| Saturday, 1st April 2023, 2:55 pm

'ശമ്പളരഹിത സേവനം 41ാം ദിവസം'; പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി; ജീവനക്കാരിക്കെതിരെ നടപടിയുമായി കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 41ാമത്തെ ദിവസം പോലും ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച ജീവനക്കാരിയെ സ്ഥലം മാറ്റി കെ.എസ്.ആര്‍.ടി.സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായര്‍. ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജനുവരി 11ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് അഖിലയെ പാലാ യൂണിറ്റിലേക്ക് മാറ്റികൊണ്ട് കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയത്.

അഖില ചട്ടങ്ങള്‍ ലംഘിച്ചതിനാലാണ് സ്ഥലം മാറ്റം എന്ന് ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുടെ കാര്യാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

‘ 11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30ന് കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില.എസ്.നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനുമെതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുന്നതിന് ഇടവരികയും ചെയ്ത ടി പ്രവൃത്തിയിലൂടെ ടിയാന്‍ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു.

മേല്‍ക്കാരണങ്ങളാല്‍ വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ ശ്രീമതി അഖില. എസ്. നായരിനെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റികൊണ്ട് ഉത്തരവാകുന്നു,’ ഉത്തരവില്‍ പറയുന്നു.

ഈ ചിത്രം അന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം അടക്കമുള്ളവര്‍ രംഗത്തെത്തി.

‘കെ.എസ്.ആര്‍.ടി.സി എന്നത് പൊലീസിനേയോ പട്ടാളത്തെയോ പോലെ കര്‍ശനമായ അച്ചടക്ക വ്യവസ്ഥകളുള്ള ഒരു യൂണിഫോംഡ് ഫോഴ്‌സൊന്നുമല്ല, സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ നിയമപരമായിത്തന്നെ അനുവദിച്ചു നല്‍കപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമാണ്.

അവിടെ ചെയ്ത ജോലിക്ക് ഒന്നര മാസമായിട്ടും ശമ്പളം കിട്ടാതിരിക്കുമ്പോള്‍ പ്രതികരിക്കുന്നത് ഇത്ര വലിയ പാതകമൊന്നുമല്ല,’ അദ്ദേഹം പറഞ്ഞു.


content highlight: ’41st day of unpaid service’; The protest discredited the government; KSRTC took action against the employee

We use cookies to give you the best possible experience. Learn more