43 ാമത് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
Movie Day
43 ാമത് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th November 2012, 12:37 pm

ഗോവ: 43 ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് ഗോവയില്‍ തിരിതെളിഞ്ഞു. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചടങ്ങ് ഉദ്ഘടനം ചെയ്തത്. ഇന്ത്യന്‍ സിനിമയ്ക്ക് നൂറാം വയസ്സ് തികയുന്നതിന്റെ ആഘോഷപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.[]

ഇന്ത്യന്‍ സിനിമാ നൂറ് വര്‍ഷം തികയ്ക്കുന്ന വേളയില്‍ ബ്ലാക് ആന്റ് വൈറ്റ് കാലം മുതലുള്ള തിരഞ്ഞെടുക്കപ്പെട്ട 27 ചിത്രങ്ങളും 36 ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.

ബോളിവുഡ് ഗായകന്‍ കൈലാഷ് ഖേറിന്റെ നേതൃത്വത്തിലുള്ള സംഗീതപരിപാടിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പതിനൊന്ന് ദിവസം നീളുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നും ഏതാണ്ട് 200 ലേറെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് ആങ് ലീയുടെ “ലൈഫ് ഓഫ് പൈ”ആണ് ഉദ്ഘാടന ചിത്രം. ബോളിവുഡ് താരങ്ങളായ തബു, ഇര്‍ഫാന്‍ ഖാന്‍, സൂരജ് ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏഷ്യയിലെ ആദ്യപ്രദര്‍ശനമാണ് ഗോവയില്‍ നടക്കുന്നത്.

പാക്കിസ്ഥാനി എഴുത്തുകാരനായ മുഹ്‌സിന്‍ ഹമീദിന്റെ  “റിലക്ടന്റ് ഫണ്ടമെന്റലിസ്റ്റ്” എന്ന പുസ്തകത്തെ ആസ്പദമാക്കി അതേപേരില്‍ മീരാ നായര്‍ സംവിധാനം ചെയ്ത ചിത്രത്തോടെ മേള സമാപിക്കും.

15 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. ലോക സിനിമാ വിഭാഗത്തില്‍ 52 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോകസ്, ഇന്ത്യന്‍ പനോരമ, ഇന്ത്യന്‍ റെട്രോസ്‌പെക്ടീവ്, ട്രിബ്യൂട്ട്, എന്നീ വിഭാഗങ്ങളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഏതാണ്ട് 12,000 ഡെലിഗേറ്റുകളെയാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ 47 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ആസാം ചിത്രമായ “ബാന്ദൂന്‍” എന്ന ചിത്രത്തോടെയാണ് പ്രീമിയര്‍ വിഭാഗം ആരംഭിക്കുന്നത്. ജാനു ബറുവയാണ് ചിത്രം സംവിധാനം ചെയ്തത്.