രാജ്യത്തെ അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യ; മൂന്ന് വര്‍ഷത്തിനിടെ 436 പേര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്
national news
രാജ്യത്തെ അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യ; മൂന്ന് വര്‍ഷത്തിനിടെ 436 പേര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th March 2023, 5:36 pm

ന്യൂദല്‍ഹി: രാജ്യത്തെ അര്‍ധസൈനിക വിഭാഗത്തിലെ 436 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സെന്‍ട്രല്‍ ആര്‍മ്ഡ് പൊലീസ് ഫോഴ്‌സ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്, അസാം റൈഫിള്‍സ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിലെ 154 ഉദ്യോഗസ്ഥരാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 111 പേരും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 63 പേരുമാണ് സ്വയം ജീവനൊടുക്കിയത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി നിത്യാനന്ദ റായ് ലോക്‌സഭയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഉദ്യോഗസ്ഥര്‍ക്കിടയിലെ ആത്മഹത്യാ പ്രവണതകള്‍ പ്രതിരോധിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനായി ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ട്രാന്‍സ്ഫറിനും ലീവിനുമുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക, ട്രൂപ്പുകളിലെ സൈനികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൈനികാംഗങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുക എന്നതുള്‍പ്പെടെ ആത്മഹത്യാ പ്രവണതയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സെന്‍ട്രല്‍ ആര്‍മ്ഡ് പൊലീസ് ഫോഴ്‌സില്‍ 84,866 ഒഴിവുകളുണ്ടെന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ട മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Conent Hilights: 436 paramilitary personnel committed suicide in three years