തെഹ്‌റാന്‍: ഇസ്‌ലാമിക വിപ്ലവത്തിന്റെ 40-ാം വാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി ഇറാന്‍. തിങ്കളാഴ്ച പത്തുലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
1970 ലാണ് രാജ്യത്ത് ഇസ്‌ലാമിക വിപ്ലവം നടക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് കീഴിലേക്ക് മാറി. അമേരിക്ക ഉയര്‍ത്തിയ രാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളെ മറികടന്നാണ് രാജ്യത്ത് ഇസ്‌ലാമിക വിപ്ലവം നടന്നത്.
രാജ്യത്തിന്റെ ഭാവിയെ മാറ്റിയെഴുതിയ വിപ്ലവത്തിന്റെ ഓര്‍മ പുതുക്കല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 11 ന് സംഘടിപ്പിക്കാറുണ്ട്. ഇസ്‌ലാമിക വിപ്ലവമെന്നതിലുപരി അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ജയം കൂടിയായിട്ടാണ് ഇറാനികള്‍ 1979 വിപ്ലവത്തെ സ്മരിക്കുന്നതെന്ന് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ അഹ്മദ് നസീം വിലയിരുത്തുന്നു.
ഷാഹ് മുഹമ്മദ് റെസ് പഹ്‌ലവിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കിയാണ് ഇറാന്‍ പരമോന്നതാ നേതാവായ ആയത്തുല്ല റുഹല്ല ഖുമൈനിയുടെ നേതൃത്തില്‍ അട്ടിമറി വിപ്ലവം നടന്നത്.
പ്രാദേശികമായി 10 ദിവസത്തിന് ശേഷമുള്ള ഉദയമെന്നും വിപ്ലവത്തെ വിളിക്കുന്നുണ്ട്. 2500 വര്‍ഷം നീണ്ടുനിന്ന പേര്‍ഷ്യന്‍ ഭരണത്തിന്റെ അന്ത്യം കൂടിയായിരുന്നു 1979ലെ ഇസ്‌ലാമിക വിപ്ലവം.
തെഹ്‌റാനിലെ പ്രശസ്ഥമായ ആസാദി ചത്വരത്തിലാണ് ഓര്‍മപുതുക്കലിനായി രാജ്യം ഒത്തുചേരുന്നത്. ഷാഹ് ഭരണത്തിനിടെ അമേരിക്ക നിര്‍മിച്ച ചത്വരമാണ് ആസാദി . പിന്നീട് ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തിന് ശേഷം പേര് മാറ്റുകയായിരുന്നു.
രാജ്യത്ത് ഇത്തവണ അതീവ സുരക്ഷയാണ് റാലിക്ക് മുന്നോടിയായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മിലിറ്ററി മാര്‍ച്ചിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ 29 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതിനാല്‍ പഴുതടച്ച സുരക്ഷയാണ് റൂഹാനി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
1979ലെ വിപ്ലവം രാജ്യത്തെ ഒരുമിപ്പിച്ചു. ഷാഹ് ഭരണകൂടത്തില്‍ തകര്‍ന്ന സാമ്പത്തികാവസ്ഥയും ദാരിദ്രവും ജനങ്ങളെ മാറി ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ 40 കൊല്ലം കഴിയുമ്പോള്‍ സ്ഥിതിഗതികള്‍ വ്യത്യസ്ഥമാണ്.
രാജ്യത്ത് പുരോഗനാത്മക വിപ്ലവങ്ങളും മാറ്റങ്ങളും നടക്കുന്നുണ്ട്. പക്ഷെ കര്‍ശനമായ നിയമങ്ങള്‍ രാജ്യ പുരോഗതിക്ക് തിരിച്ചടിയാകുന്നതായും വിലയിരുത്തലുകളുണ്ട്. അതുകൊണ്ട് തന്നെ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. കൂടുതല്‍ സ്വാതന്ത്രം, തുറന്ന എക്കോണമി, ഇതാണ് ഇപ്പോള്‍ ഇറാനിലെ ബഹുഭൂരിപക്ഷം ആവശ്യപ്പെടുന്നത്.
സാമ്പത്തിക വിപ്ലവം മാത്രമല്ല ഇറാനികള് ആവശ്യപ്പെടുന്നത് . ഇറാനിലെ സ്ത്രീകള് രണ്ടാം തര പൌരന്മാരായിട്ടാണ് പരിഗണിക്കുന്നത്. ഇത് സ്ത്രീകള് നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇതിനെതിരേയും ശബ്ദങ്ങള് ഉയരുന്നുണ്ട്.
ഈയടുത്താണ് പുരുഷന്മാരുടെ ഫുട്ബോള് മത്സരം കാണാന് സ്ത്രീകള്ക്ക് അനുമതി ലഭിച്ചത്. സ്ത്രീകള് അവരുടെ അവകാശങ്ങള്ക്കായും സ്വാതന്ത്രത്തിനായും പോരാടുന്നതിന് കൂടിയാണ് നാല്പതാണ്ട് സാക്ഷിയാകുന്നത്
2015ലെ അമേരിക്കയുമായി ഉണ്ടായ ആണവ ഉടമ്പടിയാണ് ഹസന്‍ റൂഹാനിക്ക് അധികാരത്തിലെത്താന്‍ വീണ്ടും അവസരം നല്‍കിയത്. ഇറാന്റെ രാഷ്ട്രീയ ജയമായും അതിനെ വിലയിരുത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് കരാര്‍ പിന്‍വലിച്ചത് റൂഹാനിക്ക് ആഭ്യന്തരമായി ക്ഷീണമാണ് ഉണ്ടാക്കിയത്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയുള്ള ആശ്വാസമാണ്. റൂഹാനിക്ക് കീഴില്‍ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്ക ഉയര്‍ത്തുന്ന രാജ്യാന്തര വെല്ലുവിളികളെ മറികടക്കാനായില്ലെങ്കില്‍ റൂഹാനിക്ക് ക്ഷീണമാകുമെന്നാണ് അല്‍ ജസീറയുടെ വിലയിരുത്തല്‍.
ഇറാനുമേല്‍ ശക്തമായ സമ്മര്‍ദമാണ് അമേരിക്ക ചെലുത്തുന്നത്. ഇറാനിയന്‍ കറന്‍സിയുടെ ഇടിവും വിലക്കയറ്റവും ഇറാനികളുടെ ജിവിതം ദുസ്സഹമാക്കിയെന്ന് അമേരിക്ക പറയുന്നു. രാജ്യം സാമ്പത്തിക മേഖലയില്‍ പിന്തുടരുന്ന നിയമങ്ങള്‍ കര്‍ശനമായതിനാല്‍ സാമ്പത്തിക പുരോഗതി മന്ദഗതിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇറാനിലെ മധ്യവര്‍ഗം സമരത്തിലുമാണ്.
നിലവില്‍ യൂറോപ്പ് ഇറാനുമായി സഹകരിക്കാന്‍ തയ്യാറാണ്. ഡോളറിലല്ലാതെ ഇറാനിയന്‍ കറന്‍സിയില്‍ ഇടപാടുകള്‍ നടത്തായന്‍ തയ്യാറാണെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം യൂറോപ്പും യു.എന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നത് ഇറാനെ വീണ്ടും സമ്മര്‍ദത്തിലാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കകാരെപ്പോലെ യൂറോപ്യരേയും വിശ്വസിക്കരുതെന്ന പരമോന്നത നേതാവായ ആയത്തുല്ല അലി ഖുമൈനിയുടെ പ്രസ്ഥാവന രാജ്യാന്തരമായി ഇറാന് സുഖകരമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്റെ ഏറ്റവും വലിയ കരുത്ത് അമേരിക്കന്‍ വിരുദ്ധത തന്നെയാണ് 1979 ലെ വിപ്ലവം തൊട്ട് ഇറാനിന്റെ തെരുവില്‍ ഉയരുന്നത് അമേരിക്കയ്ക്ക് മുമ്പില്‍ തല കുനിക്കില്ലെന്നാണ്. നിലവില്‍ തുര്‍ക്കി. റഷ്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ പിന്തുണ ഇറാന് ലഭിക്കുന്നുണ്ട്. അതേസമയം ഇറാനിലെ മധ്യവര്‍ഗം ആഗ്രഹിക്കുന്ന സുദൃഡമാണ് യൂറോപ്യന്‍ ബന്ധത്തില്‍ എത്രത്തോളം ജയിക്കുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
ഇറാനെതിരെ അമേരിക്ക പോളണ്ടില്‍ ഉച്ചകോടിക്ക് നടത്താനിരിക്കെയാണ് ഇറാന്‍ 40-ാം വാര്‍ഷികം ആഘോഷിക്കുന്നത്. സൗദി അറേബ്യയും ഇസ്രയേലും കൈകോര്‍ക്കുന്ന ഉച്ചരോടിയുടെ തലക്കെട്ട് മധ്യേഷ്യയില്‍ സമാധാനത്തിന്റെ ഭാവിയെന്നതാണ്. ഇറാനെതിരെ അമേരിക്ക തന്ത്രങ്ങള്‍ ശക്തമാക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോടൊപ്പം ഇറാന്‍ ഇത്തരം വെല്ലുവിളികളേയും മറികടക്കേണ്ടതുണ്ട്.
മേഖലയില്‍ ഇറാനെ സമ്മര്‍ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. മധ്യേഷ്യയില്‍ അമേരിക്കയ്ക്ക് എതിരെ നില്‍ക്കുന്നതില്‍ പ്രധാനി ഇറാനാണ്. അഹ്മദി നജാദിന്റെ കാലത്തും ഇറാന്‍ അമേരിക്കയ്ക്ക് ബാലികേറാമലയാണ്. അതുകൊണ്ട് ആണവായുധ നിര്‍മാണത്തിന്റെ പേരില്‍ രാജ്യത്തെ പ്രതിരോധത്തിലാക്കുകയെന്ന ഉദ്ദേശമാണ് വാഷിങ്ടണിലുള്ളത്.
അതേസമയം രാജ്യത്തിനകത്ത് ഉയരുന്ന എതിര്‍ ശബ്ദങ്ങളും തള്ളികളയാനാകില്ല. സാമ്പത്തിക വിപ്ലമാണ് ഇറാനികള്‍ ആവശ്യപ്പെടുന്ന പ്രധാന ആവശ്യം. സാധാരണക്കാരും ഉദ്യോഗാര്‍ഥികളും രാജ്യത്ത് അസ്വസ്ഥരാണ്. അത് പരിഹരിക്കേണ്ടതും അത്യാവശ്യമാണ്. ഇതുകൂടി പരിഹരിച്ചാല്‍ മാത്രമാണ് 40-ാം വാര്‍ഷികത്തിന് പൂര്‍ണാര്‍ത്ഥം ലഭിക്കുകയുള്ളുവെന്ന നിലപാടാണ് ടെലഗ്രാഫ് പുറത്തിറക്കിയ ഇസ്‌ലാമിക വിപ്ലവത്തിന്റെ നാല്‍പതാണ്ട് എന്ന ലേഖനത്തില്‍ പറയുന്നത്.