രൂപ്ഗംഞ്ച്: ബംഗ്ലാദേശില്‍ ഭക്ഷ്യവസ്തു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. 43 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ യൂണിറ്റിലെ തീ ഇപ്പോഴും അണക്കാനായിട്ടില്ല.
നിരവധി രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ സ്ഥലത്തെത്തി ചേര്‍ന്നിട്ടുണ്ട്. തീ ചെറിയ തോതില്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം ഉള്ളില്‍ അകപ്പെട്ടവരെ പുറത്തെത്തിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ അടുത്തുള്ള രൂപ്ഗംഞ്ചിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് കെട്ടിടത്തിന് തീപിടിക്കാന്‍ തുടങ്ങിയത്.
24 മണിക്കൂര്‍ പിന്നിട്ട ശേഷവും തീ പൂര്‍ണ്ണമായും അണക്കാനാകാത്തത് അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
തീപിടിത്തമുണ്ടായപ്പോള്‍ രക്ഷപ്പെടാനായി നിരവധി പേര്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നും താഴേക്ക് ചാടിയിരുന്നു. ഇതില്‍ മുപ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.