412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; കേരളത്തില്‍ 11 കേന്ദ്രങ്ങള്‍ പൂട്ടും
Doordarshan
412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; കേരളത്തില്‍ 11 കേന്ദ്രങ്ങള്‍ പൂട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th September 2021, 3:23 pm

തിരുവനന്തപുരം: രാജ്യത്തെ 412 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നുഘട്ടങ്ങളിലായാണ് പൂട്ടുന്നത്.

കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടുന്നവയില്‍ ഉള്‍പ്പെടും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക.

കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകള്‍ക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാര്‍ച്ച് 31-നും പൂട്ടും.

പൂട്ടുന്നവയില്‍ മൂന്നെണ്ണം ഹൈപവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ കേന്ദ്രങ്ങളുമാണ്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണം പറഞ്ഞാണ് ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പൂട്ടുന്നത്. അനലോഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിലേ സ്റ്റേഷനുകള്‍ക്കൊപ്പം ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുന്ന 109 കേന്ദ്രങ്ങളും പൂട്ടുന്നതില്‍ ഉള്‍പ്പെടും.

ജമ്മു കശ്മീര്‍, ലഡാക്ക്, സിക്കിം, ആന്റമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള 54 കേന്ദ്രങ്ങള്‍ തത്കാലം നിലനിര്‍ത്തും. വടക്കുകിഴക്കന്‍ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാര്‍ച്ച് 31 വരെ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കും.

സി-കാറ്റഗറിയില്‍പ്പെടുന്ന 109 റിലേ സ്റ്റേഷനുകള്‍ 2021 ഡിസംബര്‍ 31-ന് സംപ്രേഷണം നിര്‍ത്തും. ബാക്കി 152 സ്റ്റേഷനുകള്‍ ഒക്ടോബര്‍ 31-നകം പ്രവര്‍ത്തനം നിര്‍ത്തും.

ഇവിടങ്ങളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ ഉത്തരവിറങ്ങി.

നിലവിലെ ജീവനക്കാരില്‍ 90 ശതമാനവും 2025-ല്‍ വിരമിക്കുന്നവരാണ്. റിലേ സ്റ്റേഷനുകള്‍ പൂട്ടുന്നതോടെ കേന്ദ്രസര്‍ക്കാരിന് വര്‍ഷം 2500 കോടിയിലധികം രൂപയെങ്കിലും ലാഭിക്കാനാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 412 Doordarshan Rile Centers Colsed Prasar Bharati