| Tuesday, 13th June 2017, 1:20 pm

പാല്‍ക്ഷാമം നേരിടാനായി 4,000 പശുക്കള്‍ വിദേശത്ത് നിന്ന് വിമാനമാര്‍ഗം ഖത്തറിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഗള്‍ഫ് രാഷ്ട്രങ്ങളുടെ നയതന്ത്ര ഉപരോധത്തെ മറികടക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് ഖത്തര്‍. അതിനിടെയാണ് പാല്‍ക്ഷാമം നേരിടാനായി ഖത്തറിലെ ഒരു ബിസിനസ് പ്രമുഖന്‍ വ്യത്യസ്തമായ മാര്‍ഗവുമായി രംഗത്തെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി 4,000 പശുക്കളെ വിമാനമാര്‍ഗം ഖത്തറില്‍ എത്തിക്കാനാണ് ഇദ്ദേഹത്തിന്റെ പദ്ധതി.

സൗദി അറേബ്യയില്‍ നിന്നാണ് ഖത്തറിലേക്ക് പാല്‍ എത്തിയിരുന്നത്. ഉപരോധത്തെ തുടര്‍ന്ന് സൗദിയില്‍ നിന്നുള്ള പാല്‍ വരവ് നിലച്ചു. ഇതിനെ സ്വന്തം നിലയ്ക്ക് പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബിസിനസുകാരന്റെ നീക്കം.


Also Read: ‘ശൃംഗേരി മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം വേദിയില്‍ നിന്നുംമാറ്റി കടകംപള്ളി സുരേന്ദ്രന്‍; എടുത്തുമാറ്റിയത് തനിക്കുവേണ്ടിയുള്ളതാണെന്നു കരുതിയെന്ന് മന്ത്രി


ഖത്തര്‍ ആസ്ഥാനമായ പവര്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ മുതാസ് അല്‍ ഖയ്യാത്താണ് വേറിട്ട പ്രതിരോധം തീര്‍ക്കാന്‍ തീരുമാനിച്ചത്. ഖത്തര്‍ എയര്‍വെയ്‌സിന്റെ 60 വിമാനങ്ങളാണ് ഇതിനായി ഇദ്ദേഹം ചാര്‍ട്ട് ചെയ്യാനൊരുങ്ങുന്നത്.

വിമാനമാര്‍ഗം പശുക്കളെ ഇറക്കുമതി ചെയ്ത സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം പശുക്കളെ ഇറക്കുമതി ചെയ്യുന്ന സംഭവം ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഖത്തറിനായി എന്തെങ്കിലും ചെയ്യേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഒരു വിദേശമാധ്യമത്തോട് പ്രതികരിച്ചു.


Don”t Miss: ഞാന്‍ മരിച്ചിട്ടില്ല; കള്ളവോട്ടിന് ‘തെളിവായി’ കെ. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കുഞ്ഞി കോടതി സമന്‍സ് കൈപ്പറ്റി


വടക്കന്‍ ദോഹയില്‍ വിശാലമായ സ്ഥലത്ത് പുല്‍കൃഷി നടത്തിയാണ് ഈ പശുക്കളെ വളര്‍ത്തുക. ഏകദേശം 70 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള ഭൂമിയാണ് പശു വളര്‍ത്തലിനായി ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ തന്നെ തദ്ദേശീയമായ പാല്‍ ഖത്തറിലെ വിപണിയിലെത്തുമെന്നാണ് അറിയുന്നത്.

നിലവില്‍ തുര്‍ക്കിയില്‍ നിന്നുള്ള പാലും പാലുല്‍പ്പന്നങ്ങളും ഖത്തര്‍ വിപണിയിലുണ്ട്. ഇവയോടാണ് പുതുതായി വിപണിയിലെത്തുന്ന “സ്വദേശി” പാലുല്‍പ്പന്നങ്ങള്‍ മത്സരിക്കുക. രാജ്യസ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ വരുന്ന ബ്രാന്‍ഡായതിനാല്‍ ഇത് വിപണിയിലെ പ്രിയ ബ്രാന്‍ഡാകുമെന്നാണ് വിലയിരുത്തല്‍.

Latest Stories

We use cookies to give you the best possible experience. Learn more