മൊസാദിന് വേണ്ടി ഫലസ്തീനികളുടെ വിവരങ്ങള്‍ ചോര്‍ത്തി; തുര്‍ക്കിയില്‍ 44 പേരെ കസ്റ്റഡിയിലെടുത്തു
World News
മൊസാദിന് വേണ്ടി ഫലസ്തീനികളുടെ വിവരങ്ങള്‍ ചോര്‍ത്തി; തുര്‍ക്കിയില്‍ 44 പേരെ കസ്റ്റഡിയിലെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2022, 11:18 am

ഇസ്താംബൂള്‍: ഇസ്രഈലി ചാര സംഘടനയായ മൊസാദിന് വേണ്ടി ഫലസ്തീനികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവരെന്ന് സംശയിക്കപ്പെടുന്ന 44 പേരെ തുര്‍ക്കിയില്‍ അറസ്റ്റ് ചെയ്തു. തുര്‍ക്കി ഇന്റലിജന്‍സ് പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതെന്നാണ് ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

തുര്‍ക്കിയില്‍ താമസിക്കുന്ന ഫലസ്തീന്‍ പൗരന്മാരുടെ വിവരങ്ങളാണ് ഇത്തരത്തില്‍ മൊസാദിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കിയത്.

കസ്റ്റഡിയിലെടുത്തവര്‍ സ്വകാര്യ കണ്‍സള്‍ട്ടന്റുമാരായി ജോലി ചെയ്ത് വരികയായിരുന്നുവെന്നും എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഫലസ്തീന്‍കളെയും ഫലസ്തീന്‍ ഗ്രൂപ്പുകളെയും എന്‍.ജി.ഒകളെയും നിരീക്ഷിക്കുക എന്നതായിരുന്നുവെന്നും തുര്‍ക്കി ദിനപത്രമായ സബ (Sabah) റിപ്പോര്‍ട്ട് ചെയ്തു.

ടാര്‍ഗറ്റ് ചെയ്ത ഫലസ്തീനികളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ഇവരുടെ വ്യക്തിഗത വിവരങ്ങളും ഡാറ്റയും ഇസ്രഈല്‍ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് കൈമാറുകയും ചെയ്തതിന് ഇവര്‍ക്ക് മൊസാദ് പാരിതോഷികം നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കേസില്‍ സംശയിക്കപ്പെടുന്ന ഏഴുപേരെ ഇസ്താംബുള്‍ കോടതി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 13 പേര്‍ ഒളിവിലാണെന്നും ബാക്കിയുള്ളവരെ ഇസ്താംബുള്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം ചോദ്യം ചെയ്തു വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, വര്‍ഷങ്ങളായി നിലനിന്ന് പോന്നിരുന്ന വിള്ളലുകള്‍ക്ക് ശേഷം തുര്‍ക്കിയും ഇസ്രഈലും തങ്ങളുടെ നയതന്ത്രബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ ഈ വര്‍ഷമാദ്യം തീരുമാനിച്ചിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ ഇസ്രഈലിന്റെ ഇടക്കാല പ്രധാനമന്ത്രി യായ്ര്‍ ലാപിഡുമായി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 2008ന് ശേഷം തുര്‍ക്കി പ്രസിഡന്റ് ഇസ്രഈല്‍ പ്രധാനമന്ത്രിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്.

Content Highlight: 44 people detained in Turkey suspected of spying on Palestinians for Israel’s Mossad