കര്‍ണാടകയില്‍ നബിദിന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ കേസ്, 43 പേര്‍ അറസ്റ്റില്‍; മതവിദ്വേഷം അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ
national news
കര്‍ണാടകയില്‍ നബിദിന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ കേസ്, 43 പേര്‍ അറസ്റ്റില്‍; മതവിദ്വേഷം അനുവദിക്കില്ലെന്ന് സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 7:26 pm

ബെംഗളൂരു: കര്‍ണാടകയില്‍ നബിദിന ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ 43 പേര്‍ അറസ്റ്റില്‍. കേസില്‍ ഉള്‍പ്പെട്ട ബാക്കിയുള്ളവരെ തിങ്കളാഴ്ചയോടെ പിടികൂടാനാകുമെന്ന് പൊലീസ് പറഞ്ഞു.

ഇത്തരം സംഭവങ്ങളെ സംസ്ഥാന സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശിവമോഗ ജില്ലയിലില്‍ തിങ്കളാഴ്ച ജില്ലാഭരണകൂടം 144 പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി ഉറപ്പുവരുത്തി.

‘ശിവമോഗയില്‍ സമാധാനം നിലനിര്‍ത്താനുള്ള സാധ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളും. മതവിദ്വേഷം പടര്‍ത്തുന്നവരെ വെറുതെ വിടില്ല. കര്‍ശന നിലപാടുകള്‍ സ്വീകരിക്കും. ഒരു മതപരിപാടിയിലേക്കും കല്ലെറിയുന്നത് ശരിയല്ല.

അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളും. ഒരു മതകീയ യാത്ര നടക്കുമ്പോള്‍ അതിനെതിരെ കല്ലെറിയുന്നത് നിയമത്തിനെതിരാണ്. ശിവമോഗ ഇപ്പോള്‍ പൂര്‍ണമായും സാധാരണനിലയിലെത്തിയിട്ടുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം പൊലീസ് ചെയ്തിട്ടുണ്ട്,’ സിദ്ധരാമയ്യ പറഞ്ഞു.

ശിവമോഗയിലെ രാഗി ഗുഡ്ഡയില്‍ കഴിഞ്ഞ ദിവസമാണ് നബിദിന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായത്. ഇതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനുനേരെയും ആക്രമണമുണ്ടായിയിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

Content Highlight: 43 people arrested in Karnataka for stone pelting on Prophet’s day procession