2011 മുതല്‍ സൈന്യത്തില്‍ 449 പേര്‍ ആത്മഹത്യ ചെയ്തു: മനോഹര്‍ പരീക്കര്‍
Daily News
2011 മുതല്‍ സൈന്യത്തില്‍ 449 പേര്‍ ആത്മഹത്യ ചെയ്തു: മനോഹര്‍ പരീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th November 2014, 9:11 pm

sol
ന്യൂദല്‍ഹി: 2011 മുതല്‍ രാജ്യത്തെ സൈനികര്‍ക്കിടയില്‍ 449ഓളം പേര്‍ ആത്മഹത്യ ചെയ്തതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാര്‍ലമെന്റിന് മുന്‍പാകെ എഴുതി തയാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടര്‍ച്ചയായുള്ള വിന്യാസം,  സാമ്പത്തികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍, സൈനികര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം തുടങ്ങിയവയെല്ലാമാണ് ആത്മഹത്യക്കുള്ള കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.

2011 മുതല്‍ സായുധ സൈന്യത്തിലാണ് ആത്മഹത്യകള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപെട്ടിട്ടുള്ളത്. ഇതില്‍ 362 പേര്‍ ആത്മഹത്യ ചെയ്തതായും പത്തോളം സംഭവങ്ങളില്‍ സൈനികര്‍ സഹ പ്രവര്‍ത്തകരെ കൊലപെടുത്തിയതായും കണക്കുകള്‍ പറയുന്നു.

ഇതേ കാലയളവില്‍ തന്നെ വ്യോമസേനയില്‍ 76 സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സഹ പ്രവര്‍ത്തകരെ വക വരുത്തിയ സംഭവം ഒന്നുമാത്രമാണ് വ്യോമസേനയില്‍ ഉണ്ടായിട്ടുള്ളത്. അതേ സമയം നാവിക സേനയിലാണ് ഏറ്റവും കുറവ് ആത്മഹത്യ രേഖപെടുത്തിയിട്ടുള്ളത്. 11 പേരാണ് നേവിയില്‍ സ്വയം ജീവിതം ഒടുക്കിയത്.

സൈന്യത്തില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി തൊഴില്‍ മേഖലയിലേതടക്കം ജീവിത സാഹചര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യം ഒരുക്കുക, ലീവ് നല്‍കുന്നതിലെ കാര്‍ക്കശ്യം ഒഴിവാക്കുക, കൗണ്‍സിലിംങ്, യോഗ തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.