മുസാഫര്‍പുര്‍: ബീഹാറിലെ മുസാഫര്‍പുരില്‍ ഒരുമാസത്തിനിടെ 43 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. എ.ഇ.എസ് (അക്യൂട്ട് എന്‍സിഫാലിറ്റിക്‌സ് സിന്‍ഡ്രോം) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്.
എ.ഇ.എസ് ആണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞുപൊകുന്ന ഹൈപ്പൊഗ്ലൈസീമിയ ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഹൈപ്പൊഗ്ലൈസീമിയ വരുന്നതിന് എ.ഇ.എസ് ഒരു കാരണമാണ്.
കേന്ദ്രത്തിന്റെ ഏഴംഗ സംഘം ആശുപത്രികളിലെത്തി പരിശോധന നടത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇത്രയധികം കുട്ടികള്‍ മരിച്ച വിഷയത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിഷയം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു.
ജനുവരി മുതല്‍ രണ്ട് ആശുപത്രികളിലായി 172 കുട്ടികളെ എ.ഇ.എസ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്തിരുന്നു. ഇതില്‍ 157 കുട്ടികളെയും ജൂണിലാണ് അഡ്മിറ്റ് ചെയ്തത്. 43 കുട്ടികളുടെയും മരണം ജൂണിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ജൂണില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 106 കുട്ടികളില്‍ 36 പേര്‍ മരിച്ചു. കെദ്രിവാള്‍ മാത്രി സദന്‍ ആശുപത്രിയില്‍ 55 എഇഎസ് രോഗികളില്‍ ഏഴുപേരും മരിച്ചു. ഇതും ജൂണില്‍ത്തന്നെയാണ് സംഭവിച്ചത്. നിലവില്‍ രണ്ട് ആശുപത്രികളിലുമായി 13 കുട്ടികള്‍ ഗുരുതരാവസ്ഥയിലുമാണ്.
ഹൈപ്പൊഗ്ലൈസീമിയ ബാധിച്ച കുട്ടികളെ എ.ഇ.എസ് എന്ന് രേഖപ്പെടുത്തിയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്ന് ആശുപത്രിയിലെ നേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ഹൈപ്പൊഗ്ലൈസീമിയ ആണ് എന്ന് പറയരുതെന്ന് ആശുപത്രികള്‍ക്ക് നിര്‍ദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളുടെ മരണ കാരണം എ.ഇ.എസ് അല്ലെന്നും രക്തത്തില്‍ ഗ്ലൂക്കോസ് ക്രമാതീതമായി കുറയുന്ന ഹൈപ്പൊഗ്ലൈസീമിയ ആണെന്നും എസ്.കെ.എം.എച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും പറയുന്നു.
കുട്ടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന സര്‍ക്കാരിന്റെ പദ്ധതിയിലെ പാകപ്പിഴവും വീഴ്ചയുമാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നും ഇത് മറച്ചു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്.