരുന്നെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം.

‘മോദിയുടെ ഇമേജ് ഖാന്‍ മാര്‍ക്കറ്റ് ഗ്യാങ് ഉണ്ടാക്കിയെടുത്തതല്ല. 45 വര്‍ഷത്തെ തപസ്യ കൊണ്ട് നേടിയതാണത്. അത് നല്ലതായിക്കോട്ടെ ചീത്തയായിക്കോട്ടെ, അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. എന്നാല്‍ ഖാന്‍ മാര്‍ക്കെറ്റിലെ സംഘം ഒരു മുന്‍ പ്രധാനമന്ത്രിക്ക് വ്യക്തി പ്രഭാവം സൃഷ്ടിച്ചു കൊടുത്തിരുന്നു. മിസ്റ്റര്‍ ക്ലീന്‍, മിസ്റ്റര്‍ ക്ലീന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഇമേജിന്റെ ഇന്നത്തെ അവസ്ഥ എന്താണ്’- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഏറെ സമയം ചെലവഴിക്കുന്ന ആളാണ് താനെന്നും എന്നാല്‍ അവര്‍ ഒരിക്കലും അത് പരസ്യമായി സമ്മതിച്ചു തരില്ലെന്നും മോദി പറയുന്നു. ‘പാര്‍ലമെന്ററി ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടി ഭേദമന്യേ 40-45 എം.പിമാരുമായി സമ്പര്‍ക്കം പുലര്‍ത്താറുണ്ട്. ജനാധിപത്യത്തില്‍ ഇത് പ്രധാനമാണ്’- മോദി പറയുന്നു.

കോണ്‍ഗ്രസിന്റെ മതേതരത്വം കപടമാണെന്നും മോദി പറഞ്ഞു. മുസ്‌ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം മാത്രമായിരുന്നു കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മുസ്ലീങ്ങളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും മോദി പറയുന്നു.

രാജ്യത്ത് മുസ്‌ലിംങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുതിന്റെ കാരണം എന്തെന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് അവരെ വോട്ടു രാഷ്ട്രീയത്തിനായി മാത്രം ഉപയോഗിച്ച്, മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ തടഞ്ഞു വച്ചതിനാലാണെന്നുമായിരുന്നു മോദിയുടെ മറുപടി. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ്.എന്തു കൊണ്ട് ഒരു മുസല്‍മാന്‍ ആ പദവി നല്‍കിക്കൂടാ? എന്നും മോദി ചോദിച്ചു.

താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തോ, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച കാലയളവിലോ ന്യൂനപക്ഷങ്ങളോട് താന്‍ വിവേചനം കാണിച്ചിട്ടില്ലെന്നും മോദി അവകാശപ്പെട്ടു.

We use cookies to give you the best possible experience. Learn more