ശ്രീനഗര്‍: ജമ്മു കശ്മീര്‍ താഴ്‌വര വലിയ തോതില്‍ തടവറകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. ഇതുവരെ 400ഓളം രാഷ്ട്രീയക്കാരും മൗലികവാദികളും സഹായികളും അറസ്റ്റിലായിട്ടുണ്ട്.
ഹോട്ടലുകള്‍, അതിഥി മന്ദിരങ്ങള്‍, സ്വകാര്യ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ജയിലുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇവിടങ്ങളിലാണ് അറസ്റ്റു ചെയ്തവരെ താമസിപ്പിച്ചിരിക്കുന്നത്.
ഹോട്ടലുകള്‍, ഹരി നിവാസ്, ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്, സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കുള്ള പ്രോട്ടോകോള്‍ കെട്ടിടങ്ങള്‍, സ്വകാര്യ കെട്ടിടങ്ങള്‍, ക്വാട്ടേഴ്‌സുകള്‍, മറ്റ് അതിഥി മന്ദിരങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനുബന്ധ ജയിലുകളാക്കി മാറ്റുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ ഹരി നിവാസിലെ വ്യത്യസത കോട്ടേജുകളില്‍ തടവിലിട്ടിരിക്കുകയാണ്.
താന്‍ തടവിലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം ലോക്‌സഭയില്‍ എതിര്‍ത്തിരുന്നു. ഫാറൂഖ് അബ്ദുല്ല സ്വതന്ത്രനാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ജമ്മു, കശ്മീര്‍, ലഡാക് മേഖലകള്‍ ശാന്തമാണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. സംസ്ഥാനത്ത് എവിടേയും പ്രശ്‌ന സാഹചര്യം ഇല്ലെന്ന് പൊലീസ് മേധാവി ദില്‍ബാഗ് സിങ് ശ്രീനഗറില്‍ പറഞ്ഞു.
അട്ടിമറി ശ്രമങ്ങള്‍ ഉണ്ടാവാന്‍ അവസരം നല്‍കാത്തവിധം സുരക്ഷ ഉറപ്പുവരുത്താനായി സേനയുടെ കോര്‍ ഗ്രൂപ് യോഗം ചേര്‍ന്നതായി സേന വൃത്തങ്ങള്‍ അറിയിച്ചു.
ഉത്തര കമാന്‍ഡ് മേധാവി ലെഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത സൈനിക, പൊലീസ്, അര്‍ധസൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചതായും സേന അറിയിച്ചു.
അതേസമയം, സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമാണ് താഴ്‌വരയില്‍ നിന്ന് പുറത്തുവരുന്നത്. വാര്‍ത്തവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും തടസ്സപ്പെടുത്തിയതിനാല്‍ മറ്റു ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാത്ത അവസ്ഥയാണ്.
‘എന്നാണോ വാതിലുകള്‍ തുറന്ന് കിട്ടുക. അപ്പോള്‍ ഞങ്ങളുടെ ജനങ്ങള്‍ പുറത്തിറങ്ങും. ഞങ്ങള്‍ പോരാടും. ഞങ്ങള്‍ കോടതിയില്‍ പോകും. ഞങ്ങള്‍ തോക്കേന്തുന്നവരല്ല. ഞങ്ങള്‍ ഗ്രനേഡ് കൊണ്ട് നടക്കുന്നവരല്ല. കല്ലെറിയുന്നവരല്ല. ഞങ്ങള്‍ സമാധാനപരമായി പ്രശ്നങ്ങളെ പരിഹരിക്കാം എന്നതില്‍ വിശ്വസിക്കുന്നവരാണെന്നും’ ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു.
‘അവര്‍ക്ക് ഞങ്ങളെ കൊല്ലണം. ഞങ്ങള്‍ തയ്യാറാണ്. ആര്‍ട്ടിക്കിള്‍ 370നു വേണ്ടി വെടിയുണ്ടയേല്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്കറിയില്ല എന്റെ മകന്‍ എവിടെയാണെന്ന്, വെടിവെക്കൂ, എന്റെ പുറകിലല്ല വെടിവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.