| Monday, 8th July 2019, 7:35 pm

ലോകകപ്പിലെ 41 സ്വവര്‍ഗപ്രണയികളും ഡൊണാള്‍ഡ് ട്രംപും

ഹരിമോഹന്‍

യു.എസ് നാലാംതവണയും വനിതാ ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തില്‍ ചുംബിച്ചുകഴിഞ്ഞു. ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയപ്പോഴൊക്കെ യു.എസ് പ്രസിഡന്റ് ടീമംഗങ്ങള്‍ക്ക് വിരുന്ന് നല്‍കിയിരുന്നു. ഇത്തവണയും അതുണ്ടായേക്കും. എന്നാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന വിരുന്നില്‍ യു.എസ് ടീം പങ്കെടുക്കില്ലെന്ന് കോ-ക്യാപ്റ്റന്‍ മേഗന്‍ റാപിനോയിയും സഹതാരം ആഷ്‌ലിന്‍ ഹാരിസും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ‘We are not going to the fucking White House’ എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മേഗന്റെ മറുപടി. ഫൈനലിനുശേഷവും അവര്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈ നിലപാടെടുക്കാന്‍ കാരണമിതാണ്. ഭരണത്തിലേറിയതു മുതല്‍ ട്രംപ് വെച്ചുപുലര്‍ത്തുന്നത് എല്‍.ജി.ബി.ടി.ഐ.ക്യു വിരുദ്ധ നയങ്ങളാണ്. നിലപാടെടുത്ത മേഗനും ആഷ്‌ലിനും സ്വവര്‍ഗാനുരാഗികളാണ്. അവര്‍ മാത്രമല്ല. തങ്ങള്‍ സ്വവര്‍ഗപ്രണയികളാണ് അല്ലെങ്കില്‍ ബൈസെക്ഷ്വല്‍ (എല്ലാ ലിംഗത്തിലും പെട്ടവരോട് പ്രണയമുള്ളവര്‍) ആണ് എന്നു ലോകത്തോടു വിളിച്ചുപറഞ്ഞ 41 പേരാണ് ഇത്തവണത്തെ വനിതാ ലോകകപ്പില്‍ കളിച്ച 24 ടീമുകളിലുമായുള്ളത്. യു.എസ് ടീം അംഗങ്ങളായ അലി ക്രീഗറും ആഷ്‌ലിന്‍ ഹാരിസുമാകട്ടെ, പരസ്പരം പ്രണയത്തിലാണ്. അവരുടെ പരിശീലക ജിലിയന്‍ എലിസും താന്‍ സ്വവര്‍ഗപ്രണയിയാണെന്ന കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞു.

കുറച്ചുകാലം പിന്നിലോട്ട് ഒന്നു പോകേണ്ടിയിരിക്കുന്നു. 1991-ലാണ് അസ്ലി പിറ്റര്‍ എന്ന അമേച്വര്‍ ഫുട്‌ബോളര്‍ ഒരു ഗേ പബ്ലിക്കേഷനില്‍ പരസ്യം നല്‍കിയത്. ഫുട്‌ബോള്‍ അറിയുന്ന സ്വവര്‍ഗപ്രണയികളായ പുരുഷന്മാര്‍ക്കായി ഒരു ഫുട്‌ബോള്‍ ക്ലബ്ബ് ആരംഭിക്കാന്‍ താത്പര്യമുണ്ട് എന്ന്. അടുത്തദിവസം മുതല്‍ മറുപടികള്‍ ലഭിച്ചു. അതിന്റെ ഫലമായി പിറന്നത് ബ്രിട്ടന്റെ ആദ്യ സ്വവര്‍ഗപ്രണയികളുടെ ഫുട്‌ബോള്‍ ടീമാണ്. സ്റ്റോണ്‍വാള്‍ എഫ്.സി. 2001-02-ല്‍ തങ്ങളുടെ ആദ്യാവസരത്തില്‍ത്തന്നെ അവര്‍ മിഡില്‍സെക്‌സ് കൗണ്ടി ഫുട്‌ബോള്‍ ലീഗ് സീനിയര്‍ ഡിവിഷനില്‍ കപ്പെടുത്തു. മൂന്നുവട്ടം ഡിവിഷന്‍ വണ്‍ ചാമ്പ്യന്മാരായി. മിഡില്‍സെക്‌സ് ഫെഡറേഷന്‍ ലീഗ് കപ്പ് നേടി.

മേഗന്‍ റാപിനോയ്‌

ഒരു സങ്കുചിത സമൂഹത്തില്‍ നിന്നുകൊണ്ടാണ് 1991-ല്‍ അസ്ലി പിറ്റര്‍ സ്റ്റോണ്‍വാളിന്റെ ചരിത്രരൂപീകരണത്തിലെത്തിയത്. ഇന്നുപക്ഷേ അത്രയും സങ്കുചിതമല്ല കാര്യങ്ങളൊന്നും. സ്വന്തം സെക്ഷ്വാലിറ്റി പൊതുസമൂഹത്തോട് വിളിച്ചുപറയാന്‍ 28 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ അനായാസമായി സാധിക്കും, വെല്ലുവിളികളുണ്ടെങ്കിലും. പക്ഷേ സ്റ്റോണ്‍വാള്‍ ഫുട്‌ബോള്‍ ക്ലബ്ബും ഇന്നത്തെ പുരുഷ ടീമുകളും തമ്മില്‍ അന്തരം ഏറെയുണ്ട്. പുരുഷടീമായ സ്റ്റോണ്‍വാള്‍ മുന്നോട്ടുവെച്ച നിലപാടിനെ ഏറ്റെടുത്തത് വനിതകളാണ്.

വനിതാ ലോകകപ്പ് കളിച്ച ടീമംഗങ്ങള്‍ മാത്രമല്ല, 2014-ല്‍ ചെല്‍സി വനിതാ ഫുട്‌ബോള്‍ ടീം മാനേജരും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളറുമായ കാസി സ്റ്റോണി താനോരു സ്വവര്‍ഗപ്രണയിയാണെന്നു ലോകത്തെ അറിയിച്ചിരുന്നു. അവരിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീം പരിശീലകയാണ്.

യു.എസിന്റെ കോളിന്‍ മാര്‍ട്ടിന്‍, സ്വീഡന്റെ ആന്റണ്‍ ഹൈസണ്‍, ഓസ്‌ട്രേലിയയുടെ ആന്‍ഡി ബ്രണ്ണന്‍ എന്നിവര്‍ മാത്രമാണ് തങ്ങളുടെ സെക്ഷ്വാലിറ്റി തുറന്നുപറഞ്ഞ നിലവില്‍ കളിക്കളത്തിലുള്ള പുരുഷ ഫുട്‌ബോള്‍ ടീമംഗങ്ങള്‍.

അലി ക്രീഗര്‍, ആഷ്‌ലിന്‍ ഹാരിസ്‌

പുരുഷന്മാരില്‍ വിരലിലെണ്ണാവുന്ന അത്രയും ആളുകളിലേക്ക് ഇതു ചുരുങ്ങുമ്പോള്‍, വനിതകള്‍ക്കിടയില്‍ ഫുട്‌ബോളില്‍ നിന്ന് ക്രിക്കറ്റിലേക്കും ടെന്നീസിലേക്കും ഒക്കെ ഇതു വ്യാപിച്ചുകഴിഞ്ഞു. നിലപാടുകളെടുക്കുന്നതില്‍ അവര്‍ ഏറെദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു.

അടുത്തിടെ ബെല്‍ജിയം ടെന്നീസ് താരങ്ങളായ അലിസണ്‍ വാന്‍ യറ്റ്വാങ്ക്, ഗ്രീറ്റ് മിന്നന്‍ എന്നിവര്‍ വിംബിള്‍ഡണില്‍ ഡബിള്‍സ് കളിച്ചു. അതിലൊരു പ്രത്യേകതയുണ്ട്. അവര്‍ സ്വവര്‍ഗപ്രണയികളാണ്. വിംബിള്‍ഡണ്‍ കളിക്കുക മാത്രമായിരുന്നില്ല അവര്‍. കൂടുതല്‍ സ്വവര്‍ഗപ്രണയികളെ അവര്‍ ഡബിള്‍സ് കളിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

2006-ല്‍ തന്റെ കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് ഗ്രാന്‍ഡ്സ്ലാം ജേതാവ് അമേലി മൗറിസ്‌മോ തന്റെ സ്വവര്‍ഗാനുരാഗം തുറന്നുപറയുന്നത്. 2014-ല്‍ യു.എസ് ഓപ്പണ്‍ നടക്കവെയാണ് മുന്‍ ടെന്നീസ് താരം മാര്‍ട്ടിന നവരത്തിലോവ തന്റെ പ്രണയം കാമുകിയെ അറിയിക്കുന്നത്. അതും കാണികള്‍ക്കിടയില്‍ നിന്നുകൊണ്ട്. കോടിക്കണക്കിനാളുകള്‍ ടി.വിയില്‍ ആ കാഴ്ച കണ്ടു.

ഹെയ്‌ലി ജെന്‍സണ്‍,നിക്കോളാ ഹാന്‍കോക്ക്‌

മൂന്നുമാസങ്ങള്‍ക്കു മുന്‍പാണ് ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമംഗം ഹെയ്‌ലി ജെന്‍സണും ഓസീസ് വനിതാ ടീമംഗം നിക്കോളാ ഹാന്‍കോക്കും വിവാഹിതരായത്. കരിയറിന്റെ ഏറ്റവും മികച്ച കാലത്തുകൂടി കടന്നുപോകുമ്പോഴാണ് ഇരുവരും തങ്ങളുടെ പ്രണയം തുറന്നുപറയുന്നതും വിവാഹിതരാകുന്നതും. .

ഇനി മറുവശത്ത് പുരുഷഗെയിമുകളിലേക്കൊന്നു നോക്കാം. 2018-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പ് കളിച്ച ടീമുകളില്‍ ഈ തുറന്നുപറച്ചില്‍ നടത്തിയ ഒരാള്‍ പോലുമില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സമാനമാണ് അവസ്ഥ. ഇവരാരും സ്വവര്‍ഗപ്രണയികളല്ലെന്നോ ബൈസെക്ഷ്വലല്ലെന്നോ അല്ല അതിനര്‍ഥം.

സ്റ്റോണ്‍വാള്‍ എഫ്.സിയുടെ മാനേജര്‍ എറിക് നജീബ് ഇതേക്കുറിച്ച് പറഞ്ഞത് പുരുഷടീമുകളില്‍ ഇപ്പോഴും വംശീയത നിലനില്‍ക്കുന്നുണ്ട് എന്നാണ്. ശരിയാണ്. ഇന്നും, അത് ഫുട്‌ബോളോ ക്രിക്കറ്റോ ടെന്നീസോ ഏത് ഗെയിമുമാവട്ടെ, പുരുഷടീമുകളില്‍ എല്ലാക്കാലത്തും റേസിസവും സെക്‌സിസവും ഹോമോഫോബിയയും വാഴുന്നുണ്ട്. പുരുഷഗെയിമുകളുടെ മാത്രം സ്ഥിരം കാണികള്‍ക്കും ഇതു ബാധിച്ചിട്ടുണ്ട്. ഇന്നും പരമ്പരാഗത രീതികളും അന്ധവിശ്വാസങ്ങളും മാത്രമാണ് പുരുഷഗെയിമുകളെ മുന്നോട്ടുനയിക്കുന്നത്. ഡ്രസ്സിങ് റൂമുകളിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ഇതിഹാസതാരങ്ങള്‍ വരെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജൂലിയ ലെമിഗോവ, മാര്‍ട്ടിന നവരത്തിലോവ

അതാണ് മേഗനെപ്പോലുള്ള താരങ്ങള്‍ വനിതാ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഇത്ര ആരാധിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും. ഒരുപരിധിവരെ വൈവിധ്യങ്ങളുള്ളതും തുറന്നുപറച്ചിലുകളുള്ളതുമായ മേഖലയാണ് വനിതാ ഗെയിമുകള്‍. ഈ തുറന്നുപറച്ചിലുകളെ അതേ അര്‍ഥത്തില്‍ അംഗീകരിക്കുന്ന പുരോഗമനപരമായ നിലപാടുള്ളവരാണ് അവരുടെ ആരാധകര്‍. ഒരിക്കല്‍ മേഗന്‍ പറഞ്ഞതിങ്ങനെയാണ്- ‘ഞാന്‍ എന്താണോ അതിനെ ആളുകള്‍ ബഹുമാനിക്കണം. സ്വവര്‍ഗപ്രണയി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അത്‌ലറ്റ് എന്ന നിലയിലും.’

ഫുട്‌ബോള്‍, ക്രിക്കറ്റ്, ടെന്നീസ്, ഏതു കായികയിനവും പരിശീലിപ്പിക്കുന്ന അക്കാദമികളില്‍ എക്കാലത്തും ഹെട്ടറോനോര്‍മറ്റീവായ ഒരു അന്തരീക്ഷത്തിലാണ് കളിക്കാരെ വാര്‍ത്തെടുക്കുന്നത്. പ്രശസ്തിക്കും ഗെയിമിനും വേണ്ടി അവര്‍ തങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും നിലപാടുകളും മറച്ചുവെയ്ക്കുന്നു. ഒരുപക്ഷേ പുരുഷ ഗെയിമുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയും ഓഡിറ്റിങ്ങും കവറേജുമാകാം അതിനുകാരണം. പക്ഷേ തങ്ങളുടെ സെക്ഷ്വാലിറ്റി മറച്ചുവെയ്ക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ നിലനില്‍ക്കാന്‍ വനിതകള്‍ക്കു കഴിയുന്നതില്‍ ഒരു പങ്ക് വഹിക്കുന്നത് വൈവിധ്യങ്ങള്‍ നിറഞ്ഞ, ചങ്ങലയിട്ട് നിലപാടുകള്‍ ബന്ധിക്കാത്ത അക്കാദമികള്‍ കൂടിയാണ്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയശേഷം മേഗന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ഗോ ഗേയ്‌സ്.. ടീമില്‍ ഗേയ്‌സില്ലാതെ നിങ്ങള്‍ക്ക് ഒരു ചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ കഴിയില്ല. അതു മുന്‍പു സംഭവിച്ചിട്ടുമില്ല. അതു ശാസ്ത്രമാണ്.’ ഫ്രാന്‍സിലെ പ്രൈഡ് ദിനത്തിനു മുന്‍പായിരുന്നു ഈ ട്വീറ്റെന്നു കൂടി അറിയുക.

NB: ഈ വാര്‍ത്തയ്‌ക്കൊപ്പമുള്ള ഫോട്ടോയില്‍ കാണുന്നത് ലോകകപ്പ് വിജയത്തിനുശേഷം മേഗന്‍ ഫൈനല്‍ മത്സരം കാണാനെത്തിയ തന്റെ പങ്കാളിയായ ബാസ്‌കറ്റ്‌ബോള്‍ താരം സ്യൂ ബേര്‍ഡിനെ ചുംബിക്കുന്നതാണ്.

സ്യൂ ബേര്‍ഡ്, മേഗന്‍ റാപിനോയ്‌

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more